Destinations

തമിഴ്നാട്ടിലെ മിനി കേരളം; തേങ്ങാപ്പട്ടണം

തമിഴ്നാട്ടിലെ കേരളം എന്നാണ് തേങ്ങാപ്പട്ടണം അറിയപ്പെടുന്നത്. അതിനു പ്രധാന കാരണം ഈ സ്ഥലത്തിനു കേരളവുമായുള്ള സാമ്യം തന്നെയാണ്. ഒറ്റനോട്ടത്തിൽ കേരളം എന്നുതന്നെ തോന്നും ഇവിടം കണ്ടാൽ. കായ്ച്ചു നിൽക്കുന്ന വലിയ തെങ്ങിൻതോപ്പുകളും അതിനു നടുവിലൂടെ ഒഴുകുന്ന കനാലുകളും തോടുകളും ഒക്കെ ചേർന്ന് തേങ്ങാപട്ടണത്തെ ഒരു മിനി കേരളമാക്കി മാറ്റുന്നു. മാത്രമല്ല, മലയാളവും മലയാളം കലർന്ന തമിഴുമാണ് ഇവിടുത്തെ പ്രധാന സംസാര ഭാഷകൾ.

തമിഴിലെ പ്രധാന സംഘകാല കൃതികളിലൊന്നായ ചിലപ്പതികാരത്തിൽ തേങ്ങാപ്പട്ടണത്തെക്കുറിച്ച് പറയുന്നുണ്ട്. തേങ്ങാനാടിന്‍റെ തലസ്ഥാനമായാണ് തേങ്ങാപ്പട്ടണത്തെ ചിലപ്പതികാരത്തിൽ വിശേഷിപ്പിക്കുന്നത്. ദ്രാവിഡ സംസ്കാരത്തിന്‍റെ കളിത്തൊട്ടിൽ എന്നും ഇവിടം അറിയപ്പെടുന്നു. പഴയ തിരുവിതാംകൂർ നാട്ടു രാജ്യത്തിന്‍റെ ഭാഗമായിരുന്ന കന്യാകുമാരി ജില്ലയിലാണ് തേങ്ങാപ്പട്ടണം സ്ഥിതി ചെയ്യുന്നത്. തെന്നൈ പട്ടിണം എന്നും തേൻ പട്ടിണം എന്നും ഇവിടം അറിയപ്പെടുന്നുണ്ട്.

തമിഴ്നാട്ടിലെ സാധാരണ കൃഷികളിൽ നിന്നും വ്യത്യസ്തമായി ഇവിടെ ധാരാളം തെങ്ങുകൾ കൃഷി ചെയ്യുന്നു. ഈ പ്രദേശത്ത് ഏറ്റവും അധികം കൃഷി ചെയ്യുന്ന വിളയും തെങ്ങാണ്. ഇവിടെ ചുറ്റിലും സമൃദ്ധമായി തെങ്ങിൻ തോപ്പുകൾ കാണപ്പെടുന്നതിനാലാണ് തേങ്ങാപ്പട്ടണം എന്ന് ഇവിടം അറിയപ്പെടുന്നത്.  കന്യാകുമാരി ജില്ലയിലെ ധാരാളം തീരപ്രദേശങ്ങളുള്ള പൈൻകുളം പഞ്ചായത്തിലാണ് തേങ്ങാപ്പട്ടണം സ്ഥിതി ചെയ്യുന്നത്. പശ്ചിമഘട്ടത്തിൽ നിന്നും ഉത്ഭവിച്ച് കന്യാകുമാരിയിലൂടെ ഒഴുകി എത്തുന്ന താമ്രപാണി നദിയും അറബിക്കടലും തമ്മിൽ സംഗമിക്കുന്ന സ്ഥാനം കൂടിയാണ് തേങ്ങാപ്പട്ടണം.

ഈ സംഗമ സ്ഥാനം കാണാൻ ധാരാളം സഞ്ചാരികൾ ഇവിടെ എത്താറുണ്ട്. കടലും നദിയും കനാലും പാടങ്ങളും പാറകള്‍ നിറഞ്ഞ കുന്നും മലകളും നിറഞ്ഞ ഭൂപ്രകൃതി ഇവിടം സഞ്ചാരികളുടെ പ്രിയകേന്ദ്രമാക്കി മാറ്റുന്നു. കന്യാകുമാരി ജില്ലയിലെ പ്രധാനപ്പെട്ട വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഒന്നുകൂടിയാണിത്. എങ്കിലും ഇവിടം പുറത്തു നിന്നുള്ള സ‍ഞ്ചാരികൾക്ക് അത്ര പരിചിതമല്ല. തേങ്ങാപ്പട്ടണത്തിലെ ഏറ്റവും വലിയ ആകർഷണങ്ങളിലൊന്നാണ് തേങ്ങാപ്പട്ടണം ബീച്ച്.

കന്യാകുമാരിയിൽ നിന്നും 54 കിലോമീറ്ററും നാഗർകോവിലിൽ നിന്നും 37 കിലോമീറ്ററും തിരുവനന്തപുരത്തു നിന്നും 50 കിലോമീറ്ററും അകലെയാണ് തേങ്ങാപ്പട്ടണം ബീച്ചുള്ളത്. പ്രദേശവാസികളായ മീൻപിടുത്തക്കാരോടൊപ്പം ബീച്ചിലൂടെ സഞ്ചരിക്കാനുള്ള അവസരം ഇവിടെ ഒരുക്കിയിരിക്കുന്നു. താരതമ്യേന ആഴം കുറഞ്ഞ ബീച്ചായ ഇവിടെ പേടിക്കാതെ സഞ്ചരിക്കാം. മാത്രമല്ല നീന്തൽ പഠിക്കാനും കുട്ടികളെയും കുടുംബങ്ങളെയും കൊണ്ട് വൈകുന്നേരങ്ങൾ ചിലവഴിക്കുവാനും ആളുകൾ ഇവിടെ എത്താറുണ്ട്.

ബീച്ചിനു സമീപത്തെ 1500 വർഷം പഴക്കമുള്ള മുസ്ലീം ദേവാലയം ഇവിടുത്തെ മറ്റൊരു പ്രത്യേകതയാണ്. തേങ്ങാപട്ടണത്തിന്‍റെ ലാൻഡ് മാർക്ക് എന്നു പറയുന്നതു തന്നെ ഇവിടുത്തെ പ്രശസ്തമായ വലിയ പള്ളിയാണ്. ടൗണിനു നടുവിലായാണ് ഈ ദേവാലയം സ്ഥിതി ചെയ്യുന്നത്. ഇതിനു ചുറ്റുമുള്ള റിഫായ് മസ്ജിദ്, കുഴത്തു പള്ളി, ആറ്റുപള്ളി, മുഹ്യുദ്ദീന്‍ മസ്ജിദ്, ചേന്ത പള്ളി എന്നിവ ഇവിടുത്തെ പ്രധാനപ്പെട്ട ആരാധനാലയങ്ങളാണ്. പ്രവാചകന്‍ മുഹമ്മദ് നബിയുടെ കാലത്തു തന്നെ ഇസ്ലാം മതം ഇന്ത്യയിൽ പ്രഘോഷിക്കപ്പെട്ട ചുരുക്കം ചില സ്ഥലങ്ങളിൽ ഒന്നുകൂടിയാണ് തേങ്ങാപ്പട്ടണം.