പാഞ്ചഗണി: മലമുകളിലെ സ്വര്‍ഗം
ഹില്‍ സ്റ്റേഷനായ പാഞ്ചഗണി മഹാരാഷ്ട്രയിലെ പ്രകൃതിഭംഗിക്ക് പേരുകേട്ട വിനോദസഞ്ചാര കേന്ദ്രങ്ങമാണ്. ബ്രിട്ടീഷുകാര്‍ ഇന്ത്യ ഭരിച്ചിരുന്ന കാലത്താണ് പാഞ്ചഗണി ഹില്‍ സ്റ്റേഷന്‍ കണ്ടു പിടിച്ചത്. ബ്രിട്ടീഷ് ഉദ്യോഗസ്ഥനായിരുന്ന ജോണ്‍ ചെസ്സനാണ് പാഞ്ചഗണി കണ്ടുപിടിച്ചിതിന്‍റെ ബഹുമതി. സമുദ്രനിരപ്പില്‍ നിന്നും ഏതാണ്ട് 1350 മീറ്റര്‍ ഉയരത്തിലാണ് ഈ ടൂറിസ്റ്റ് കേന്ദ്രം സ്ഥിതിചെയ്യന്നത്. അഞ്ച് മലകള്‍ എന്നാണ് പ്രാദേശികഭാഷയില്‍ പാഞ്ചഗണി എന്ന വാക്കിനര്‍ത്ഥം.
ബ്രിട്ടീഷുകാരുടെ കാലത്ത് അറിയപ്പെടുന്ന വേനല്‍ക്കാല സുഖവാസകേന്ദ്രമായിരുന്നു പാഞ്ചഗണി. മനോഹരമായ കാലാവസ്ഥയ്ക്ക് പേരുകേട്ട സ്ഥലമാണിത്. മഴക്കാലത്ത് ചെറുവെള്ളച്ചാട്ടങ്ങളും തണുത്ത കാറ്റുമായി സഞ്ചാരികള്‍ക്ക് പ്രിയങ്കരമാകും പാഞ്ചഗണി. പാഞ്ചഗണി മനോഹരമായ ഉത്സവക്കാഴ്ച തന്നെയായിരിക്കും സഞ്ചാരികള്‍ക്ക് സമ്മാനിക്കുക. അസ്തമയം, സ്‌ട്രോബറി ചെടികള്‍ക്കിടയിലൂടെയുള്ള നടത്തവും പാരാഗ്ലൈഡിംഗും മറ്റുമായി മനോഹരമായ നിമിഷങ്ങളായിരിക്കും പാഞ്ചഗണി അതിഥികള്‍ക്കായി ഒരുക്കുക. പശ്ചിമേന്ത്യയിലെ ഏറ്റവും നല്ല പാരാഗ്ലൈഡിംഗ് കേന്ദ്രങ്ങളിലൊന്നാണ് പാഞ്ചഗണി എന്ന് നിസംശയം പറയാം.
4500 അടി ഉയരത്തില്‍, തണുത്ത കാറ്റില്‍ മനംമയക്കുന്ന താഴ്വാരക്കാഴ്ചകളാണ് പാരാഗ്ലൈഡിംഗ് സമ്മാനിക്കുക. കൃഷ്ണ നദിയിലൂടെയുള്ള ബോട്ടിംഗാണ് ഇവിടത്തെ മറ്റൊരാകര്‍ഷണം. ഇവിടത്തെ പേരുകേട്ട ബോട്ടിംഗ് പോയന്‍റണ് ധൂം ഡാം. സുന്ദരമായ കൃഷ്ണ താഴ്വാരത്തിന് സമീപത്തായി പ്രശസ്തമായ പാഴ്‌സി, സിഡ്‌നി പോയന്‍റ്കള്‍ കാണാം. ഭിലാര്‍ വെള്ളച്ചാട്ടമാണ് പാഞ്ചഗണിയില്‍ കാണേണ്ട മറ്റൊരു കാഴ്ച. പാഞ്ചഗണി ബസ് സ്റ്റാന്‍ഡില്‍ നിന്നും രണ്ടുകിലോമീറ്റര്‍ യാത്ര ചെയ്താല്‍ മനോഹരമായ ഈ ദൃശ്യങ്ങള്‍ കാണാം. ഹോഴ്‌സ് റൈഡിംഗ്, പാരാസെയ്‌ലിംഗ് പോലെയുള്ള ആക്ടിവിറ്റിസിന് പ്രശസ്തമാണിവിടം. മറ്റൊരു ആകര്‍ഷണമാണ് ഷേര്‍ബാഗ്.
പക്ഷികളും മുയലുകളും ടര്‍ക്കികളും അരയന്നങ്ങളും മറ്റുമായി നിറയെ കാഴ്ചകളുണ്ടിവിടെ. ഹാരിസണ്‍ വാലി, ഭീം ചൗള എന്നിവ തിരക്കിനിടയില്‍ കാണാതെ പോകരുത്. മനോഹരമായ ഹില്‍സ്റ്റേഷനില്‍ വീക്കെന്‍ഡുകളും മറ്റും ചെലവഴിക്കാനാണ് ആളുകള്‍ സാധാരണയായി ഇവിടെയത്തുന്നത്. മുംബൈ നഗരത്തിന്‍റെ തിരക്കില്‍ നിന്നും ഒന്നോ രണ്ടോ ദിവസം ചെലവഴിക്കാനായി എത്തുന്നവര്‍ക്കാ താമസിക്കാനായി ഇവിടെ മനോഹരമായ കോട്ടേജുകളുണ്ട്. ബ്രിട്ടീഷുകാരില്‍ നിന്നും പാഴ്‌സികളില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് നിര്‍മിച്ചതാണ് ഇവിടത്തെ കെട്ടിടങ്ങളില്‍ പലതും.
മുംബൈയില്‍ നിന്നും 285 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. മുംബൈ പൂനെ എക്‌സ്പ്രസ് വേയിലൂടെയാണ് യാത്ര. ഇനി മുംബൈയില്‍ നിന്നും ഗോവ റൂട്ടിലാണ് വരുന്നതെങ്കില്‍ പോളാപൂര്‍ കഴിഞ്ഞ് ആദ്യമെത്തുക മഹാബലേശ്വറിലായിരിക്കും. ഇവിടെ നിന്നും പാഞ്ചഗണി എത്താം. സെപ്തംബര്‍ മുതല്‍ മെയ് വരെയുള്ള സമയമാണ് പാഞ്ചഗണി സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യം. ശീതകാലത്ത് അന്തരീക്ഷതാപനില ഏതാണ്ട് 12 ഡിഗ്രി സെല്‍ഷ്യസ് മാത്രമായിരിക്കും. വേനല്‍ക്കാലവും പൊതുവെ തണുത്തതും ചൂടുകുറഞ്ഞതുമാണ്. വര്‍ഷത്തില്‍ ഏത് സമയത്തും വരാവുന്ന സ്ഥലമാണിത്.