ഇവിടെ രാത്രിയില്‍ മാത്രമേ സ്ത്രീകള്‍ക്ക് പ്രവേശനമുള്ളൂ…
പുരാതന കേരളത്തിലെ പ്രശസ്തമായ 108 ശിവാലയങ്ങളിലൊന്നായാണ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം അറിയപ്പെടുന്നത്. ദക്ഷിണ ഭാരതത്തിലെ പ്രധാനപ്പെട്ട ശിവക്ഷേത്രം കൂടിയാണിത്. ശിവൻ രാജരാജേശ്വരൻ എന്ന പേരിലാണ് ഈ മഹാക്ഷേത്രത്തിൽ അറിയപ്പെടുന്നത്. ശങ്കരനാരായണ ഭാവത്തിലാണ് ശിവനെ ഇവിടെ ആരാധിക്കുന്നത്. തെക്കേ ഇന്ത്യയിലെ ഏതെങ്കിലും ക്ഷേത്രങ്ങളിൽ ഉണ്ടാവുന്ന ദേവപ്രശ്ന പരിഹാരങ്ങൾക്കായി ഇവിടെ വന്ന് ദേവദർശനം നടത്തുകയും കാണിക്ക അർപ്പിച്ച് ദേവപ്രശ്നം വയ്ക്കുന്നതും ക്ഷേത്രാചാരമായി കരുതുന്നു.
തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിന്റെ മതിൽക്കെട്ടിനു പുറത്തുള്ള ഉയർന്ന പീഠത്തിലാണ് ഇങ്ങനെ ദേവപ്രശ്നം വയ്ക്കുക പതിവ്. ഇന്ത്യയിലെ ഏറ്റവും പുരാതന ശക്തി പീഠങ്ങളിലൊന്നായാണ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം അറിയപ്പെടുന്നത്. ക്ഷേത്രത്തിന്‍റെ ഉത്ഭവത്തിനു പിന്നിൽ പല കഥകളും പ്രചാരത്തിലുണ്ട്. അതിൽ ഏറ്റവും പ്രചാരത്തിലുള്ളത് ശിവനും സതിയുമായി ബന്ധപ്പെട്ടതാണ്. സതീ ദേവിയുടെ സ്വയം ദഹനത്തിനു ശേഷം സതിയുടെ തല വന്നു വീണത് ഇവിടെയാണെന്നാണ് വിശ്വാസം.
ചരിത്രം
ചരിത്രത്തിൽ ഏറെ പരാമർശിക്കപ്പെട്ടിട്ടുള്ള ക്ഷേത്രമാണ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം. കേരള മാഹാത്മ്യം, കേരളക്ഷേത്ര മാഹാത്മ്യം, മൂഷികവംശകാവ്യം തൂടങ്ങിയ സംസ്കൃത കൃതികളിലും ചെല്ലുരീശ വിലാസം, ലക്ഷ്മീ പുരേശസ്തോത്രം, ചെല്ലൂര്‍ പിരാൻസ്തുതി മുതലായ കൃതികളിലും ചെല്ലൂർ നവോദയം ചമ്പുവിലും ഈ ക്ഷേത്രത്തെക്കുറിച്ച് പരാമർശിക്കുന്നുണ്ട്. പെരിഞ്ചല്ലൂർ എന്നായിരുന്നു അക്കാലത്ത് ഇവിടം അറിയപ്പെട്ടിരുന്നത്. രാജരാജേശ്വരനെ പെരിഞ്ചെല്ലൂരപ്പൻ എന്നും പെരുംതൃക്കോവിലപ്പനെന്നും പറഞ്ഞിരുന്നു. ഏഴിമലയിലെ മൂഷിക രാജവംശത്തിന്‍റെ കീഴിലായിരുന്നു ക്ഷേത്രം ഉണ്ടായിരുന്നത്.
പ്രാചീനകേരളത്തിലെ ബ്രാഹ്മണ കുടിയേറ്റത്തെ തുടർന്ന് നിലവിൽവന്ന അറുപത്തിനാലു ഗ്രാമങ്ങളിലെ 32 ഗ്രാമങ്ങളിൽ പ്രശസ്തിയുടെ ഉന്നതി കൈവരിക്കാൻ കഴിഞ്ഞ ഗ്രാമമായിരുന്നു പെരിഞ്ചെല്ലൂർ എന്ന് അറിയപ്പെട്ടിരുന്ന തളിപ്പറമ്പ്. ഇവിടുത്തെ ക്ഷേത്രേശന്‍റെ നാമമായിരുന്നു ഗ്രാമത്തിനും. 32 ഗ്രാമങ്ങളിൽ വടക്കേയറ്റത്തെ ഗ്രാമമായിരുന്ന പെരിഞ്ചല്ലൂർ എന്ന തളിപ്പറമ്പ് എന്ന് ചരിത്രകാരന്മാർ സ്ഥാപിച്ചിട്ടുണ്ട്. ഒരുകാലത്ത് വടക്കൻ കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനമായിരുന്നു ഈ ഗ്രാമം.
