News

നിപ വൈറസ് ബാധ നിയന്ത്രണ വിധേയം: ആരോഗ്യമന്ത്രി

നിപ വൈറസ് ബാധ നിയന്ത്രണ വിധേയമായെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. രോഗീപരിചരണത്തിനിടെ മരണപ്പെട്ട നഴ്‌സ് ലിനിയുടെ കുട്ടികള്‍ക്ക് 10 ലക്ഷം രൂപ വീതം ധനസഹായം നല്‍കും. ഭര്‍ത്താവിന് സര്‍ക്കാര്‍ ജോലി നല്‍കുന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. ഒപ്പം നിപ വൈറസ് ബാധയേറ്റ് മരിച്ചവരുടെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ വീതം സഹായധനം നല്‍കാനും ഇന്നു ചേര്‍ന്ന മന്ത്രിസഭായോഗത്തില്‍ തീരുമാനമായി.

വൈറസ് ബാധയേറ്റ് ചികിത്സയില്‍ കഴിയുന്നവരുടെ മുഴുവന്‍ ചികിത്സാചെലവും സര്‍ക്കാര്‍ വഹിക്കും. രോഗപ്രതിരോധത്തിനുള്ള മുന്‍കരുതല്‍ നടപടികള്‍ സര്‍ക്കാര്‍ കൈക്കൊള്ളുന്നുണ്ട്. ഇതിനുവേണ്ടി ആരോഗ്യ വകുപ്പ്, സ്‌പെഷ്യല്‍ വാര്‍ഡ്, പ്രത്യേക സ്റ്റാഫ് എന്നിവ നിശ്ചയിക്കുന്നതിനുള്ള നടപടി സര്‍ക്കാര്‍ എടുത്തുകഴിഞ്ഞതായും മന്ത്രി പറഞ്ഞു.

എയിംസില്‍ നിന്നുള്ള പ്രത്യേക സംഘം ആശുപത്രിയിലെത്തി ഇങ്ങനെയുള്ള ബുദ്ധിമുട്ട് എങ്ങനെ നേരിടണമെന്ന് പരിശീലനം നല്‍കുന്നുണ്ട്. പ്രതിരോധ നടപടികള്‍ക്ക് കക്ഷി രാഷ്ട്രീയ ഭേതമന്യേ എല്ലാ മേഖലയില്‍ നിന്നുള്ളവരുടെയും പിന്തുണ ലഭിച്ചിച്ചുണ്ട്. മരിച്ചവരുടെ കുടുംബത്തോടുള്ള അനുശോചനം  രേഖപ്പെടുത്തുന്നതായും മന്ത്രി പറഞ്ഞു.

അതെസമയം നിപ വൈറസ് പടരുന്നതിനെക്കുറിച്ച് കേള്‍ക്കുന്ന കിംവദന്തികളില്‍ ആശങ്ക പ്പെടാതിരിക്കാന്‍ ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവം സംസ്ഥാനത്തെ ജനങ്ങളോടഭ്യര്‍ത്ഥിച്ചു.  നിപ വൈറസ് സംബന്ധിച്ച് സംസ്ഥാന ആരോഗ്യവകുപ്പ് നല്‍കിയിട്ടുള്ള ഉപദേശങ്ങളും നിര്‍ദേശങ്ങളും കൃത്യമായി പാലിക്കാനും നമ്മുടെ ഡോക്ടര്‍മാരുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും കേന്ദ്രത്തില്‍നിന്നുള്ള വിദഗ്ധരുടെയും കാര്യക്ഷമതയില്‍ പൂര്‍ണ വിശ്വാസമര്‍പ്പിക്കാനും അദ്ദേഹം ജനങ്ങളോടഭ്യര്‍ത്ഥിച്ചു