നല്ല മൊഞ്ചത്തി പുട്ട് വേണോ കണ്ണൂരേക്ക് വാ ഈടെയുണ്ട് എല്ലാം
ഒരു പേരില്‍ എന്തിരിക്കുന്നു എന്ന പ്രയോഗം നാം എത്ര തവണ കേട്ടിരിക്കുന്ന. ആ പ്രയോഗത്തിനെ അന്വര്‍ത്ഥമാക്കുന്ന ഒരിടമാണ് കണ്ണൂര്‍ എം എ റോഡിലെ ഒണക്കര്‍ ഭാരതി ഹോട്ടല്‍. ഹോട്ടലിന് പുറത്ത് നിന്ന് തന്നെ തുടങ്ങുന്നതാണ് വിശേഷങ്ങള്‍. ആ പ്രദേശത്ത് ചെന്ന് ഹോട്ടല്‍ കണ്ടുപിടിക്കാം എന്ന് വെച്ചാല്‍ നമ്മള്‍ പെടും കാരണം ഹോട്ടലിന് നെയിം ബോര്‍ഡ് ഇല്ല. ഭക്ഷണപ്രേമികള്‍ ഒരിക്കല്‍ എത്തിയാല്‍ നാവിന്‍ തുമ്പില്‍ സ്വാദ് മായാതെ നില്‍ക്കും. അത്രയ്ക്ക് പേരും പെരുമയും ഉണ്ട് അവിടുത്തെ ഭക്ഷണത്തിന്.
75 കൊല്ലമായി കണ്ണൂര്‍ നഗരത്തിന് രുചി വിളമ്പുന്ന ഒണക്കന്‍ ഭാരതിയുടെ ഹൈലൈറ്റ് പുട്ടും മട്ടന്‍ ചാപ്‌സുമാണ്. പഴമ നിലനിര്‍ത്തി ഇപ്പോഴും ഹോട്ടല്‍ ന്യൂ ജെന്‍ ആയി തുടരുന്നത് ഈ രുചി പെരുമ കൊണ്ടാണ്.
പതിറ്റാണ്ടുകളായി രീതികളൊന്നും മാറിയിട്ടില്ല. പഴയ ബെഞ്ചും ഡെസ്‌കും സെറാമിക് പ്ലേറ്റുകളും. പുട്ടുണ്ടാക്കുന്നത് ഇപ്പോഴും മുളകൊണ്ടുള്ള പുട്ടുകുറ്റിയില്‍. ഭക്ഷണം തയാറാക്കുന്നതിനുള്ള ധാന്യങ്ങളും പലവ്യഞ്ജനങ്ങളുമെല്ലാം വീട്ടില്‍ തന്നെ ഒരുക്കുന്നത്.
കേരളത്തിന്റെ പരമ്പരാഗത പ്രാതല്‍ ഇനമായ പുട്ട് തന്നെയാണ് ഇവിടെ എപ്പോഴും വിളമ്പുന്നത്. ലഞ്ചും ഡിന്നറും എല്ലാം പുട്ടു തന്നെ. രാവിലെ ആറിനു തുടങ്ങുന്ന പുട്ടുകച്ചവടം രാത്രി 8.30 വരെ തുടരും. പുട്ടും മട്ടനും ഒപ്പം പപ്പടവും ചേര്‍ന്നാല്‍ ക്രിസ്പി ഫുഡ് റെഡി. വെജിറ്റേറിയന്‍ വേണ്ടവര്‍ക്ക് ചെറുപയര്‍ കറിയോ പഴമോ കിട്ടും.
പുട്ടിനു പുറമെ ഒണക്കനിലെ മറ്റൊരു ജനപ്രിയ ഇനമാണ് അവിലും പാലും. ഇംഗ്ലിഷുകാരുടെ പ്രാതല്‍ ഇനമായ കോണ്‍ഫ്‌ലക്‌സ് വിത്ത് മില്‍ക്കിന്റെ നാടന്‍ പതിപ്പ്. കോണ്‍ഫ്‌ലക്‌സിനു പകരം അവല്‍ ആണെന്നു മാത്രം. അവലില്‍ പാലും പഞ്ചസാരയും ചേര്‍ത്ത് കഴിക്കാം.അടിച്ചായ എന്നു വിളിക്കുന്ന നീട്ടിയടിച്ചു തയാറാക്കുന്ന നാടന്‍ചായ കൂടി കഴിച്ചാല്‍ മനവും വയറും നിറയും.
ഭാരതി വിലാസം ഹോട്ടല്‍ എന്നാണ് ഒണക്കന്‍ ഭാരതി ഹോട്ടലിന്റെ യഥാര്‍ത്ഥ പേര്.പതിറ്റാണ്ടുകള്‍ക്കു മുന്‍പ് അഴീക്കോട് സ്വദേശി ഒണക്കന്‍ ആരംഭിച്ചതാണ് ഈ ഹോട്ടല്‍. അന്ന് ഭാരതി ഹോട്ടല്‍ വേറെയും ഉണ്ടായിരുന്നതിനാല്‍ എംഎ റോഡിലെ ഹോട്ടലിനെ ആളുകള്‍ ഒണക്കന്‍ ഭാരതി എന്നുവിളിച്ചു. ഒണക്കന്റെ സഹോദര പുത്രന്‍ സുമേഷ് ആണ് ഇപ്പോള്‍ ഹോട്ടല്‍ നടത്തുന്നത്.