പൊതുഗതാഗത വാഹനങ്ങളില്‍ ജിപിഎസ് സംവിധാനം: ആദ്യഘട്ടം സ്കൂള്‍ ബസുകളില്‍
സംസ്ഥാനത്തെ എല്ലാ പൊതുഗതാഗത വാഹനങ്ങളിലും മോട്ടോർ വാഹന വകുപ്പ് ജിപിഎസ് (ഗ്ലോബൽ പൊസിഷനിങ് സിസ്റ്റം) അധിഷ്ഠിത നിരീക്ഷണ സംവിധാനം നടപ്പാക്കുന്നു. ആദ്യപടിയായി ജൂലൈയില്‍ സ്കൂൾ വാഹനങ്ങളിൽ സംവിധാനം നിലവിൽ വരും. ഇതിന് പ്രാഥമിക നടപടി പൂർത്തിയായി. വാഹന നിരീക്ഷണത്തിന് സർക്കാർതലത്തിൽ രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു സംവിധാനം.
ജില്ലതലങ്ങളിലെ മിനികൺട്രോൾ റൂമുകളില്‍ തിരുവനന്തപുരത്തെ കേന്ദ്രീകൃത കൺട്രോൾ റൂമും വഴി വാഹനങ്ങളെ 24 മണിക്കൂറും നിരീക്ഷിക്കാനുള്ള സംവിധാനമാണ് ഒരുക്കുന്നത്. വേഗം, റൂട്ട്, നിയമലംഘനങ്ങൾ എന്നിവ ഇതുവഴി നിരീക്ഷിക്കാനാകും. വാഹനം അപകടത്തിൽപെട്ടാൽ ഉടൻ സമീപത്തെ മോട്ടോർ വാഹന വകുപ്പിന്റെ എൻഫോഴ്സ്മെന്റ് വാഹനത്തിലും പൊലീസ് സ്റ്റേഷനിലും കൺട്രോൾ റൂമിലും സന്ദേശമെത്തും. റൂട്ട് മാറി ഒാടുന്നതും ഡ്രൈവറുടെ പെരുമാറ്റവുമടക്കം കാര്യങ്ങൾ നിരീക്ഷിക്കാൻ സംവിധാനമുണ്ട്.
ഒാരോ ബസിലും നാല് എമർജൻസി ബട്ടൻ ഉണ്ടാകും. അടിയന്തരഘട്ടങ്ങളിൽ യാത്രക്കാർ ഇൗ ബട്ടൻ അമർത്തിയാൽ സമീപത്തെ പൊലീസ് സ്റ്റേഷനിലും എൻഫോഴ്സ്മെന്റ് വാഹനത്തിലും കൺട്രോൾ റൂമിലും വിവരമെത്തും. ടാക്സി കാറുകളിൽ ഇത്തരം രണ്ട് ബട്ടണുകള്‍ ഉണ്ടാകും. വാഹനങ്ങളിൽ സ്ഥാപിക്കുന്ന വെഹിക്കിൾ ലൊക്കേഷൻ ട്രാക്കിങ് (വിഎൽ.ടി) യൂനിറ്റുകൾ വഴിയാണ് സംവിധാനം നടപ്പാക്കുന്നത്. ചെലവ് വാഹന ഉടമകൾ വഹിക്കണം. സ്കൂൾ വാഹനങ്ങൾക്ക് പിന്നാലെ ബസുകൾ, ട്രക്കുകൾ, ടാക്സികൾ, കരാർ വാഹനങ്ങൾ തുടങ്ങിയവയും ജിപിഎസ് അധിഷ്ഠിത നിരീക്ഷണ സംവിധാനത്തിന് കീഴിൽ കൊണ്ടുവരും.