Kerala

മൂലഗംഗലിലെ ആദ്യ ആനവണ്ടിക്ക് ഊഷ്മള വരവേല്‍പ്

ഇനി ഈ വനപാത ആനകള്‍ക്ക് മാത്രമുള്ളതല്ല. രാവും പകലും കാട്ടാനകള്‍ മാത്രമിറങ്ങുന്ന വനപാതയില്‍  ആദ്യ ആനവണ്ടി വിദൂര ആദിവാസി ഊരായ മൂലഗംഗലില്‍ എത്തി. ഊരിലെത്തിയ ആദ്യ കെ എസ് ആര്‍ ടി സി ബസിന് വഴി നീളെ വന്‍ സ്വീകരണമാണ് ലഭിച്ചത്.


ഷോളയൂരില്‍ നിന്നു 12 കിലോമീറ്റര്‍ ദൂരമുണ്ട് മൂലഗംഗലിലേക്ക്. റോഡ് ടാറിട്ടു വര്‍ഷങ്ങളായെങ്കിലും വല്ലപ്പോഴും വന്നുപോകുന്ന സ്വകാര്യബസും ടാക്‌സി ജീപ്പുകളുമായിരുന്നു യാത്രയ്ക്ക് ആശ്രയം. ഒരു കെഎസ്ആര്‍ടിസി ബസ് ഇവരുടെ സ്വപ്നമായിരുന്നു.

അട്ടപ്പാടിയിലെ ആദിവാസി ക്ഷേമ പദ്ധതികളുടെ സോഷ്യല്‍ ഓഡിറ്റിങ്ങിനായി ഹൈക്കോടതി നിര്‍ദേശ പ്രകാരം ഊരിലെത്തിയ ജില്ലാ ജഡ്ജി കെ.പി.ഇന്ദിരയുടെ മുന്നിലും ആദിവാസികള്‍ സ്വപ്നം പങ്കുവച്ചു.

ഇവരുടെ സ്വപ്നം സാക്ഷാല്‍കരിക്കാന്‍ ജഡ്ജി കെഎസ്ആര്‍ടിസി എംഡി ടോമിന്‍ ജെ.തച്ചങ്കരിയുടെ സഹായം തേടി. മണ്ണാര്‍ക്കാട് ഡിപ്പോയില്‍ നിന്നും കെഎസ്ആര്‍ടിസി ബസ് അനുവദിച്ചു. ഇന്നലെ മൂലഗംഗല്‍ ഊരില്‍ നടന്ന ലളിതമായ ചടങ്ങില്‍ ബസിന്റെ ആദ്യ യാത്ര ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി അധ്യക്ഷയും ജില്ലാ ജഡ്ജുമായ കെ.പി.ഇന്ദിര ഫ്‌ലാഗ് ഓഫ് ചെയ്തു.

പാലക്കാട് എടിഒ ഉബൈദ് അധ്യക്ഷത വഹിച്ചു. കെഎസ്ആര്‍ടിസി വിജിലന്‍സ് ഉദ്യോഗസ്ഥന്‍ പുഷ്‌ക്കരന്‍, മണ്ണാര്‍ക്കാട് സ്റ്റേഷന്‍ ഇന്‍ ചാര്‍ജ് ജോര്‍ജ് ജേക്കബ്, ഊര് മൂപ്പന്‍ സുരേഷ്, ജില്ലാ കോടതി പ്രോട്ടോകോള്‍ ഓഫിസര്‍ കെ.രാമസ്വാമി, എം.ബാലസുബ്രഹ്മണ്യന്‍, മരുതി, ശിവ, ഗോപാല്‍ പ്രസംഗിച്ചു. വിശിഷ്ടാതിഥികള്‍ ഷോളയൂര്‍ വരെ ബസില്‍ യാത്രചെയ്തു.

ഇതുവരെ യാത്രാസൗകര്യമെത്താത്ത ഏഴു ആദിവാസി ഊരുകള്‍ക്കും പെട്ടിക്കല്‍ ഉള്‍പ്പെടെയുള്ള കുടിയേറ്റ ഗ്രാമങ്ങള്‍ക്കും. ഉപകാരപ്രദമാണ് ഈ ബസ്. രാവിലെ 8.35, 10.25 വൈകുന്നേരം 6.30 എന്നീ സമയങ്ങളിലാണു ബസ് മൂലഗംഗലില്‍ നിന്നു പുറപ്പെടുക.

രാവിലെ ആറിനു ഷോളയൂരില്‍ നിന്നു വയലൂര്‍, പെട്ടിക്കല്‍, ചിറ്റൂര്‍ വഴി അഗളിയിലേക്കു വരുന്ന ബസ് 7.40നു തിരിച്ചു ഷോളയൂരിലെത്തും. 11.45ന് അഗളിയില്‍ നിന്നു മണ്ണാര്‍ക്കാട്ടേക്കും 3.10നു മണ്ണാര്‍ക്കാട് നിന്നു തിരിച്ചും സര്‍വീസ് നടത്തും. രാത്രി എട്ടിനു അഗളിയില്‍ നിന്നു പുറപ്പെട്ട് 8.45നു ഷോളയൂരില്‍ സര്‍വീസ് അവസാനിപ്പിക്കും.