പട്ടാളപള്ളിയിലെ ഔഷധക്കഞ്ഞിക്ക് പറയാനുണ്ട് 200 കൊല്ലത്തെ ചരിത്രം
തിരുവിതാംകൂറിലെ രാജഭരണകാലത്ത് രാജ്യം കാക്കുന്ന പട്ടാളക്കാര്‍ക്കായി രാജാവ് നിര്‍മിച്ചു നല്‍കിയ പള്ളിയാണ് പാളയത്തുള്ള പട്ടാളപള്ളി. ഹൈദവ ദേവാലയത്തോട് അതിര്‍ത്തി പങ്കിടുന്ന പള്ളി രാജ്യ സൈന്യത്തിലെ മുസ്ലീം അംഗങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കാനും ഈദ്ഗാഹ് നടത്തുന്നതിന് വേണ്ടിയാണ് പണിതത്.
200 കൊല്ലത്തെ പഴക്കമുള്ള പള്ളി ഇന്ന് മത സൗഹാര്‍ദത്തിന്റെ പ്രതീകമാണ്. പുണ്യമാസത്തിന്റെ പിറവി അറിയിച്ചതോടെ പള്ളിയില്‍ വൈകുന്നേരം സംഘടിപ്പിക്കുന്ന ഇഫ്താര്‍ സല്‍ക്കാരത്തില്‍ എല്ലാ വേര്‍തിരിവുകളും ഭേദിക്കുന്ന കാഴ്ച്ചയാണ് കാണാന്‍ കഴിയുന്നത്.
തിരുവനന്തപുരത്തുള്ള പ്രദേശവാസികളും, സെക്രട്ടേറിയെറ്റിലെ ജീവനക്കാരും, കച്ചവടക്കാരും, കാല്‍നടക്കാരുമെല്ലാം റംസാന്‍ മാസത്തിലെ വൈകുന്നേരങ്ങളില്‍ പള്ളിയില്‍ ഒത്തുകൂടുന്നു.
ആരോഗ്യസംരക്ഷണത്തിന് പറ്റിയ ഭക്ഷണമായ ഔഷധക്കഞ്ഞിയാണ് ഇവിടുത്തെ സ്‌പെഷ്യല്‍. പ്രകൃതിയോട് ഇണങ്ങി ജീവിക്കുവാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നതാണ് പട്ടാളപ്പളിയിലെ ഇഫ്ദാര്‍ വിരുന്ന്.
1813ല്‍ നിര്‍മ്മിച്ച പള്ളി ആദ്യം ഇന്ന് കാണുന്നത് പോലെ ഇത്ര വലുതല്ലായിരുന്നില്ല. 1960ലാണ് പള്ളി പുതുക്കി പണിയുന്നത്. വൈകുന്നേരങ്ങളില്‍ നടക്കുന്ന ഇഫാതാര്‍ സംഗമത്തിന് ഒരു നൂറ്റാണ്ടിന്റെ ചരിത്രം തന്നെ പറയാനുണ്ട്.
ഈന്തപഴവും പഴങ്ങളും കഴിച്ച് നോമ്പ് മുറിച്ചതിന് ശേഷമാണ് സ്വാതിഷ്ടമായ കഞ്ഞി വിതരണം ചെയ്യുന്നത്. പൂര്‍ണമായി ഗ്രീന്‍ പ്രോട്ടോക്കോള്‍ പിന്‍തുടര്‍ന്നുകൊണ്ടാണ് ഇഫ്താര്‍ കാലത്ത് ഭക്ഷണം പാകം ചെയ്യുന്നത്. കഞ്ഞിയുണ്ടാക്കുമ്പോഴും വിതരണം ചെയ്യുമ്പോഴും ഒരു രീതിയിലുമുള്ള പ്ലാസ്റ്റിക്ക് ഉല്‍പ്പന്നങ്ങളും ഉപയോഗിക്കുന്നില്ല. ചരിത്രപരമായ വളരെ അധികം പ്രത്യേകതകളുള്ള പള്ളിയാണിത്.
മുസ്ലീം സൈനികര്‍ക്കായി പള്ളി നിര്‍മിച്ചത് പോലെ ഹിന്ദു സൈനികര്‍ക്കായി ഗണപതിയുടെ ക്ഷേത്രവും ഇവിടെയുണ്ട്. പ്രമുഖ എഴുത്തുകാരി കമലദാസിന്റെ ഖബര്‍ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.