30 തികയാത്ത ബിരുദധാരികള്‍ക്ക് കുവൈത്തില്‍ വിസ അനുവദിക്കില്ല
ജൂലായ് ഒന്നുമുതല്‍ കുവൈത്തില്‍ 30 വയസ്സ് തികയാത്ത വിദേശികളായ ബിരുദ, ഡിപ്ളോമ ധാരികള്‍ക്ക് വിസ അനുവദിക്കില്ലെന്ന് പബ്ലിക് മാന്‍പവര്‍ അതോറിറ്റി അറിയിച്ചു. ഇതു സംബന്ധിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് ഉടനുണ്ടാകും. എന്നാല്‍ ഗാര്‍ഹിക തൊഴിലാളികള്‍ക്കായി വരുന്നവര്‍ക്ക് പ്രായം ബാധകമായിരിക്കില്ല.
യുവാക്കള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം അവരുടെ രാജ്യത്തുതന്നെ പരിശീലനം പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റോടെ കുവൈത്തില്‍ എത്തിയാല്‍ മതിയെന്നാണ് തീരുമാനം.
വിദ്യാഭ്യാസം പൂര്‍ത്തിയാക്കി ഉടനെ തൊഴില്‍തേടിയെത്തുന്നവര്‍ ഒരു മുന്പരിചയവുമില്ലാതെ തൊഴിലിടം പരിശീലനകേന്ദ്രമായി ഉപയോഗിക്കുകയാണ്. രാജ്യത്തിനുവേണ്ടത് തൊഴില്‍പരിചയവും വിദ്യാഭ്യാസയോഗ്യതയും ഉള്ളവരെയാണെന്നും അതോറിറ്റി വിലയിരുത്തി.
രാജ്യത്തെ തൊഴില്‍ശക്തിയില്‍ വലിയ അന്തരമാണ് വിദേശികളും സ്വദേശികളും തമ്മിലുള്ളത്. ഈ സാഹചര്യത്തിലാണ് വിദേശികളെ കുറച്ച് സ്വദേശികള്‍ക്ക് തൊഴിലവസരം ഒരുക്കുന്നതിനുള്ള നടപടികള്‍ ശക്തമാക്കിയത്.