News

വിദേശ വിനോദസഞ്ചാരികള്‍ക്ക് ദീര്‍ഘകാല വിസ നല്‍കണമെന്ന് കേന്ദ്ര ടൂറിസം മന്ത്രാലയം

രാജ്യത്തേക്കുള്ള വിദേശ വിനോദ സഞ്ചാരികളുടെ വരവ് വര്‍ധിപ്പിക്കാന്‍ ദീര്‍ഘകാല വിസകളടക്കമുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ച് കേന്ദ്ര ടൂറിസം മന്ത്രാലയം. മൂന്നു വര്‍ഷത്തിനുള്ളില്‍ വിദേശ ടൂറിസ്റ്റുകളുടെ വരവ് ഇരട്ടിപ്പിക്കാന്‍ ദീര്‍ഘകാല വിസകള്‍ അവതരിപ്പിക്കല്‍, ചില മേഖലകളിലേക്കുള്ള യാത്രാ നിയന്ത്രണങ്ങളിലുള്ള ഇളവുകള്‍, പ്രമുഖ വിനോദ സഞ്ചാര മേഖലകളിലേയ്ക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍ തുടങ്ങിയ നടപടികളാണ് ശുപാര്‍ശ ചെയ്യുന്നതെന്ന് കേന്ദ്ര ടൂറിസം മന്ത്രി അല്‍ഫോന്‍സ്‌ കണ്ണന്താനം പറഞ്ഞു.

നിലവില്‍ രാജ്യം മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസകള്‍ നല്‍കുന്നുണ്ട്. യുഎസിലും മറ്റു രാജ്യങ്ങളിലും ഉള്ളപോലെ അഞ്ച്, പത്ത് വര്‍ഷത്തേക്കുള്ള വിസയാണ് ഇവിടെ ആവശ്യം. ഈ ആവശ്യമുന്നയിച്ച് വിവിധ മന്ത്രാലയങ്ങള്‍ക്ക് കത്തെഴുതുമെന്ന് മന്ത്രി വ്യക്തമാക്കി. നിലവില്‍ 60 ദിവസമാണ് ഇന്ത്യയിലെ വിസ കാലാവധി. 2017ല്‍ രാജ്യത്തേക്കുള്ള വിദേശ വിനോദ സഞ്ചാരികളുടെ വരവ് 15.7 ശതമാനം വര്‍ധിച്ച് 10 ദശലക്ഷത്തില്‍ എത്തിയിരുന്നു. ടൂറിസ്റ്റുകളുടെ എണ്ണത്തിലുള്ള വളര്‍ച്ചയുടെ ആഗോള ശരാശരി അഞ്ച് ശതമാനമായിരിക്കെയാണ് ഇന്ത്യയുടെ മികച്ച പ്രകടനം. അടുത്ത 10 വര്‍ഷത്തിനുള്ളില്‍ 10 ദശലക്ഷം സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതികളാണ് തയ്യാറാക്കുന്നതെന്ന് ടൂറിസം മന്ത്രി വ്യക്തമാക്കി.

അടുത്ത മൂന്നു വര്‍ഷത്തില്‍ വിനോദ സഞ്ചാരികളുടെ എണ്ണം 20 ദശലക്ഷത്തിലേയ്ക്ക് എത്തിക്കണം. വിദേശ വിനോദ സഞ്ചാരികളുടെ വരവില്‍നിന്ന് കഴിഞ്ഞ വര്‍ഷം 27 ബില്യണ്‍ ഡോളറാണ് രാജ്യം നേടിയത്. അടുത്ത അഞ്ച്-ഏഴ് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇത് 100 ബില്യണ്‍ ഡോളര്‍ ആകും. കണ്ണന്താനം പറഞ്ഞു. അരുണാചല്‍ പ്രദേശ്‌, സിക്കിം തുടങ്ങിയ സംസ്ഥാനങ്ങളിലേയ്ക്ക് വിദേശ വിനോദ സഞ്ചാരികള്‍ക്കുള്ള നിയന്ത്രണങ്ങള്‍ കുറയ്ക്കാനുള്ള ടൂറിസം മന്ത്രാലയത്തിന്‍റെ നിര്‍ദേശം കേന്ദ്ര ആഭ്യന്തര മന്ത്രാലയം അംഗീകരിച്ചിട്ടുണ്ട്. ലക്ഷദ്വീപ് പോലുള്ള സ്ഥലങ്ങളിലേയ്ക്കുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിക്കാനും മന്ത്രാലയം നിര്‍ദേശിച്ചിട്ടുണ്ട്.

ഖജുരാഹോ, ഔറംഗാബാദ്, അഹമ്മദാബാദ്, ശ്രീനഗര്‍, ഗുവഹാത്തി എന്നിവിടങ്ങളിലേക്കുള്ള വ്യാമയാന ബന്ധം മെച്ചപ്പെടുത്താന്‍ കേന്ദ്രവ്യാമയാന മന്ത്രാലയത്തോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഖജുരാഹോയിലേയ്ക്ക് പ്രതിദിന എയര്‍ ഇന്ത്യ സര്‍വീസ്, അജന്ത-എല്ലോറ ഗുഹകളിലെത്താന്‍ ഔറംഗാബാദിലേയ്ക്ക് മെച്ചപ്പെട്ട വ്യോമയാനബന്ധം, ശ്രീനഗറിലേയ്ക്ക് കൊല്‍ക്കത്തയില്‍ നിന്നും അഹമ്മദാബാദില്‍ നിന്നും നേരിട്ട് വിമാന സര്‍വീസുകള്‍, ഗുവഹാത്തിയില്‍ നിന്നും തെക്കു കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളിലേയ്ക്ക് അന്താരാഷ്‌ട്ര വിമാന സര്‍വീസുകള്‍, കൊച്ചി, ഗോവ, ജയ്പൂര്‍, എന്നിവിടങ്ങളിലേയ്ക്ക് ട്രയാങ്കുലര്‍ഫ്ലൈറ്റ്, വാരണാസിയിലേയ്ക്കും ഹംപിയിലേയ്ക്കും കൂടുതല്‍ വിമാനങ്ങള്‍ എന്നിവയും കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. ചൈനയടക്കമുള്ള രാജ്യങ്ങളില്‍ മന്ത്രാലയത്തിന്‍റെ ഓഫീസുകള്‍ സ്ഥാപിച്ച് കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുമെന്നും മന്ത്രി പറഞ്ഞു.