ശംഖുമുഖം തെക്കേ കൊട്ടാരം നവീകരിച്ച് ആര്‍ട്ട് മ്യൂസിയമാക്കുന്നു
ആധുനിക കലയുടെ കേന്ദ്രമാകാനൊരുങ്ങി ശംഖുമുഖം. ബീച്ചിനു സമീപം നഗരസഭയുടെ കീഴിലുള്ള തെക്കേ കൊട്ടാരമാണു നവീകരിച്ചു ശംഖമുഖം ആര്‍ട്ട് മ്യൂസിയമായി മാറ്റുന്നത്. കലാകാരന്മാരുടെ സ്ഥിരം വേദിയായി ആരംഭിച്ച മ്യൂസിയത്തിലൂടെ ശംഖുമുഖത്തിന്റെ മുഖഛായ തന്നെ മാറും. നാളുകളായി അടഞ്ഞുകിടന്ന കൊട്ടാരമാണ് 25 ലക്ഷം രൂപ ചെലവഴിച്ചു നഗരസഭ നവീകരിച്ചത്.
പഴമ നിലനിര്‍ത്തിക്കൊണ്ടു തന്നെയായിരുന്നു നവീകരണം. അന്‍പതിലധികം ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള സംവിധാനം പൂര്‍ണായും ശീതികരിച്ച മ്യൂസിയത്തിലുണ്ടാകും. ജൂണ്‍ മൂന്നിനു മുഖ്യമന്ത്രി പിണറായി വിജയന്‍ മ്യൂസിയം നാടിനു കൈമാറും. പ്രമുഖ ചിത്രകാരന്‍ സുധീര്‍ പട്വര്‍ധന്‍ മുഖ്യാതിഥിയാകും. സ്വന്തമായി വരുമാനം ഉണ്ടാക്കി തുടങ്ങും വരെ നഗരസഭ ധനസഹായം നല്‍കാനാണു ധാരണ.
ചിത്രകാരന്മാര്‍ സ്വന്തമായി നടത്തുന്ന പതിവ് പ്രദര്‍ശനങ്ങള്‍ക്കു പകരം ക്യൂറേറ്റഡ് പ്രദര്‍ശനങ്ങളായിരിക്കും ഇവിടെയുണ്ടാവുക. പ്രതിഭാധരന്മാരായ ക്യൂറേറ്റര്‍മാര്‍ തിരഞ്ഞെടുക്കുന്ന കലാകാരന്മാരുടെ ചിത്രങ്ങളായിരിക്കും ഒരു ഷോ ആയി പ്രദര്‍ശിപ്പിക്കുക.
പ്രത്യേക പ്രമേയത്തെ അടിസ്ഥാനപ്പെടുത്തിയായിരിക്കും തിരഞ്ഞെടുപ്പ്. വര്‍ഷം മുഴുവന്‍ ഇടമുറിയാതെ പ്രദര്‍ശനങ്ങള്‍ നിശ്ചയിക്കും. ഓരോ തവണയും എത്തുന്നവര്‍ക്കു പുത്തന്‍ കാഴ്ചകള്‍ ഉറപ്പാക്കാന്‍ കഴിയും. ഇതിനു പുറമേ ഫിലിം ഷോകള്‍, കലാചര്‍ച്ചകള്‍, ലൈവ് പെയിന്റിങ് എന്നിവയുമൊരുക്കും. മ്യൂസിയം പ്രസാധനരംഗത്തും സജീവമായിരിക്കും. കലയുമായി ബന്ധപ്പെട്ട പുസ്തകള്‍ പ്രസിദ്ധീകരിക്കാനാണു പദ്ധതി, ഇതിലൂടെ വരുമാനവും ലഭിക്കും.
നഗരസഭയുടെ പ്രാഥമിക ഫണ്ടിങ് കഴിഞ്ഞാല്‍ സ്വന്തം വരുമാനത്തില്‍ പ്രവര്‍ത്തിക്കുകയാണു ലക്ഷ്യം. മുതിര്‍ന്നവര്‍ക്ക് 30 രൂപയും കുട്ടികള്‍ക്ക് 10 രൂപയുമാണു പ്രവേശന ഫീസ്. ഇതിനു പുറമേ മ്യൂസിയത്തിന്റെ അഭ്യുദയകാംക്ഷിയാകാന്‍ താല്‍പര്യമുള്ള ആര്‍ക്കും മാസം 100 രൂപ വീതം നല്‍കാന്‍ കഴിയുന്ന സംവിധാനവും ആലോചിക്കുന്നുണ്ട്.
ആയിരത്തോളം പേരെ ഇത്തരത്തില്‍ ഒരുമിപ്പിക്കാനാണ് ആലോചനയെന്ന് ആര്‍ട്ടിസ്റ്റിക് ഡയറക്ടര്‍ ഡോ.ജി.അജിത്കുമാര്‍ പറഞ്ഞു. പുസ്തക പ്രസിദ്ധീകരണത്തിലൂടെയും പ്രദര്‍ശിപ്പിക്കുന്ന പെയിന്റിങ്ങുകളുടെ വില്‍പനയിലൂടെയും വരുമാനം പ്രതീക്ഷിക്കുന്നുണ്ട്. ആദ്യഘട്ടമെന്ന നിലയില്‍ പരിപാടികള്‍ സംഘടിപ്പിക്കാന്‍ 25 ലക്ഷം രൂപയോളം നഗരസഭ നല്‍കും.
മ്യൂസിയത്തോടനുബന്ധിച്ചു തൊട്ടുചേര്‍ന്നുള്ള സ്ഥലത്ത് എന്നും വൈകിട്ട് സാംസ്‌കാരിക പരിപാടികള്‍ നടത്താനായി ഒരു വേദിക്കു വേണ്ടിയും ശ്രമം നടക്കുന്നുണ്ട്. ഡിടിപിസിയുടെ കൈവശമുള്ള സ്ഥലം ഇതിനായി വിട്ടുനല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
ചെറിയ സ്റ്റേജും മേല്‍ക്കൂരയും നിര്‍മിക്കാനാണ് ആലോചന. മേയര്‍ അധ്യക്ഷനായ എക്‌സിക്യുട്ടിവ് കമ്മിറ്റിയും 21 അംഗ ഉപദേശകസമിതിയുമാണു മ്യൂസിയത്തിന്റെ ഭരണം നടത്തുക. കാനായി കുഞ്ഞിരാമന്‍ ഉള്‍പ്പടെയുള്ളവര്‍ ഉപദേശകസമിതിയില്‍ അംഗങ്ങളാണ്. റീബൗണ്ട്‌സ് എന്ന ആദ്യപ്രദര്‍ശനത്തില്‍ ഒന്‍പതു യുവകാലാകാരന്മാരുടെ പ്രദര്‍ശനങ്ങള്‍ അണിനിരക്കും.