News

അവധിക്കാലം വണ്ടലൂരില്‍ മൃഗങ്ങളോടൊപ്പം ആഘോഷിക്കാം

ഒഴിവുകാലം കുടുംബ സമേതം മൃഗങ്ങളോടേ ചിലവിഴക്കുവാന്‍ അവസരം കിട്ടിയാല്‍ ആരാണ് ഉപേക്ഷിക്കുക. അങ്ങനെ ഒരു അവസരം വണ്ടലൂര്‍ മൃഗശാല സഞ്ചാരികള്‍ക്കായി ഒരുക്കിയിരിക്കുകയാണ്.


വണ്ടലൂര്‍ മൃഗശാല ഇതിനോടകം തന്നെ കൂടുതല്‍ സഞ്ചാരികള്‍ എത്തുന്ന കേന്ദ്രമെന്ന റെക്കോര്‍ഡ് നേടി കഴിഞ്ഞു. വേനലവധിക്കാലം തുടങ്ങി ഒരു മാസത്തിനകം സഞ്ചാരികളുടെ എണ്ണത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 40% വര്‍ധനയുണ്ടെന്നാണു കണക്ക്.

സന്ദര്‍ശകരുടെ സൗകര്യം കണക്കിലെടുത്ത് ഈ മാസം എല്ലാ ദിവസങ്ങളിലും മൃഗശാല തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നേരത്തെ തിങ്കളാഴ്ച അവധി നല്‍കിയിരുന്നു. വാരാന്ത്യങ്ങളിലാണു മൃഗശാലയില്‍ ഏറ്റവും കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ ടിക്കറ്റ് വില്‍പന വഴിയുള്ള വരുമാനം ഒന്‍പതു മുതല്‍ 12 ലക്ഷം രൂപ വരെയാണെന്നു മൃഗശാല അധികൃതര്‍ പറയുന്നു. മറ്റു മാസങ്ങളെ അപേക്ഷിച്ച് ഇരട്ടിയിലേറെ ടിക്കറ്റുകളാണു വിറ്റു പോകുന്നത്.

കഴിഞ്ഞ ഞായറാഴ്ച 23500 സന്ദര്‍ശകരാണു മൃഗശാലയിലെത്തിയത്. ടിക്കറ്റ് വരുമാനം 12 ലക്ഷം രൂപ. ഒറ്റ ദിവസത്തെ ഏറ്റവും ഉയര്‍ന്ന വരുമാനമാണിത്. അവധിക്കാലത്തെ സന്ദര്‍ശകരില്‍ കൂടുതല്‍ സ്‌കൂള്‍ വിദ്യാര്‍ഥികളാണ്.

Pic credit: India Travel Blog

വണ്ടലൂരിലേക്ക് എത്താന്‍:
ചെന്നൈ നഗരത്തില്‍ നിന്ന് 31 കി.മീറ്റര്‍ അകലെയാണ് വണ്ടലൂര്‍. ചെന്നൈ ബീച്ച് – ചെങ്കല്‍പേട്ട് സബേര്‍ബന്‍ ട്രെയിനില്‍ കയറിയാല്‍ വണ്ടല്ലൂര്‍ സ്റ്റേഷനിലിറങ്ങാം, ചെങ്കല്‍പേട്ട് ഭാഗത്തേക്കുള്ള ബസില്‍ കയറിയാലും വണ്ടല്ലൂരില്‍ ഇറങ്ങാം. സഞ്ചാരികള്‍ക്ക് പ്രവേശന നിരക്ക് മുതിര്‍ന്നവര്‍ക്ക് 50 രൂപയും, കുട്ടികള്‍ക്ക് 20 രൂപയുമാണ്. വാഹനത്തില്‍ മൃഗങ്ങളെ കാണുന്നതിന് സൗകര്യം ഒരുക്കിയിട്ടുണ്ട്. മുതിര്‍ന്നവര്‍ക്ക് 100 രൂപയും കുട്ടികള്‍ക്ക് 50 രൂപയുമാണ്.  ലയണ്‍ സഫാരിക്ക് മുതിര്‍ന്നവര്‍ക്ക് 50 രൂപയും കുട്ടികള്‍ക്ക് 30 രൂപയും.