മൂന്നു വിഗ്രഹങ്ങളുടെ കഥ
ആദിത്യനെ കടഞ്ഞെടുത്തപ്പോൾ കിട്ടിയ ചൂർണ്ണം ഉപയോഗിച്ച് ഋഷിമാർ മൂന്നു ശിവലിംഗങ്ങൾ ഉണ്ടാക്കി. ഇത് ബ്രഹ്മാവ് അവരിൽ നിന്നു കൈക്കലാക്കുകയും പിന്നീട് പാർവ്വതിയുടെ കൈയ്യിലെത്തിയ ഇവയെ പാർവ്വതി പൂജിച്ചു വരികയും ചെയ്തിരുന്നു. ഒരിക്കൽ മാന്ധത മഹർഷിയുടെ തപസ്സിൽ സംപ്രീതനായ ശിവൻ ഈ മൂന്നു വിഗ്രഹങ്ങളിലൊന്ന് അദ്ദേഹത്തിന് നല്കി. ശ്മശാനങ്ങൾ ഇല്ലാത്ത പരിശുദ്ധമായ സ്ഥലത്ത് ഇത് സ്ഥാപിക്കണം എന്നായിരുന്നു ശിവൻ അദ്ദേഹത്തോട് നിർദ്ദേശിച്ചിരുന്നത്. അങ്ങനെ തളിപ്പറമ്പിൽ എത്തിയ മഹർഷി അത് ഇവിടെ സ്ഥാപിക്കുകയും പിന്നീടത് ഭൂമിക്കടിയിലേക്ക് അപ്രത്യക്ഷമാവുകയും ചെയ്തു.
മാന്ധാവ് മഹർഷിയുടെ മകനായ മുചുകുന്ദനുമായി ബന്ധപ്പെട്ടതാണ് രണ്ടാമത്തെ ശിവലിംഗത്തിന്‍റെ കഥ. ശിവനിൽ നിന്നും ശിവലിംഗം നേടിയ അദ്ദേഹം തളിപ്പറമ്പിൽ തന്നെ ഇത് പ്രതിഷ്ഠിക്കുകയും പൂജകൾ നടത്തുകയും ചെയ്തു പോന്നു. പിന്നീട് ഇതും ഭൂമിക്കടിയിലേക്ക് അപ്രത്യക്ഷമാവുകയായിരുന്നു. കോലത്തു നാട്ടിലെ രാജാവായിരുന്ന ശതസോമനാണ് മൂന്നാമത്തെ ശിവലിംഗം ലഭിക്കുന്നത്. അദ്ദേഹമാണ് ഇന്ന് ക്ഷേത്രം കാണുന്ന സ്ഥലത്ത് ശിവലിംഗം പ്രതിഷ്ഠിക്കുകയും പൂജകൾ നടത്തുകയും ചെയ്തതു.
വടക്കൻ കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെട്ടിരുന്ന ഇവിടെ പണ്ഡിതർക്കും കലാകാരൻമാർക്കും പ്രത്യേക സ്ഥാനമാണുണ്ടായിരുന്നത്. സ്ത്രീകൾക്ക് രാത്രികാലങ്ങളിൽ മാത്രം പ്രവേശനമുള്ള അപൂർവ്വ ക്ഷേത്രമാണ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം. തിരുവത്താഴ പൂജയ്ക്കു ശേഷം മാത്രമാണ് ഇവിടെ സ്ത്രീകൾക്കു പ്രവേശനം അനുവദിക്കുന്നത്. അതായത് രാത്രി എട്ടുമണിക്കു ശേഷം മാത്രമേ സത്രീകൾക്ക് ഇവിടെ പ്രവേശിക്കുവാൻ സാധിക്കൂ. എന്നാൽ ശിവരാത്രി ദിവസം സ്ത്രീകൾക്ക് ഇവിടെ എപ്പോൾ വേണമെങ്കിലും തൊഴാൻ അനുവാദമുണ്ട്.
കേരളത്തിലെ പുകൾപെറ്റ മഹാക്ഷേത്രങ്ങളുടെ പട്ടികയിൽ പ്രഥമസ്ഥാനത്തിനു ഉതകുന്ന തരത്തിലാണ് ഇവിടുത്തെ ക്ഷേത്രനിർമ്മിതി. ക്ഷേത്ര മതിലകത്തിന്‍റെയും ദീർഘചതുരാകൃതിയിലുള്ള ഇവിടുത്തെ ശ്രീകോവിലിലിന്‍റെയും നിർമ്മാണചാരുത വളരെ പ്രത്യേകതയേറിയതാണ്. രണ്ട് തട്ടുകളായി നിർമ്മിച്ചിരിക്കുന്ന ശ്രീകൊവിലും, അതിനുമുമ്പിലുള്ള വലിപ്പമേറിയ നമസ്കാര മണ്ഡപവും മനോഹരമാണ്.
എങ്ങനെ എത്താം
കണ്ണൂരിൽ നിന്നും 21 കിലോമീറ്റർ ദൂരത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ കണ്ണൂര്‍, പയ്യന്നൂര്‍. കണ്ണൂരില്‍ നിന്നും പയ്യന്നൂരില്‍ നിന്നും ബസ് സൗകര്യവുമുണ്ട്. കരിപ്പൂരാണ് അടുത്തുള്ള വിമാനത്താവളം.