നിപ വൈറസ്: സര്‍വകക്ഷി യോഗം 25ന്
നിപ വൈറസ് ഭീതി ജനങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഈ മാസം 25ന് ഉച്ചയ്ക്ക് രണ്ടു മണിക്ക് കോഴിക്കോട് സര്‍വകക്ഷി യോഗം വിളിക്കും. മന്ത്രിമാരായ കെ കെ ശൈലജ ടീച്ചര്‍, ടി പി രാമകൃഷ്ണന്, എ കെ ശശീന്ദ്രന് എന്നിവരുടെ നേതൃത്വത്തിലാണ് യോഗം വിളിക്കുന്നത്. എം പിമാര്‍, എംഎല്‍എമാര്‍ മറ്റ് ജനപ്രതിനിധികള്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. അന്നേ ദിവസം വൈകീട്ട് നാലു മണിക്ക് പഞ്ചായത്ത് പ്രസിഡന്റ്മാര്‍, ആരോഗ്യ വിദഗ്ധര്‍ എന്നിവരുടെ യോഗം കൂടുമെന്നും മന്ത്രി ശൈലജ ടീച്ചര്‍ അറിയിച്ചു.
അതേസമയം നിപ വൈറസിനെ നേരിടാന്‍ റിബാവിറിന്‍ മരുന്നെത്തിക്കും. വൈറസിനെ നിയന്ത്രിക്കാന്‍ അല്പമെങ്കിലും ഫലപ്രദമെന്നു കണ്ട ഏക മരുന്നാണിത്. വവ്വാലിനെ ഭയക്കേണ്ടതില്ല. വവ്വാലുകളുടെ ആവാസകേന്ദ്രങ്ങള്‍ തകര്‍ക്കരുത്. വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതില്‍ നിന്നും എല്ലാവരും പിന്തിരിയണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. രോഗം നിയന്ത്രിക്കുന്നതിന് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളില്‍ മന്ത്രിസഭ യോഗം തൃപ്തി രേഖപ്പെടുത്തി. രോഗം പടരാതിരിക്കാനുള്ള എല്ലാ നടപടികളും സര്‍ക്കാര്‍ കൈക്കൊണ്ടിട്ടുണ്ട്.
നിപ വൈറസ് ബാധിച്ചതായി സംശയം തോന്നിയയുടന്‍ എന്‍സിഡിസിയുമായും കേന്ദ്രസര്‍ക്കാരുമായും ബന്ധപ്പെട്ടിരുന്നുവെന്നും അവര്‍ മികച്ച പിന്തുണ നല്‍കിയതായും മന്ത്രി അറിയിച്ചു. കോഴിക്കോടും മലപ്പുറത്തും മികച്ച രീതിയിലുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടന്നു വരുന്നത്. നിപ വൈറസ് ബാധയേറ്റ് മരിച്ചവരുടെ കുടുംബാംഗങ്ങളുടെ ദു:ഖത്തില്‍ സര്‍ക്കാരും പങ്കുചേരുകയാണ്. സര്‍ക്കാരിന്റെ ആദരാഞ്ജലി അര്‍പ്പിക്കാന്‍ ഇന്ന് വൈകീട്ട് 5.30ന് നിശാഗന്ധിയില്‍ പ്രത്യേക അനുസ്മരണ യോഗം ചേരും. മന്ത്രിമാര്‍, എംഎല്‍എമാര്‍, ജനപ്രതിനിധികള്‍, സാമൂഹിക സാംസ്കാരിക നായകന്മാര്, പൊതുജനങ്ങള്‍ പങ്കെടുക്കും.