News

ഉടമകള്‍ ഹൗസ് ബോട്ട് സമരം പിന്‍വലിച്ചു; തൊഴിലാളികള്‍ സമരം തുടങ്ങി

ഹൗസ് ബോട്ട് ഉടമകൾ നടത്തി വന്നിരുന്ന അനിശ്ചിത കാല സമരം പിൻവലിച്ചു. കലക്ടറുമായി നടത്തിയ ചർച്ചയെ തുടര്‍ന്നാണ് ചര്‍ച്ച പിൻവലിച്ചത്. സമരത്തിലുണ്ടായിരുന്ന അഞ്ച് ഹൗസ് ബോട്ട് സംഘടനകളുടെ സംയുക്ത സമിതി പ്രതിനിധികളാണ് കലക്ടർ ടി വി അനുപമ വിളിച്ചു ചേർത്ത ചർച്ചയിൽ പങ്കെടുത്തത്.

ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ജൂൺ അഞ്ചിനും പത്തിനും ഇടയിലുള്ള ഒരുദിവസം ആലപ്പുഴയിലെത്തി മേഖലയിലെ പ്രശ്ന പരിഹാരത്തിനായി ചർച്ച നടത്താമെന്ന് അറിയിച്ചതിനെ തുടർന്നാണു സമരം പിൻവലിച്ചതെന്ന് സംഘടനാ പ്രതിനിധികൾ അറിയിച്ചു. ഇന്നു മുതൽ എല്ലാ ഹൗസ് ബോട്ടുകളും സർവീസ് നടത്തുമെന്നും ഇവർ പറഞ്ഞു.

അതേസമയം, ഉടമകളുടെ സംഘടനകൾ പിന്മാറിയതിനു പിന്നാലെ ഒരുവിഭാഗം ഹൗസ്ബോട്ട് ജീവനക്കാർ ആലപ്പുഴയിൽ സമരം തുടങ്ങി. സിഐടിയു, ബിഎംഎസ് യൂണിയനുകളിലെ തൊഴിലാളികളാണു സമരം തുടങ്ങിയത്. ഇതോടെ ഭൂരിഭാഗം ഹൗസ്ബോട്ടുകളുടേയും സർവീസ് മുടങ്ങി. രാവിലെ പുന്നമട ഫിനിഷിങ് പോയിന്‍റില്‍ സമരക്കാർ വള്ളങ്ങൾ തടഞ്ഞു. വർധിപ്പിച്ച സേവന വ്യവസ്ഥകൾ അടങ്ങിയ കരാർ യൂണിയൻ ഓഫിസിൽ എത്തി ഒപ്പിട്ടു നൽകണമെന്നാണു സമരം ചെയ്യുന്ന തൊഴിലാളി യൂണിയനുകളുടെ ആവശ്യം.