800 കോടി രൂപ മുടക്കി ദുബൈയില്‍ പാലം വരുന്നു
800 കോടി രൂപ മുടക്കി ദുബൈയില്‍ ക്രീക്കിനു മുകളിലൂടെ ഷിന്ദഗ പാലം പണിയുന്നു. 10,000 കോടി രൂപയുടെ ഷിന്ദഗ ഇടനാഴി പ്രൊജക്ടിന്‍റെ ഭാഗമായാണ് പാലം പണിയുന്നത്. ഷെയ്ഖ് റാഷിദ്, അൽ മിന, അൽ ഖലീജ്, കെയ്റോ സ്ട്രീറ്റുകൾ എന്നിവിടങ്ങളിലേയ്ക്ക് 13 കിലോമീറ്റർ ദൈർഘ്യമുള്ള ഇടനാഴി പദ്ധതിയുടെ ഭാഗമാണ് ഷിൻഡാഗ പാലം പണിയുന്നത്.
ഷിന്ദഗ ഇടനാഴി പ്രൊജക്ടിന്‍റെ മൂന്നാം ഘട്ടത്തിലാണ് പുതിയ പാലം നിര്‍മാണം നടത്തുക. ഇരു വശങ്ങളിലും ആറ് വരി പാതയാണ് പാലത്തിനുള്ളത്. ജലപ്പരപ്പില്‍ നിന്നും 15.5 മീറ്റര്‍ ഉയരം ഉണ്ടാകും പാലത്തിന്. പാലത്തിന്‍റെ നിര്‍മാണത്തിന് ഏകദേശം 2,400 ടൺ സ്റ്റീല്‍ ഉപയോഗിക്കും. ഗണിത ശാസ്ത്രത്തിലെ അനന്തത സൂചിപ്പിക്കുന്ന ചിഹ്നം പോലെയാണ് പാലം രൂപകല്‍പന ചെയ്തിരിക്കുന്നത്.
2016 ലും 2017 ലും ഷിന്ദഗ ഇടനാഴി പ്രൊജക്ടിന്‍റെ ആദ്യ രണ്ട് ഘട്ടങ്ങൾ പൂർത്തിയായി. മൂന്നാം ഘട്ടത്തില്‍ ഷിന്ദഗ പാലം നിർമ്മാണം, അൽ ഖലീജ് സ്ട്രീറ്റ് വികസിപ്പിക്കല്‍, ഫാൽകോൺ ജംഗ്ഷന്‍ മെച്ചപ്പെടുത്തൽ, റഷീദ് തുറമുഖത്തിനായുള്ള എൻട്രി-എക്സിറ്റ് പോയന്‍റ്കൾ മെച്ചപ്പെടുത്തല്‍ തുടങ്ങിയവ ഉൾപ്പെടുന്നു. പദ്ധതി, 2022 ൽ പൂർത്തിയാക്കും.