Tech

നഗ്നചിത്രങ്ങള്‍ നല്‍കൂ; ഫെയിസ്ബുക്ക്‌ അശ്ശീല പ്രചരണം തടയും

ഉപയോക്താക്കളുടെ നഗ്നചിത്രങ്ങള്‍പ്രചരിക്കുന്നത് തടയുന്നതിനായുള്ള പുതിയ സംവിധാനം പരീക്ഷിക്കാനൊരുങ്ങുകയാണെന്ന് ഫെയ്‌സ്ബുക്ക്. സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിക്കാന്‍ സാധ്യതയുണ്ടെന്ന് കരുതുന്നവര്‍ക്ക് അവരുടെ നഗ്നചിത്രം ഫെയ്‌സ്ബുക്കിന് നല്‍കാം. ഇതുവഴി ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, മെസഞ്ചര്‍ എന്നിവ വഴി മറ്റാരെങ്കിലും നിങ്ങളുടെ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിക്കുന്നത് തടയാന്‍ ഫെയ്‌സ്ബുക്കിനാവും.

ചിത്രങ്ങള്‍ സുരക്ഷിതമായി കൈമാറുന്നതിന് സുരക്ഷാ സംഘടനകളുമായി ചേര്‍ന്നാണ് ഫെയ്‌സ്ബുക്ക് ഈ സൗകര്യമൊരുക്കുന്നത്. ഫെയ്‌സ്ബുക്കിന്‍റെ പ്രത്യേകം പരിശീലനം ലഭിച്ച വിദഗ്ദരാണ് ഈ സംവിധാനം കൈകാര്യം ചെയ്യുക. പ്രാരംഭഘട്ടത്തില്‍ ഓസ്‌ട്രേലിയ, കാനഡ, ബ്രിട്ടണ്‍, അമേരിക്ക എന്നിവിടങ്ങളിലാണ് ഈ നഗ്നചിത്ര പ്രചരണം തടയാനുള്ള സംവിധാനം ഒരുക്കുകയെന്ന് ഫെയ്‌സ്ബുക്കിന്‍റെ സേഫ്റ്റി ഗ്ലോബല്‍ ഹെഡ് ആന്‍റിഗോണ്‍ ഡേവിസ് പറഞ്ഞു.

സുരക്ഷാ സംഘടനകള്‍ക്കൊപ്പം അഭിഭാഷകര്‍, ഇത്തരം പ്രശ്‌നങ്ങളെ അതിജീവിച്ചവര്‍, ഓസ്‌ട്രേലിയന്‍ ഇ-സേഫ്റ്റി കമ്മീഷണര്‍, സൈബര്‍ സിവില്‍ റൈറ്റ്‌സ് ഇനീഷ്യേറ്റീവ്, അമേരിക്കയിലെ നാഷണല്‍ നെറ്റ് വര്‍ക്ക് റ്റു എന്‍ഡ് ഡൊമസ്റ്റിക് വയലന്‍സ്, ബ്രിട്ടനിലെ റിവഞ്ച് പോണ്‍ ഹെല്‍പ്പ് ലൈന്‍, കാനഡയിലെ വൈ ഡബ്ല്യൂ സി എ എന്നിവരുമായി സഹകരിച്ചാണ് ഫെയ്‌സ്ബുക്ക് നിലവില്‍ ഈ സംവിധാനമൊരുക്കുക.

സ്വന്തം സ്വകാര്യ ചിത്രങ്ങള്‍ ആരെങ്കിലും സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കാനിടയുണ്ടെന്ന് കരുതുന്നവര്‍ക്ക് അപേക്ഷാ ഫോം സമര്‍പ്പിക്കാന്‍ ഈ സ്ഥാപനങ്ങളെ ബന്ധപ്പെടാം. ഫോം സമര്‍പ്പിച്ച് കഴിഞ്ഞാല്‍ ഉപയോക്താവിന് ഒരു സുരക്ഷിതമായ വണ്‍ടൈം അപ്ലോഡ് ലിങ്ക് ഈമെയില്‍ ആയി ലഭിക്കും. ഈ ലിങ്ക് ഉപയോഗിച്ച് അവരുടെ നഗ്ന ചിത്രങ്ങള്‍ ഫെയിസ്ബുക്കിനു നല്‍കാം. പ്രത്യേകം പരിശീലനം ലഭിച്ച ഫെയ്‌സ്ബുക്ക് വിദ്ഗ്ദര്‍ ഈ ചിത്രം പരിശോധിച്ച് സമാന ചിത്രങ്ങള്‍ പ്രചരിക്കുന്നത് തടയാനുള്ള സാങ്കേതിക സംവിധാനങ്ങള്‍ ഒരുക്കും.

ഇങ്ങനെ ലഭിക്കുന്ന ചിത്രങ്ങള്‍ സെര്‍വറുകളില്‍ ശേഖരിച്ച് വെക്കില്ലെന്ന് ഫെയ്‌സ്ബുക്ക് വ്യക്തമാക്കി.ഓരോ ചിത്രത്തിന്റേയും ഫിങ്കര്‍പ്രിന്റോ അല്ലെങ്കില്‍ ഹാഷ് ഡാറ്റയോ തയ്യാറാക്കിയാണ് ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്ന സമാന ചിത്രങ്ങള്‍ ഫെയ്‌സ്ബുക്ക് കണ്ടെത്തുക. ഇതുമായി ബന്ധപ്പെട്ട തുടര്‍ നടപടികളെല്ലാം ഇമെയില്‍ വഴിയാണ് ഫെയ്‌സ്ബുക്ക് ഉപയോക്താവിനെ അറിയിക്കുക.