മ്യൂസിയം ദിനത്തിൽ ഇത്തിഹാദ്​, ദുബൈ മ്യൂസിയങ്ങളിൽ സൗജന്യ പ്രവേശനം

അന്താരാഷ്​ട്ര മ്യൂസിയം ദിനം പ്രമാണിച്ച്​ ദുബൈയിലെ ​ചരിത്ര പ്രധാന്യമേറിയ ഇത്തിഹാദ്​, ദുബൈ മ്യൂസിയങ്ങളിലേക്ക്​ സൗജന്യ പ്രവേശനം ഒരുക്കുന്നു.​ നാളെയാണ്​ ഇത്തിഹാദ്​ മ്യൂസിയത്തിലേയ്ക്ക് സൗജന്യ പ്രവേശനം. 19നാണ്​ ദുബൈ മ്യൂസിയത്തിലേയ്ക്ക്​ സൗജന്യ പ്രവേശനം.

അന്താരാഷ്​ട്ര മ്യൂസിയം കൗൺസിലുമായി സഹകരിച്ച്​ വിവിധ സാംസ്​കാരിക പരിപാടികളും ദുബൈ കൾച്ചർ സംഘടിപ്പിക്കുന്നുണ്ട്​. ദുബൈയുടെ സംസ്​കാരത്തി​ന്‍റെയും പൈതൃകത്തിന്‍റെയും അടയാള ചിഹ്​നങ്ങളാണ്​ ദുബൈ മ്യൂസിയത്തിൽ കാഴ്ചയൊരുക്കുന്നത്​. യുഎഇയുടെ രൂപീകരണത്തി​ന്‍റെ മഹാചരിത്രം വിളിച്ചോതുന്നതാണ് ഇത്തിഹാദ്​ മ്യൂസിയം.

റമദാൻ മാസത്തിൽ ഇത്തിഹാദ്​ മ്യൂസിയം രാവിലെ 10 മുതൽ വൈകീട്ട്​ അഞ്ചു വരെയാണ്​ പ്രവർത്തിക്കുക. ദുബൈ മ്യൂസിയത്തിന്​ വെള്ളിയാഴ്​ച അവധിയാണ്​. രാവിലെ ഒമ്പതു മുതൽ വൈകീട്ട്​ അഞ്ചു വരെയാണ്​ പ്രവർത്തനം. കോയിൻ മ്യൂസിയം, മ്യൂസിയം ഒഫ്​ ദി പോയറ്റ്​ അൽ ഒഖൈലി, നാഇഫ്​ മ്യൂസിയം എന്നിവ ഞായർ മുതൽ വ്യാഴം വരെ ഒമ്പതിനും ഉച്ചക്ക്​ രണ്ടിനും ഇടയിലാണ്​ പ്രവർത്തനം.