Destinations

അഹര്‍ബല്‍: ഭൂമിയിലെ സ്വര്‍ഗത്തിലെ നീരുറവ

മഞ്ഞുമൂടിയ മലകളാൽ വെളുത്ത പട്ടുപോലെ ചിറകുവിരിച്ച് നിൽക്കുന്ന ജമ്മുകാശ്മീർ ശരിക്കും ഭൂമിയിലെ പരിശുദ്ധമായ സ്വർഗ്ഗം തന്നെയാണ്. മഞ്ഞിൽ മൂടപ്പെട്ട പർവതങ്ങളും, പച്ചപ്പിന്‍റെ താഴ്വരകളും, സമൃദ്ധമായ ജലപൊയ്കകളും സമതലങ്ങ പ്രദേശങ്ങളും ഒക്കെയുള്ള ഈ മനോഹരമായ സ്ഥലത്തെ സ്വർഗ്ഗം എന്നല്ലാതെ മറ്റെന്ത് വിശേഷിപ്പിക്കാന്‍. എപ്പോഴും സംഗീതാത്മകമായി കുതിച്ചൊഴുകുന്ന അഹർബൽ വെളളച്ചാട്ടം സ്വർഗീയ നാടിന്‍റെ ഏറ്റവും മനോഹരമായ കാഴ്ചകളിൽ ഒന്നാണ്.

ജമ്മു കാശ്മീരിലെ കുൽഗാം ജില്ലയിലാണ് അഹർബൽ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. പ്രധാന ഹിൽസ്റ്റേഷനായ ഇവിടെ എപ്പോഴും സഞ്ചാരികളുടെ തിരക്ക് അനുഭവപ്പെടാറുണ്ട്. വെഷോ നദിയില്‍ നിന്നാണ് അഹർബൽ വെള്ളച്ചാട്ടം ഉത്ഭവിക്കുന്നത്. സമുദ്ര നിരപ്പിൽ നിന്നും 7434 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന അഹർബൽ വെള്ളച്ചാട്ടം ഇന്ത്യയിലെ തന്നെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന വെള്ളച്ചാട്ടങ്ങളിൽ ഒന്നാണ്. ചുറ്റും പൈൻ മരങ്ങള്‍ നിറഞ്ഞ പിർപഞ്ചൽ പർവതനിരകളിലാണ് കശ്മീരിലെ അഹർബൽ വെള്ളച്ചാട്ടത്തിന്‍റെ വാസം.

പൈൻമരങ്ങളുടെ സാന്നിധ്യം ഭൂപ്രകൃതിയെ അത്യാകർഷകമാംവിധം മനോഹരമാക്കിയിരിക്കുന്നു. പടു കൂറ്റൻ പാറക്കെട്ടുകൾ നിറഞ്ഞ താഴ്വരകളും ജലപ്രവാഹം കുതിച്ച് ഒഴുകിയെത്തുന്ന മനോഹരമായ സമതലങ്ങളും ഒക്കെയുള്ളതിനാൽ ജമ്മു കാശ്മീരിലെ ഏറ്റവും പ്രധാനമായതും ആകർഷകമായതുമായ വിനോദസഞ്ചാരത്തിന്‍റെ ഭാഗമായി ഈ സ്ഥലം മാറിയിരിക്കുന്നു. വർഷത്തിൽ ഉടനീളം അഹർബൽ വെള്ളച്ചാട്ടം സന്ദർശിക്കാവുന്നതാണ്.

എന്നിരുന്നാലും, പച്ചവിരിച്ചു നിൽക്കുന്ന കുന്നുകളേയും മലഞ്ചെരുവുകളേയും സമതല പ്രദേശങ്ങളേയും ആസ്വദിക്കാൻ ആഗ്രഹിക്കുന്നെങ്കിൽ, ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള വസന്ത കാലമാണ് സന്ദര്‍ശനത്തിനായി ഏറ്റവും മികച്ച സമയം. ശൈത്യകാലത്തിൽ ഈ പ്രദേശത്തിനു ചുറ്റുപാടുമുള്ള സ്ഥലങ്ങൾ ഒട്ടുമിക്കതും മഞ്ഞു കൊണ്ടു മൂടുമെന്നതിനാൽ ഈ കാലഘട്ടം മഞ്ഞിൽ കളിച്ചുല്ലസിക്കാൻ ഇഷ്ടപ്പെടുന്നവർക്ക് ഏറെ അനുയോജ്യമാണ്. വെള്ളച്ചാട്ടത്തിന്‍റെ ചുറ്റുവട്ടത്തായി ടൂറിസ്റ്റുകൾക്ക് ഏറ്റവും അനുയോജ്യമായ രീതിയിലുള്ള താമസസൗകര്യം ലഭ്യമാണ്. നിരവധി കഫ്റ്റേരിയകളും ചെറിയ ചെറിയ ഭക്ഷണശാലകളും ഇവിടെ യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്നു.

എങ്ങനെ എത്തിച്ചേരാം

വിമാനമാർഗമാണ് വരുന്നതെങ്കില്‍ അഹർബൽ വെള്ളച്ചാട്ടത്തിന്‍റെ പരിസരങ്ങളിൽ നിന്ന് ഏതാണ്ട് 65 കിലോമീറ്റർ ദൂരമുണ്ട് ശ്രീനഗർ വിമാന താവളത്തിലേക്ക്. വിമാനത്താവളത്തില്‍ നിന്നും അഹർബാലിയിലേക്ക് ടാക്സി വാടകക്കെടുക്കാം. റെയിൽ മാർഗമാണ് വരുന്നതെങ്കില്‍ അനന്ത്നാഗ് റെയിൽവേ സ്റ്റേഷനിൽ നിന്ന് 45 കിലോമീറ്റർ ദൂരമുണ്ട് വെള്ളച്ചാട്ടത്തിനടുത്തേക്ക്. റോഡ് മാർഗം ആണെങ്കിൽ ശ്രീനഗറിൽ നിന്നും 65 കിലോമീറ്റർ ദൂരമുണ്ട് അഹർബാൽ വെള്ളച്ചാട്ടത്തിലേക്ക്. റോഡ് മികച്ചതായതിനാൽ വളരെ എളുപ്പം അങ്ങോട്ട് എത്തിച്ചേരാം.