ടൂറിസം കേന്ദ്രങ്ങളുടെ സുരക്ഷ വര്‍ധിപ്പിക്കാന്‍ നിര്‍ദേശങ്ങളായി
സംസ്ഥാനത്ത് എത്തുന്ന ടൂറിസ്റ്റുകളുടെയും ടൂറിസം കേന്ദ്രങ്ങളുടെയും പൂര്‍ണ സുരക്ഷ ഉറപ്പാക്കുന്നതിന് നിലവിലുള്ള സുരക്ഷാ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ ഉത്തരവു പുറപ്പെടുവിച്ചു. ഇന്ത്യയില്‍ ആദ്യമായി ടൂറിസം കേന്ദ്രങ്ങളില്‍ ടൂറിസം സംരക്ഷണ പൊലീസ് സഹായ കേന്ദ്രങ്ങള്‍ ആരംഭിച്ച സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. ഇത് കേരളത്തിലെ എല്ലാ ടൂറിസം കേന്ദ്രങ്ങളിലും ജൂണ്‍ 15നകം പ്രവര്‍ത്തനക്ഷമമാക്കാനാണ് ഉത്തരവില്‍ നിര്‍ദേശം.
സുരക്ഷ ഉറപ്പാക്കാന്‍ ജില്ലാ പൊലീസ് ഉദ്യോഗസ്ഥരെ പരിശീലനം നല്‍കി നിയോഗിക്കും. കൂടാതെ പുതുതായി സേനയിലെത്തിയ വനിതാ പൊലീസുകാരെയും ടൂറിസം പോലീസ് വിഭാഗത്തില്‍ നിയോഗിക്കും. സുരക്ഷാ നടപടികളുടെ ഭാഗമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, മറ്റു വകുപ്പുകള്‍, സ്ഥലങ്ങളിലെ ഹോട്ടലുകളും വ്യാപാര സ്ഥാപനങ്ങളും, ടാക്സി-ഓട്ടോ ഡ്രൈവര്‍മാര്‍ തുടങ്ങിയവരുടെ സഹകരണവും ഏകോപനവും ഉറപ്പുവരുത്തണമെന്ന് ബെഹ്‌റ നിര്‍ദേശിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വിനോദ സഞ്ചാര വകുപ്പ് എന്നിവയുടെ സഹായത്തോടെ നിരീക്ഷണ ക്യാമറകളും സ്ഥാപിക്കും. സഞ്ചാരികളുടെ സ്വകാര്യതയ്ക്ക് ഭംഗം വരാത്ത തരത്തിലാണ് ഈ നടപടികള്‍ നടപ്പാക്കുക.
ടൂറിസം കേന്ദ്രങ്ങളിലെ ഹോട്ടലുകളില്‍ താമസത്തിനെത്തുന്ന സഞ്ചാരികളുടെ വിവരങ്ങള്‍ ദിവസവും ബന്ധപ്പെട്ട ഹോട്ടലുകള്‍ പൊലീസിനെ അറിയിക്കണം. ടൂറിസം കേന്ദ്രങ്ങളില്‍ മയക്കുമരുന്നു കച്ചവടം, വ്യഭിചാരം, ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവയില്‍ ഏര്‍പ്പെടുന്നവരെക്കുറിച്ചുള്ള നിരീക്ഷണം ശക്തമാക്കും. കുറ്റകൃത്യവുമായി ബന്ധപ്പെട്ട് പരിശോധനകള്‍ വേണ്ടിവരുമ്പോള്‍ സഞ്ചാരികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാത്ത വിധത്തില്‍ നടത്തണം. ആയുര്‍വേദ, യോഗ കേന്ദ്രങ്ങള്‍ക്കും ഈ നിര്‍ദേശങ്ങള്‍ ബാധകമാണ്. അനധികൃതമായ ഇത്തരം കേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കില്ല.
