India

ഡല്‍ഹി മെട്രോ റെയില്‍ മജന്ത പാത 28ന്

ഡല്‍ഹി മെട്രോ റെയില്‍ മജന്ത പാതയുടെ ജനക്പുരി വെസ്റ്റ്-കല്‍കാജി മന്ദിര്‍ ഭാഗം 28ന് ഉദ്ഘാടനം ചെയ്യും. 29നു രാവിലെ മുതല്‍ സര്‍വീസ് തുടങ്ങുമെന്ന് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ (ഡിഎംആര്‍സി) അറിയിച്ചു. മെട്രോ മൂന്നാം ഘട്ടത്തിലെ ഏറ്റവും നീളമുള്ള പാതയായി മജന്ത മാറും.

ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ മുതല്‍ കല്‍കാജി വരെയുള്ള ഭാഗം നേരത്തെ തുറന്നു നല്‍കിയിരുന്നു. 28നു നെഹ്‌റു എന്‍ക്ലേവ് മെട്രോ സ്റ്റേഷനില്‍ നടക്കുന്ന ചടങ്ങില്‍ കേന്ദ്ര നഗരവികസന മന്ത്രി ഹര്‍ദീപ് സിങ് പുരി, മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍ഹിക്കും.

തുടര്‍ന്ന് ഇവര്‍ ഹൗസ് ഖാസ് വരെ യാത്ര ചെയ്യും. പൊതുജനങ്ങള്‍ക്കുള്ള സര്‍വീസ് തൊട്ടടുത്ത ദിവസം മുതലാണ് ആരംഭിക്കുക. 25.6 കിലോമീറ്റര്‍ നീളമുള്ള ഭാഗമാണു 28നു തുറക്കുന്നത്. പുതിയ പാത വരുന്നതോടെ നോയിഡ ഭാഗത്തു നിന്നുള്ളവര്‍ക്കു രാജീവ് ചൗക്കിലും മറ്റും എത്താതെ സൗത്ത് ഡല്‍ഹി ഭാഗത്തേക്ക് എത്താനുള്ള വഴിതുറന്നു ലഭിക്കും.

16 സ്റ്റേഷനുകളാണു പുതിയ ഭാഗത്തുള്ളത്. മജന്ത പാത തുറക്കുന്നതോടെ ഡല്‍ഹി മെട്രോയുടെ മൂന്നാം ഘട്ടത്തിലെ 88 കിലോമീറ്റര്‍ ഉപയോഗക്ഷമമാകും. മൂന്നാം ഘട്ടത്തിലെ അവശേഷിക്കുന്ന 72 കിലോമീറ്ററിന്റെ നിര്‍മാണം പുരോഗമിക്കുകയാണ്.