വിദേശ വനിതാ ജീവനക്കാരുടെ മക്കൾക്ക് ഇനി ഒമാനില്‍ വിസയില്ല
ചെലവു ചുരുക്കൽ നടപടികളുടെ ഭാഗമായി വിദേശി വനിത ജീവനക്കാർക്ക് നൽകിവന്ന ഫാമിലി സ്റ്റാറ്റസിൽ ഒമാൻ ആരോഗ്യമന്ത്രാലയം ഭേദഗതി വരുത്തി. ഇതനുസരിച്ച് വിദേശ വനിതാ ജീവനക്കാരുടെ മക്കൾക്ക് ഇനി ആരോഗ്യമന്ത്രാലയത്തിന്റെ വിസ ലഭിക്കില്ല. നിലവിൽ കുട്ടികളുടെ വിസയുള്ളവർ അത് ഭർത്താവിന്റെ തൊഴിലുടമക്ക് കീഴിലേക്ക് മാറ്റണമെന്ന് മന്ത്രാലയത്തിലെ ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഓഫ് അഡ്മിനിസ്ട്രേഷൻ പുറപ്പെടുവിച്ച സർക്കുലർ പറയുന്നു.
സർക്കുലർ ലഭിച്ച് മൂന്നു മാസത്തിനുള്ളിൽ കുട്ടികളുടെ വിസ സർക്കാർ-സ്വകാര്യ മേഖലകളിലുളള ഭർത്താവിന്റെ തൊഴിലുടമക്ക് കീഴിലേക്ക് മാറ്റണമെന്നാണ് നിർദേശം. ഇനിമുതൽ മന്ത്രാലയത്തിന്റെ വിസയിലുള്ള കുട്ടികൾക്ക് ടിക്കറ്റുകൾ, ടിക്കറ്റിനുള്ള നഷ്ടപരിഹാരം, സൗജന്യ പരിശോധന തുടങ്ങിയ ആനുകൂല്യങ്ങൾ ലഭിക്കില്ലെന്നും സർക്കുലറിൽ പറയുന്നു. മന്ത്രാലയത്തിന്റെ പുതിയ തീരുമാനം മലയാളികൾ അടക്കമുള്ളവരെ ബാധിക്കും. ആരോഗ്യ മന്ത്രാലയത്തിൽ ഫാമിലി സ്റ്റാറ്റസിൽ ജോലി ചെയ്തിരുന്ന ദമ്പതിമാരിൽ ഭർത്താക്കന്മാർക്ക് അടുത്തിടെ നടന്ന ടെർമിനേഷനുകളിൽ ജോലി നഷ്ടപ്പെട്ടിരുന്നു.
ജോലി നഷ്ടപ്പെട്ടവർ തിരിച്ചെത്തി സ്വകാര്യ മേഖലയിലും ഫ്രീ വിസയിലും മറ്റും ജോലി ചെയ്യുന്നുണ്ട്. ഇവരുടെയെല്ലാം കുട്ടികൾ നിലവിൽ സ്ത്രീകളുടെ വിസയിലാണ് ഒമാനിലുള്ളത്. പുതിയ തീരുമാനപ്രകാരം ഇവരുടെ വിസ മാറ്റേണ്ടിവരും. ഇത് അധിക ബാധ്യതക്ക് വഴിയൊരുക്കും. ബാധ്യത മുൻനിർത്തി പലരും കുട്ടികളെ നാട്ടിലേക്കയച്ചേക്കും. ഇത് ഇന്ത്യൻ സ്കൂളുകളിലെ വിദ്യാർഥികളുടെ എണ്ണത്തെയും ബാധിക്കും. വിദേശ ജീവനക്കാർക്ക് നിരവധി നിയന്ത്രണങ്ങൾ അടുത്തിടെ മന്ത്രാലയം നടപ്പാക്കിയിരുന്നു. ഭാവിയിൽ കൂടുതൽ നിയന്ത്രണങ്ങൾ വരാനിടയുണ്ടെന്നും സൂചനയുണ്ട്.