ടൂറിസം കേന്ദ്രങ്ങളിലെ തെരുവുകച്ചവടക്കാര്‍ക്ക് അംഗീകൃത വ്യാപാരി എന്ന തിരിച്ചറിയല്‍ മുദ്ര ഉള്‍പ്പെടുന്ന യൂണിഫോം നിര്‍ബന്ധമാക്കണമെന്ന് ടൂറിസം വകുപ്പിനോട് ആവശ്യപ്പെടും. വഴിയോര കച്ചവടക്കാര്‍ പൊലീസ് സ്റ്റേഷനില്‍ അംഗീകൃത തിരിച്ചറിയല്‍ രേഖ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യാത്ത കച്ചവടക്കാരെ വിദേശികളുമായി ആശയവിനിമയം നടത്താനോ കച്ചവടം നടത്താനോ അനുവദിക്കില്ല. ടാക്സി-ഓട്ടോ ഡ്രൈവര്‍മാര്‍, പ്രദേശവാസികള്‍ എന്നിവരെ ഏകോപിപ്പിച്ച് സുരക്ഷാപ്രവര്‍ത്തനങ്ങളില്‍ സഹകരണം ഉറപ്പാക്കും.
വിദേശികളും ഇതരസംസ്ഥാന ടൂറിസ്റ്റുകളും കൂടുതലെത്തുന്ന പ്രധാന ടൂറിസം കേന്ദ്രങ്ങളിലെ പൊലീസ് സ്റ്റേഷനുകളില്‍ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നഡ, തെലുങ്ക് തുടങ്ങിയ ഭാഷകള്‍ സംസാരിക്കാനറിയുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ഉണ്ടെന്നു ഉറപ്പുവരുത്തും. ടൂറിസം പൊലീസിന്‍റെ യൂണിഫോം കാക്കിനിറത്തിലാക്കും. ടൂറിസ്റ്റ് സീസണുകളില്‍ കൂടുതല്‍ സേനാംഗങ്ങളെ നിയോഗിക്കും. നിയമവിരുദ്ധ പ്രവര്‍ത്തനം സംബന്ധിച്ച് സംശയം തോന്നിയാല്‍ ഇവര്‍ക്ക് ആവശ്യമായ പരിശോധനകള്‍ നടത്താം.
വിമാനത്താവളം, തുറമുഖം, റെയില്‍വേസ്റ്റേഷന്‍, ബസ് സ്റ്റാന്ഡ് തുടങ്ങിയ സ്ഥലങ്ങളില്‍ ടൂറിസ്റ്റുകള്‍ എത്തുമ്പോള്‍ എത്തുമ്പോള്‍ തന്നെ അവര്‍ക്ക് അംഗീകൃത ഗൈഡുകള്‍, സഹായക ഫോണ്‍ നമ്പരുകള്‍, ലൈസന്‍സുള്ള ഹോട്ടലുകള്‍, ടൂറിസം സ്പോട്ടുകള്‍, ആയുര്‍വേദ കേന്ദ്രങ്ങള്‍, ആശുപത്രികള്‍, തുടങ്ങിയ വിവരങ്ങള്‍ രേഖപ്പെടുത്തിയ വിവിധ വകുപ്പുകളോ, പൊലീസ് തയ്യാറാക്കിയതോ ആയ ലഘുരേഖകള്‍ നല്‍കും. ഇതു സംബന്ധിച്ച വിവരങ്ങള്‍ നല്‍കുന്ന മൊബൈല്‍ ആപ്ലിക്കേഷനും പുറത്തിറക്കും. ഇതോടൊപ്പം സഞ്ചാരികള്‍ മടങ്ങിപ്പോകുമ്പോള്‍ സുരക്ഷയെകുറിച്ചുള്ള അവരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ശേഖരിക്കും.
ടൂറിസം കേന്ദ്രങ്ങളില്‍ സ്ഥിതിചെയ്യുന്ന പൊലീസ് സ്റ്റേഷനുകളില്‍ നല്ല അന്തരീക്ഷം സൃഷ്ട്ടിക്കുകയും ഉദ്യോഗസ്ഥര്‍ക്ക് ക്ലാസുകള്‍ നല്‍കുകയും ചെയ്യും. സുരക്ഷാകാര്യത്തില്‍ മികച്ച സേവനം കാഴ്ചവെക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് പാരിതോഷികം നല്‍കും. ടൂറിസ്റ്റുകളുടെ സുരക്ഷ ഉറപ്പാക്കാനും അവലോകനം ചെയ്യാനും ജില്ല പൊലീസ് മേധാവിമാര്‍ സ്റ്റേഷന്‍ എസ്എച്ച്ഒയുമായി കൃത്യമായ ഇടവേളകളില്‍ യോഗം നടത്തണമെന്നും സംസ്ഥാന പൊലീസ് മേധാവി നല്‍കിയ നിര്‍ദേശത്തില്‍ പറയുന്നു.