Tech

ഷവോമി എംഐയുഐ പത്താം പതിപ്പ് ഈ മാസം 31ന് അവതരിപ്പിക്കും

ആന്‍ഡ്രോയിഡ് ഓറിയോ 8.1 ല്‍ അധിഷ്ഠിതമായ ഷാവോമിയുടെ സ്വന്തം യൂസര്‍ ഇന്‍റര്‍ഫേയ്‌സ് എംഐയുഐയുടെ പത്താം പതിപ്പ് ഈ മാസം 31ന് അവതരിപ്പിക്കും. ഷാവോമിയുടെ എംഐ 8 സ്മാര്‍ട്‌ഫോണില്‍ പുതിയ യൂസര്‍ ഇന്‍റര്‍ഫെയ്‌സ് ആയിരിക്കും ഉണ്ടാവുക. കമ്പനിയുടെ എട്ടാം വാര്‍ഷികത്തോടനുബന്ധിച്ച് ചൈനയില്‍ നടക്കുന്ന പരിപാടിയിലാണ് പുതിയ പതിപ്പ് അവതരിപ്പിക്കുക.

അതേസമയം എംഐയുഐ 10ന്‍റെ സവിശേഷതകളും സൗകര്യങ്ങളും എന്തായിരിക്കുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. ഈ മാസം ഔദ്യോഗികമായി അവതരിപ്പിക്കുമെങ്കിലും മാസങ്ങള്‍ കഴിഞ്ഞു മാത്രമേ പുതിയ അപ്‌ഡേറ്റുകള്‍ സ്മാര്‍ട്‌ഫോണുകളിലേക്ക് എത്തുകയുള്ളൂ. ഷാവോമി എംഐ മിക്‌സ് 2എസ്, എംഐ മിക്‌സ് 2, എംഐ 6 പോലുള്ള സ്മാര്‍ട്‌ഫോണുകളിലാണ് എംഐയുഐ 10 ആദ്യം എത്തുകയെന്നാണ് വിവരം. എംഐയുഐ 9 അപ്‌ഡേറ്റ് ലഭിച്ച റെഡ്മി 2 ഉള്‍പ്പടെയുള്ള ചില മോഡലുകളെ പുതിയ അപ്‌ഡേറ്റില്‍ നിന്നും ഒഴിവാക്കുമെന്ന് കമ്പനി നേരത്തെ പ്രഖ്യാപിച്ചിരുന്നു.

പുതിയ തീമുകള്‍, പരിഷ്‌കരിച്ച നോട്ടിഫിക്കേഷന്‍ പാനല്‍, സെറ്റിങ്‌സ് ആപ്പ് തുടങ്ങിയ മാറ്റമാണ് പുതിയ പതിപ്പില്‍ ഉണ്ടാവുകയെന്നാണ് അഭ്യൂഹം. കൂടാതെ ബാറ്ററി കൈകാര്യം ചെയ്യുന്നത് മുതല്‍ ഉപയോക്താക്കളുടെ പ്രവൃത്തികള്‍ നിരീക്ഷിക്കുന്നതില്‍ വരെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍ സാധ്യതകള്‍ കമ്പനി പുതിയ പതിപ്പില്‍ പ്രയോജനപ്പെടുത്തുമെന്നാണ് വിവരം. ഷാവോമിയുടെ സ്മാര്‍ട് അസിസ്റ്റന്‍റ് സംവിധാനമായ ഷ്യാവോയും എംഐയുഐ 10 സ്മാര്‍ട്‌ഫോണിലുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുണ്ട്. ഈ വര്‍ഷം അവസാനത്തോടെയാവും പുതിയ പതിപ്പ് ഫോണുകളിലെത്തുക.