Destinations

കസോള്‍; ജൂതന്മാരുടെ രാണ്ടാം വീട്

ഹിമാചല്‍ പ്രദേശില്‍ ഭുണ്ഡാറില്‍ നിന്ന് മണികരനിലേക്ക് പോകുന്ന പാത ഒരു താഴ്‌വരയിലൂടെയാണ് കടന്നുപോകുന്നത്. പാര്‍വതി നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ താഴ്‌വര പാര്‍വതി വാലി എന്ന പേരിലാണ് സഞ്ചാരികള്‍ക്കിടയില്‍ പ്രശസ്തമായത്. ഈ താഴ്‌വരയില്‍ സുന്ദരമായ ഗ്രാമമുണ്ട്. കസോള്‍ എന്നാണ് ഗ്രമത്തി‌ന്‍റെ പേര്. ഹിമാചല്‍പ്രദേശിലെ പ്രസിദ്ധമായ ടൂറിസ്റ്റ് കേ‌ന്ദ്രമായ കുളുവില്‍ നിന്ന് 42 കിലോ‌മീറ്റര്‍ കിഴക്കായി സമുദ്രനിര‌പ്പില്‍ നിന്ന് 1640 മീറ്റര്‍ ഉയരത്തിലാണ് കസോ‌ള്‍ സ്ഥിതി ചെയ്യുന്ന‌ത്.

പാര്‍വതി നദിക്ക് കുറുകെയുള്ള പാലത്തിന് അപ്പുറവും ഇപ്പുറവുമായി കിട‌ക്കുന്ന കസോ‌ള്‍ ഓള്‍ഡ്കസോള്‍, ന്യൂ കസോള്‍ എന്നിങ്ങനെ രണ്ടായി തിരിക്കപ്പെട്ടിട്ടുണ്ട്. മണികരനില്‍ നിന്ന് 5 കിലോമീറ്റര്‍ അ‌കലെയായാണ് കസോള്‍ സ്ഥിതി ചെയ്യുന്നത്. ഹിമാച‌ല്‍പ്രദേശിലെ സുന്ദരമായ ഗ്രാമങ്ങളില്‍ ഒന്നാണ് കസോള്‍. സുന്ദരമായ താഴ്വാരയും, ആകാശത്തോളം നില്‍ക്കുന്ന മലനിരകളും വര്‍ഷമുഴുവന്‍ അനുഭവപ്പെടുന്ന സുന്ദരമായ കാലവസ്ഥയും മാത്രമല്ല സഞ്ചാരികളെ ഇവിടെ ആകര്‍ഷിക്കുന്നത്. അധികം ജനത്തിര‌ക്കില്ലാത്ത സ്ഥലംകൂടിയാണിത്.

ഹിമാലയന്‍ ട്രെക്കിംഗിനുള്ള ബേസ് ക്യാമ്പ് കൂടിയാണ് കസോള്‍. സര്‍പാസ്, യാന്‍കെര്‍പാസ്, പിന്‍പാര്‍ബതി പാസ്, ഖിരിഗംഗ തുട‌ങ്ങിയ സ്ഥലങ്ങളിലേക്ക് ട്രെക്കിംഗ് ആരംഭിക്കുന്നത് ഇവിടെ ‌നിന്നാണ്. യൂത്ത് ഹോസ്റ്റല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ എന്ന ‌സംഘടനയാണ് കസോളിലെ ട്രെക്കിംഗുകള്‍ സംഘടിപ്പിക്കുന്നത്. വാട്ടര്‍ റാഫ്റ്റിംഗി‌ന് പറ്റിയ സ്ഥലമാണ് ഇത്. ബാക്ക് പാക്കേഴ്സിന്‍റെ ഇഷ്ട സ്ഥലംകൂടിയാണ് കസോള്‍.

ഇസ്രായേലില്‍ നിന്നുള്ള സഞ്ചാരികളാണ് കസോളില്‍ ഏറ്റവും കൂടുതല്‍ എത്തുന്നത്. നിരവ‌ധി ഇസ്രായേലികളാണ് ഇവിടെ വിനോദ സഞ്ചാരത്തിനായി എത്തിച്ചേരുന്നത്. ഇസ്രായേലികളുടെ സൗക‌ര്യത്തിനായി ഹീബ്രു ഭാഷയിലുള്ള ബോര്‍ഡുകളും ബനറുകളും ഇവിടെ സാധാരണമാണ്. ഹിമാച‌ല്‍ പ്രദേശിലെ മിനി ഇസ്രായേല്‍ എന്നും ഈ സ്ഥലം അറിയപ്പെടുന്നുണ്ട്. പാശ്ചാ‌ത്യ ശൈലിയിലുള്ള ഭക്ഷണവും വസ്ത്രങ്ങളുമൊക്കെ കസോള്‍ എന്ന കൊച്ച് ഗ്രാമത്തില്‍ ലഭ്യമാണ്.