എച്ച്–4 വിസയിൽ ജോലി നിയന്ത്രണം: ചട്ടം അന്തിമഘട്ടത്തിലെന്ന് യുഎസ്
എച്ച്-1-ബി വിസയുള്ളവരുടെ പങ്കാളികൾക്കുള്ള എച്ച്– 4 വിസയിൽ ജോലി ചെയ്യുന്നതിൽ നിയന്ത്രണം ഏർപ്പെടുത്താനുള്ള നടപടികൾ അന്തിമ ഘട്ടത്തിലെന്ന് അമേരിക്ക. എച്ച്– 4 വിസയുള്ളവരിലെ ചില വിഭാഗക്കാർക്കാണ് ജോലി നിയന്ത്രണം ഏർപ്പെടുത്തുന്നത്. അന്തിമ അനുമതിക്കായി കാത്തിരിക്കുകയാണെന്ന് ഹോംലാൻഡ് സെക്യൂരിറ്റി വിഭാഗം (ഡിഎച്ച്എസ്) യുഎസ് ഫെഡറൽ കോടതിയെ അറിയിച്ചു.
ഡിഎച്ച്എസ് വിഭാഗത്തിന്‍റെ ക്ലിയറൻസ് കിട്ടിയാൽ ഓഫിസ് ഓഫ് മാനേജ്മെന്‍റ് ആൻഡ് ബജറ്റിലേക്ക് അയയ്ക്കുമെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്. യുഎസിൽ എച്ച്–1-ബി വിസയിൽ ജോലി ചെയ്യുന്ന വിദഗ്ധ ജീവനക്കാരുടെ ഭാര്യയ്ക്കോ ഭർത്താവിനോ അവിടെ ജോലി ചെയ്യാൻ പെർമിറ്റ് ലഭിക്കുന്നത് എച്ച്4 വിസയിലാണ്. 70,000 പേരാണ് എച്ച്–4 വിസ പ്രകാരം വർക്ക് പെർമിറ്റ് നേടി അവിടെ ഇപ്പോൾ തൊഴിലെടുക്കുന്നത്.
ഒബാമ സർക്കാരിന്‍റെ ഭരണകാലത്ത് ഏർപ്പെടുത്തിയ ഈ സംവിധാനം നിർത്തലാക്കാനാണ് ഇപ്പോഴത്തെ ഭരണകൂടത്തിന്‍റെ നീക്കം. ഇതിനെതിരെ യുഎസ് കോൺഗ്രസിലെ 130 അംഗങ്ങൾ സർക്കാരിനു നിവേദനം നൽകിയിട്ടുണ്ട്.