Middle East

കത്താറയില്‍ ഡ്രൈവ് ത്രൂ രുചിഭേദം

റമദാന്‍ മാസത്തോടനുബന്ധിച്ച് കത്താറ ബീച്ച് ക്ലബ്ബിലെ പാര്‍ക്കിങ് സ്ഥലത്ത് ഡ്രൈവ് ത്രു ഫെസ്റ്റിവല്‍ തുടങ്ങി. കത്താറയിലെ രുചിയാസ്വദിക്കാന്‍ രാത്രികളിലെത്തുന്നത് ആയിരക്കണക്കിന് സഞ്ചാരികളാണ്. നാല്‍പ്പതിലേറെ ഭക്ഷണ സ്റ്റാളുകളിലാണ് കത്താറയില്‍ രുചി വിഭവങ്ങള്‍ നിരന്നിരിക്കുന്നത്.

വാഹനങ്ങളില്‍നിന്ന് ഇറങ്ങാതെ സാധനങ്ങള്‍ വാങ്ങാവുന്ന രീതിക്കാണ് ഡ്രൈവ് ത്രു എന്ന് വിളിക്കുന്നത്. പുലര്‍ച്ചെ മൂന്ന് മണി വരെയാണ് വ്യത്യസ്തയിനം ഭക്ഷണ പാനീയ വിഭവങ്ങള്‍ കത്താറയിലെ ഡ്രൈവ് ത്രൂ ഫെസ്റ്റിവലില്‍ ലഭിക്കുക. കാപ്പിയുടെ രുചി ഭേദങ്ങള്‍, ബര്‍ഗറുകള്‍, പിസ, സാന്‍വിച്ച്, ഷവര്‍മ, കേക്ക്, നൂഡില്‍സ്, പാസ്ട്രി, ഫ്രഷ് ജ്യൂസ് തുടങ്ങി വിവിധ ഇനങ്ങള്‍ ഇവിടെ ലഭ്യമാണ്.

വാഹനങ്ങള്‍ക്ക് എളുപ്പത്തില്‍ സഞ്ചരിക്കാവുന്ന വിധത്തില്‍ വൃത്താകൃതിയിലാണ് സ്റ്റാളുകള്‍ ക്രമീകരിച്ചിരിക്കുന്നത്. വാഹനത്തിലിരുന്ന് ഇഷ്ടമുള്ള ഇനങ്ങള്‍ ഓര്‍ഡര്‍ നല്കി വാങ്ങുന്നതിനോടൊപ്പം കൂടുതല്‍ സമയം കത്താറയില്‍ തന്നെ ചെലവഴിക്കാനാഗ്രഹിക്കുന്നവര്‍ക്കായി ബീച്ചില്‍ ഭക്ഷണം കഴിക്കാനുള്ള സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.

കൂടാതെ ഡ്രൈവ് ത്രൂ സ്റ്റാളുകള്‍ക്കൊടുവില്‍ ഏറ്റവും അറ്റത്തായി സിനിമയും ഫുട്ബാള്‍ മത്സരങ്ങളും പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഭക്ഷണം ആസ്വദിച്ച് കഴിക്കാനായി ഈ ഭാഗത്ത് വാഹനം നിര്‍ത്തിയിടാനുള്ള സൗകര്യവുമുണ്ട്. സ്റ്റാളുകള്‍ക്ക് മധ്യത്തിലായി ഒരുക്കിയ വേദിയില്‍ സംഗീതം ആസ്വദിക്കാനുള്ള സൗകര്യവുമുണ്ട്.