ഡല്‍ഹി മെട്രോ മജന്ത പാത ഇനി അറിവിന്റെ ഇടനാഴി
ഡല്‍ഹി മെട്രോ റെയില്‍ മജന്ത പാത ഇനി ‘നോളജ് കോറിഡോര്‍’. നാലു സര്‍വകലാശാലകളെ ബന്ധിപ്പിക്കുന്നതിനാലാണ് പുതിയ ലൈനിന് അറിവിന്റെ ഇടനാഴി എന്നു പേരിടാന്‍ ഡല്‍ഹി മെട്രോ റെയില്‍ അധികൃതര്‍ തീരുമാനിച്ചത്.
ഓഖ്ലയിലെ ജാമിയ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിക്കു പുറമെ ഐഐടി, ജവാഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല, നോയിഡ അമിറ്റി യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലേക്കുള്ള എളുപ്പമാര്‍ഗമാകും പുതിയപാത.
മജന്ത പാതയുടെ ആദ്യഭാഗം കഴിഞ്ഞ ഡിസംബറിലാണ് തുറന്നത്. ബൊട്ടാണിക്കല്‍ ഗാര്ഡന് മുതല്‍ കല്‍ക്കാജി വരെയുള്ള പാത തുറന്നതോടെ ജാമിയ മിലിയ ഇസ്ലാമിയ സര്‍വകലാശാലയില്‍ വേഗത്തില്‍ എത്തിച്ചേരാന്‍ വഴിതുറന്നിരുന്നു.
കൂടാതെ നോയിഡ അമിറ്റി സര്‍വകലാശാലയിലേക്കുള്ള വിദ്യാര്‍ഥികള്‍ക്കും പാത ഉപകാരപ്പെട്ടിരുന്നു. ഓഖ്ല ബേര്‍ഡ് സാന്‍ച്വറിയില്‍നിന്നു എളുപ്പത്തില്‍ അമിറ്റിയില്‍ എത്തിച്ചേരാന്‍ സാധിക്കും.
28നു തുറക്കുന്ന കല്‍ക്കാജി മുതല്‍ ജനക്പുരി വെസ്റ്റ് വരെയുള്ള ഭാഗമാകട്ടെ ഐഐടി ക്യാംപസിലൂടെയാണ് കടന്നുപോകുന്നത്. മുനീര്‍ക്ക സ്റ്റേഷനില്‍നിന്നു രണ്ടു കിലോമീറ്റര്‍ അകലെയാണു ജവാഹര്‍ലാല്‍ നെഹ്റു ക്യാംപസ്.
അതിനാല്‍ തന്നെ വിദ്യാര്‍ഥികള്‍ക്കു ഏറ്റവും പ്രയോജനപ്പെടുന്ന പാതയാകും മജന്തയെന്നു ഡിഎംആര്‍സി മാനേജിങ് ഡയറക്ടര്‍ മാങ്കു സിങ് പറയുന്നു. 28ന് ആണ് മജന്ത പാതയുടെ 24.82 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഭാഗത്തിന്റെ ഉദ്ഘാടനം.
മജന്ത പാതയുടെ വിവിധ സ്റ്റേഷനുകളില്‍ യൂണിഫൈഡ് ട്രാഫിക് ആന്‍ഡ് ട്രാന്സ്പോര്ട്ടേഷന് ഇന്‍ഫ്രാസ്ട്രക്ചര്‍ പ്ലാനിങ് ആന്‍ഡ് എന്‍ജിനീയറിങ് കൗണ്‍സിലിന്റെ (യുടിടിഐപിഇസി) ചട്ടം അനുസരിച്ചുള്ള വാഹന സംവിധാനം.
നഗരത്തിലെ ഔട്ടര്‍ റിങ് റോഡിനെ ബന്ധിപ്പിക്കുന്നതിനാലാണ് മെട്രോ പാതയിലെ സ്റ്റേഷനുകളില്‍ ഈ സൗകര്യമൊരുക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. ഓട്ടോറിക്ഷകള്‍ക്കും കാറുകള്‍ക്കും യാത്രക്കാരെ ഇറക്കാനുള്ള സൗകര്യമാകും ഒരുക്കുക.
മജന്ത പാതയില്‍ വസന്ത് വിഹാര്‍ മുതല്‍ നെഹ്റു എന്‍ക്ലേവ് വരെയുള്ള ഭാഗമാണ് ഔട്ടര്‍ റിങ് റോഡിനെ ബന്ധിപ്പിച്ചുള്ളത്. ഈ ഭാഗത്തെ സ്റ്റേഷനുകളില്‍ യുടിടിഐപിഇസി ചട്ടം അനുസരിച്ചുള്ള എന്‍ട്രി-എക്സിറ്റ് സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍ പറഞ്ഞു.
കാറുകള്‍ക്കും റിക്ഷകള്‍ക്കും വാഹനം നിര്‍ത്താനുള്ള പ്രത്യേകം സംവിധാനങ്ങളാണ് ഒരുക്കുക. സ്റ്റേഷനുകളുടെ 100 മീറ്റര്‍ പരിധിയില്‍ ബസ് സ്റ്റാന്‍ഡുകളുമുണ്ട്. വസന്ത് വിഹാര്‍, പഞ്ചശീല്‍ പാര്‍ക്ക്, നെഹ്റു എന്‍ക്ലേവ് ഭാഗങ്ങളില്‍ ഓട്ടോ, കാര്‍ സ്റ്റാന്‍ഡാണ് ഒരുക്കിയിരിക്കുന്നതെങ്കില്‍ ഐഐടി സ്റ്റേഷനില്‍ സൈക്കിള്‍ പാതയാണുള്ളത്.
ഐഐടി വിദ്യാര്‍ഥികള്‍ക്കു സൈക്കിളില്‍ ക്യാംപസിലെത്താന്‍ സാധിക്കും. ഭിന്നശേഷിയുള്ളവര്‍ക്കു വാഹനം പാര്‍ക്ക് ചെയ്യാന്‍ പ്രത്യേക സംവിധാനവും എല്ലാ സ്റ്റേഷനിലുമുണ്ട്.