ഒമാനില്‍ നാശം വിതച്ച് മെകുനു: സലാല വിമാനത്താവളം അടച്ചു
ഒമാന്‍റെ തെക്കൻ തീരദേശമേഖലയിൽ ആഞ്ഞടിച്ച മെകുനു ചുഴലിക്കാറ്റിൽ രണ്ട് ഇന്ത്യക്കാരുൾപ്പെടെ എട്ടു പേർ മരിച്ചതായി സൂചന. മരിച്ചവരിൽ ഒരാൾ പന്ത്രണ്ടുവയസുകാരിയായ ഒമാനി ബാലികയാണ്. ബാക്കി അഞ്ചു പേർ യമൻ വംശജരും. 19 പേരെ കാണാതായതായി സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരിൽ 14 പേര്‍ ഇന്ത്യൻ നാവികരാണെന്ന് ഒമാൻ ഫിഷറീസ് മന്ത്രാലയം റിപോർട്ട് ചെയ്തു. ശക്തമായ കാറ്റിൽ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ദോഫാര്‍ ഗവര്‍ണറേറ്റിലെ റസ്‌യൂത്ത്, റഖ്‌യൂത്ത് മേഖലയില്‍ കാറ്റ് പ്രവേശിച്ചതായി അധികൃത കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. രാജ്യം ഏറെ ഭീതിയോടെ കാത്തിരുന്ന കൊടുങ്കാറ്റ് സലാലയിലും വന്‍ നാശനഷ്ടങ്ങള്‍ വരുത്തിയാണ് കടന്നുപോയത്. കാറ്റ് വീശാന്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ നിന്നും ജനങ്ങളെ നേരത്തെ തന്നെ ഒഴിപ്പിച്ചതിനാല്‍ ആളപായം കുറച്ചു. അതേസമയം, ദോഫാര്‍, അല്‍ വുസ്ത ഗവര്‍ണറേറ്റുകളില്‍ 48 മണിക്കൂര്‍ ശക്തമായ കാറ്റും മഴയുമുണ്ടാകുമെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
കടല്‍ നിരപ്പ് ഉയരുകയും ശക്തമായ തിരമാലയുണ്ടാകുകയും ചെയ്യും. മൂന്ന് മുതല്‍ അഞ്ച് മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലയുണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ദല്‍ക്കൂത്തിലാണ് കൂടുതല്‍ മഴ ലഭിച്ചത്. 121.14 മില്ലി മീറ്റര്‍. സദാഹ് (76.4 മില്ലിമീറ്റര്‍), മിര്‍ബാത്ത് (55.6 മില്ലിമീറ്റര്‍), സലാല തുറമുഖം (47.8) എന്നിങ്ങനെയാണ് മറ്റിടങ്ങളില്‍ പെയ്ത മഴയുടെ അളവ്. സിവില്‍ ഡിഫന്‍സിന്‍റെയും റോയല്‍ ഒമാന്‍ പോലീസിന്‍റെയും വിവിധ ഷെല്‍ട്ടറുകള്‍ പ്രവര്‍ത്തിച്ചുവരുന്നുണ്ട്. ആയിരക്കണക്കിന് പേരെയാണ് ഷെല്‍ട്ടറുകളിലേക്ക് മാറ്റിയത്. വ്യാഴാഴ്ച രാത്രി തന്നെ നിരവധി പേരെ മാറ്റിയിരുന്നു. ഷെല്‍ട്ടറില്‍ കഴിയുന്നവര്‍ക്കുള്ള വസ്ത്രം, പുതപ്പ്, ഭക്ഷണം തുടങ്ങിയവ പോലീസ് വിതരണം ചെയ്യുന്നുണ്ട്.
കൊടുങ്കാറ്റിന്‍റെ തെറ്റായ ചിത്രങ്ങളോ വീഡിയോകളോ സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചാല്‍ കനത്ത ശിക്ഷയെന്ന് റോയല്‍ ഒമാന്‍ പൊലീസ് പറഞ്ഞു. വ്യാജ ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ 3,000 റിയാല്‍ പിഴയും മൂന്ന് വര്‍ഷം തടവും ശിക്ഷ ലഭിക്കും. സലാല രാജ്യാന്തര വിമാനത്താവളം ഞായറാഴ്ചയും അടച്ചിടും. രാത്രി 12 മണി വരെയാണ് അടഞ്ഞു കിടക്കുക. വെള്ളിയാഴ്ച രാത്രി 12 മണി വരെ വിമാനത്താവളത്തിലെ സര്‍വീസുകള്‍ നിര്‍ത്തിവച്ചിരുന്നു. കാലാവസ്ഥ പ്രതികൂലമായതോടെ 24 മണിക്കൂര്‍ ദീര്‍ഘിപ്പിച്ചതായി പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഏവിയേന്‍ അറിയിക്കുകയായിരുന്നു.