Tech

മോട്ടോറോള ജി 6 ജൂണ്‍ നാലിന് ഇന്ത്യന്‍ വിപണിയില്‍

മോട്ടോറോളയുടെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണായ മോട്ടോ ജി6 ജൂണ്‍ നാലിന് വിപണിയിലെത്തും. ആമസോണ്‍ ഇന്ത്യയുടെ വെബ്‌സൈറ്റില്‍ തിയ്യതി സ്ഥിരീകരിച്ച് ഫോണ്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി നോട്ടിഫൈ മീ ബട്ടനും നല്‍കിയിട്ടുണ്ട്. എന്നാല്‍ ഫോണിന്‍റെ വില എന്തായിരിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല.

വലിയ ഡിസ്‌പ്ലേയും വേഗമേറിയ പ്രൊസസറും കൂടുതല്‍ റാം ശേഷിയും മോട്ടോ ജി6 ഫോണിന്‍റെ പ്രധാന സവിശേഷതകളാണ്. ഡ്യുവല്‍ സിം സ്മാര്‍ട്‌ഫോണായ മോട്ടോ ജി6ല്‍ 5.7 ഇഞ്ച് ഫുള്‍ എച്ച്ഡി സ്‌ക്രീനാണ് ഉപയോഗിച്ചിരിക്കുന്നത്. 1.8 ജിഗാഹെഡ്സ് സ്നാപ്ഡ്രാഗണ്‍ ഓക്ടകോര്‍ പ്രൊസസറില്‍ 3ജിബി റാം, 32 ജിബി സ്റ്റോറേജ്, 4 ജിബി റാം, 64 ജിബി സ്റ്റോറേജ് പതിപ്പുകളാണ് ജി 6നുള്ളത്.

128 ജിബി വരെയുള്ള എസ്ഡി കാര്‍ഡ് ഉപയോഗിക്കാം. ഫിങ്കര്‍പ്രിന്‍റ് സ്‌കാനറും ഫെയ്സ് അണ്‍ലോക്ക് ഫീച്ചറും ഈ ഫോണിനുണ്ട്. മോട്ടോ ജി 6ല്‍ 12-5 മെഗാപിക്സല്‍ റിയര്‍ ക്യാമറയും എട്ട് മെഗാപിക്‌സല്‍ സെല്‍ഫിക്യാമറയുമാണുള്ളത്. 3000 എംഎഎച്ച് ബാറ്ററിയാണ് ജി 6നു കരുത്തുപകരുക.