News

ഫ്രീഡം മെലഡിയുമായി വിയ്യുര്‍ ജയില്‍

അന്തേവാസികള്‍ക്കായി നിരവധി നൂതന പദ്ധതികള്‍ ആവിഷ്‌കരിച്ച വിയ്യുര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും ഇനി റേഡിയോ സംപ്രേക്ഷണവും. ഇതിനായി ഫ്രീഡം മെലഡി എന്ന പേരില്‍ ഒരുക്കിയ ജയില്‍ റേഡിയോ സ്റ്റേഷന്‍ സംസ്ഥാന കൃഷിമന്ത്രി വി എസ് സുനില്‍ കുമാര്‍ തിങ്കളാഴ്ച ഉദ്ഘാടനം ചെയ്തു.

പ്രതിദിനം ഒരു മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന റേഡിയോ സംപ്രക്ഷണത്തില്‍ ജയില്‍ അന്തേവാസികളാണ് റേഡിയോ ജോക്കികളായി പ്രവര്‍ത്തിക്കുക. വിയൂര്‍ ജയില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മൂസിക് ബാന്‍ഡ് സംരംഭത്തിന് നേതൃത്വം നല്‍കും.

ഇതോടെ ജയിലിലെ 800 അന്തേവാസികള്‍ക്ക് റേഡിയോ ആസ്വാദനത്തിന് അവസരം ലഭിക്കും. ഇതിനായി ജയിലിന്റെ എല്ലാ ഭാഗങ്ങളിലും പ്രത്യേക സ്പീക്കറുകളും ഇതിനോടകം സജ്ജമാക്കിയിട്ടുണ്ട്.

ഉച്ചക്കു ശേഷമുള്ള ഒരു മണിക്കൂറാണ് പരിപാടികള്‍ക്കായി നീക്കി വച്ചിട്ടുള്ളത്. ഇതില്‍ ഇഷ്ടഗാനങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ശ്രുതിലയം, ജയിലുമായി ബന്ധപ്പെട്ട അറിയിപ്പുകള്‍, മറ്റ് പ്രധാന വാര്‍ത്തകള്‍, നിയമങ്ങളെ കുറിച്ചുള്ള ബോധവല്‍ക്കരണം, കോടതി വിധികള്‍, സിനിമാ നിരൂപണം എന്നിവയാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. അന്തേവാസികളുടെ കലാപരമായ കഴിവുകള്‍ വര്‍ധിപ്പക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ജയില്‍ സൂപ്രണ്ട് എംകെ വിനോദ് പ്രതികരിച്ചു.

റേഡിയോ സ്വിച്ച് ഓണ്‍ ചെയ്ത ചടങ്ങില്‍ ജയില്‍ നിവാസികള്‍ക്കായി സംസ്ഥാന വിഭവകേന്ദ്രവും വിയ്യുര്‍ സെന്‍ട്രല്‍ ജയില്‍ എന്നിവ സംയുക്തമായി സംഘടിപ്പിച്ച തൊഴില്‍ പരിശീലന കോഴ്സ് സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. 15 പേക്കാണ് ദേശീയ നൈപുണ്യ വികസന കോര്‍പ്പറേഷന്റെ അഡ്വാന്‍സ് ഡിപ്ലോമ ഇന്‍ ഒപ്റ്റിക് ഫൈബര്‍ ആന്‍ഡ് സിസിടിവി സര്‍വൈലന്‍സ് കോഴ്സ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.

ജയില്‍ നിവാസികള്‍ക്കായി വ്യത്യസ്ഥ പരിപാടികള്‍ സംഘടിപ്പിച്ചു കൊണ്ട് ഇതിനു മുന്‍പും വിയ്യുര്‍ സെന്‍ട്രല്‍ ജയില്‍ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു. ഓര്‍ഗാനിക്ക് ഫാമിങ്ങ്, നെറ്റിപ്പട്ടം അടക്കമുള്ള കരകൗശല വസ്ഥുക്കളുടെ നിര്‍മാണം, ഫ്രീഡം ചപ്പാത്തി എന്നിവയാണ് വിയ്യുര്‍ സെന്‍ട്രല്‍ ജയിലിന്റെ മുന്‍പത്തെ സംഭാവനകള്‍.