Kerala

കൊച്ചിയിലെ സ്വകാര്യ ബസുകളില്‍ യാത്ര ചെയ്യാന്‍ വണ്‍ കാര്‍ഡ്

കൊച്ചി മെട്രോയുടെ കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിച്ച് സ്വകാര്യബസുകളില്‍ യാത്രചെയ്യാന്‍ സൗകര്യം ഏര്‍പ്പെടുത്തുന്ന പദ്ധതി കരാറില്‍ ആക്‌സിസ് ബാങ്ക് സ്വകാര്യ ബസ് ഓപ്പറേറ്റര്‍മാരുമായി ധാരണപത്രം ഒപ്പുവച്ചു.

കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ (കെഎംആര്‍എല്‍) ആഭിമുഖ്യത്തിലായിരുന്നു പരിപാടി. കൊച്ചി മെട്രോപൊളിറ്റന്‍ ട്രാന്‍സ്‌പോര്‍ട്ട് കോ ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡ്, പെര്‍ഫെക്ട് ബസ് മെട്രോ സര്‍വീസസ് എല്‍എല്‍പി, കൊച്ചി വീല്‍സ് യുണൈറ്റഡ് എല്‍എല്‍പി, മൈ മെട്രോ എല്‍എല്‍പി, മുസിരിസ് എല്‍എല്‍പി, പ്രതീക്ഷ ട്രാന്‍സ്‌പോര്‍ട്ട് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ പ്രൈവറ്റ് ലിമിറ്റഡ്, ഗ്രേറ്റര്‍ കൊച്ചിന്‍ ബസ് ട്രാന്‍സ്‌പോര്‍ട്ട് എല്‍എല്‍പി എന്നീ ഏഴു കമ്പനികളാണ് ധാരണപത്രം ഒപ്പുവച്ചത്.

മെട്രോ പദ്ധതിപ്രദേശത്ത് സര്‍വീസ് നടത്തുന്ന 1100 ബസുകളിലാണ് പുതിയ സംവിധാനം നിലവില്‍വരിക. നവംബറോടെ എല്ലാ ബസുകളിലും കാര്‍ഡ് ഉപയോഗിക്കാനുള്ള യന്ത്രം സ്ഥാപിക്കും.

ക്യു ആര്‍ കോഡ് സ്‌കാന്‍ ചെയ്യുന്നതുപോലെ കാര്‍ഡ് ഇതില്‍ കാണിച്ച് യാത്രചെയ്യാം. തുടര്‍ന്നുവരുന്ന ജലമെട്രോ പദ്ധതിയിലും കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിക്കാനാകും. ഓട്ടോറിക്ഷകളില്‍ കാര്‍ഡ് ഉപയോഗിക്കുന്നതിനെപ്പറ്റി ഓട്ടോറിക്ഷാ തൊഴിലാളികളുടെ സംഘടനകളുമായി ചര്‍ച്ചനടത്തിവരികയാണ്.

കെഎസ്ആര്‍ടിസി ബസുകളിലും പുതിയ സംവിധാനം ഏര്‍പ്പെടുത്തും. ഇതിനായി മൂന്നുമാസത്തിനുള്ളില്‍ ടെന്‍ഡര്‍ വിളിക്കും. ഇതുകൂടാതെ, മെട്രോയുമായി ബന്ധപ്പെട്ട കൊച്ചി വണ്‍ ആപ് രണ്ടുമാസത്തിനുള്ളില്‍ തയ്യാറാകും.

കൊച്ചിയിലെ യാത്രക്കാര്‍ക്ക് സൗകര്യപ്രദമായ യാത്ര ഉറപ്പാക്കുന്നതിനുള്ള ഇന്ത്യയിലെ ആദ്യത്തെ ഓപ്പണ്‍ ലൂപ്പ് മെട്രോ കാര്‍ഡാണ് 2017 ജൂണില്‍ പുറത്തിറക്കിയ കൊച്ചി വണ്‍ കാര്‍ഡ്. ഇത് എടിഎം കാര്‍ഡ് മാതൃകയില്‍ കച്ചവടസ്ഥാപനങ്ങളിലും ഹോട്ടലുകളിലും ഉപയോഗിക്കാം.

യാത്രക്കാര്‍ക്ക് പേരോടുകൂടിയതും പൂര്‍ണമായും വ്യക്തിഗതവുമായ കാര്‍ഡുകള്‍ മെട്രോ സ്‌റ്റേഷനുകളില്‍നിന്നു ലഭിക്കും. മെട്രോ യാത്രയില്‍ 20 ശതമാനം ഇളവ് ലഭിക്കും. ഡെബിറ്റ്, ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ച് യാത്രക്കാര്‍ക്ക് ഈ കാര്‍ഡ് എളുപ്പത്തില്‍ ടോപ് അപ്പ് ചെയ്യാം.