കേരളത്തിൽ പെട്രോൾ വില റെക്കോർഡിൽ; ലിറ്ററിന് 80 രൂപ കടന്നു
കേരളത്തിൽ പെട്രോളിനും ഡീസലിനും ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തി. പെട്രോൾ വില സംസ്ഥാനത്ത് ലിറ്ററിന് 80 രൂപ രേഖപ്പെടുത്തി. തിരുവനന്തപുരത്ത് ഇന്നു പെട്രോൾ വില ലിറ്ററിന് 80.01 രൂപയും ഡീസലിന് 73.06 രൂപയുമായി. പെട്രോളിനും ഡീസലിനും ലിറ്ററിനു യഥാക്രമം 32 പൈസയും 24 പൈസയുമാണ് തിരുവനന്തപുരത്ത് ഇന്നു കൂടിയത്.
കൊച്ചിയിൽ ലിറ്ററിന് 78.62 രൂപയായി. ഡീസൽ വില 71.68 രൂപയായി. കോഴിക്കോട് പെട്രോൾ ലിറ്ററിന് 78.40 രൂപയും ഡീസലിന് 71.60 രൂപയുമായി. കർണാടക നിയമസഭാ തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ രാജ്യത്തൊന്നടങ്കം ഇന്ധനവില കുതിച്ചുകയറുകയാണ്. കഴിഞ്ഞ ആറു ദിവസവും വില വർധനവുണ്ടായി. വരുംദിനങ്ങളിലും വില കൂടിയേക്കും. നാലുരൂപ വരെ വർധനയ്ക്കു സാധ്യതയുണ്ടെന്നാണ് സൂചനകൾ.
കർണാടകയിലെ വോട്ടെടുപ്പിനു തൊട്ടുമുമ്പുള്ള 19 ദിവസങ്ങളിൽ ഇന്ധന വില വർധിപ്പിച്ചിരുന്നില്ല. ക്രൂഡോയിൽ വിലവർധന, ഡോളറുമായുള്ള വിനിമയമൂല്യത്തിൽ രൂപയ്ക്കുണ്ടായ ഇടിവ് എന്നിവയാണു വിലക്കയറ്റത്തിനു മുഖ്യ കാരണങ്ങൾ. വില താഴ്ന്നുനിന്നപ്പോൾ വർധിപ്പിച്ച നികുതികൾ കുറയ്ക്കാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തയാറായതുമില്ല.