കേരള ടൂറിസം ഫേസ്ബുക്ക് പേജിന് 2017ലെ ഏറ്റവും മികച്ച പേജ് റാങ്കിങ്

മറ്റു സംസ്ഥാനങ്ങളെ ബഹുദൂരം പിറകിലാക്കി രാജ്യത്ത് ടൂറിസം മേഖലയില്‍ ഏറ്റവും മികച്ച ഫേസ്ബുക് പേജ് എന്ന തിളക്കമാര്‍ന്ന നേട്ടം കേരള ടൂറിസം കരസ്ഥമാക്കി. സംസ്ഥാനങ്ങളുടെ ടൂറിസം ബോര്‍ഡുകളുടെ പട്ടികയില്‍ 15 ലക്ഷം ലൈക്കുകളോടെ കേരള ടൂറിസം ഒന്നാമതെത്തി.

ടൂറിസം ഡയറക്ടര്‍ പി. ബാലകിരണ്‍ കേരള ടൂറിസം ഫേസ്ബുക്ക് പേജിന് ലഭിച്ച അവാര്‍ഡുമായി

നവമാധ്യമങ്ങളെ ഫലപ്രദമായി ഉപയോഗപ്പെടുത്തിയുള്ള ടൂറിസം വകുപ്പിന്റെ ക്രിയാത്മകമായ പ്രചാരണ പ്രവര്‍ത്തനങ്ങളാണ് ആഹ്‌ളാദകരമായ ഈ നേട്ടത്തിനു പിന്നില്‍.2017 ജനുവരി 1 മുതല്‍ ഡിസംബര്‍ 31 വരെയുള്ള ഒരു വര്‍ഷ കാലയളവില്‍ വിനോദസഞ്ചാരികളുമായുള്ള ഇടപെടലുകളും, പേജിനു ലഭിച്ച ലൈക്കുകളും കമന്റുകളും ഷെയറുകളും കണക്കിലെടുത്താണ് ഫേസ്ബുക് റാങ്കിങ് നിശ്ചയിച്ചത്.

ഫേസ് ബുക്കില്‍ ഫോളോ ചെയ്യുന്നവരുടെ എണ്ണത്തെ അടിസ്ഥാനമാക്കി രാജ്യത്ത് ഒന്നാം നിരയില്‍ നില്‍ക്കുന്ന സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, വിവിധ മന്ത്രാലയങ്ങള്‍, രാഷ്ട്രീയ കക്ഷികള്‍ എന്നിവയുടെ വിവരങ്ങളാണ്ഫേസ്ബുക്ക്പുറത്തുവിട്ടത്.രണ്ടാം സ്ഥാനത്ത് ജമ്മു കശ്മീര്‍ ടൂറിസം വകുപ്പും, മൂന്നാം സ്ഥാനത്ത് ഗുജറാത്ത് ടൂറിസവുമാണ്.

ന്യു ഡല്‍ഹിയിലെ ഫേസ്ബുക്ക് ഓഫിസില്‍ ഇന്ന് നടന്ന ചടങ്ങില്‍ കേരള ടൂറിസം ഡയറക്ടര്‍  പി ബാലകിരണ്‍ , ഫേസ്ബുക്കിന്റെ ഇന്ത്യ, ദക്ഷിണ- സെന്‍ട്രല്‍ ഏഷ്യ പബ്ലിക്ക് പോളിസി മാനേജര്‍  നിതിന്‍ സലൂജയില്‍ നിന്ന് അവാര്‍ഡ് ഏറ്റു വാങ്ങി.

 

ഈ അംഗീകാരം നേടിയതിന് കേരള ടൂറിസം വകുപ്പിലെ ഏവര്‍ക്കുംടൂറിസം, സഹകരണ ദേവസ്വം വകുപ്പ് മന്ത്രി  കടകംപള്ളി സുരേന്ദ്രന്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു.

ഓരോ സഞ്ചാരിയും നിര്‍ബന്ധമായും സന്ദര്‍ശിക്കേണ്ട സ്ഥലങ്ങളില്‍ എന്തുകൊണ്ട് കേരളം ഉള്‍പ്പെടുത്തണം എന്ന ആശയം ഫലപ്രദമായി വിനിമയം ചെയ്യാന്‍ കേരള ടൂറിസത്തിന് കഴിഞ്ഞു. ലോകമെങ്ങുമുള്ള ദശലക്ഷക്കണക്കിന് ആളുകളിലേക്ക് ഈ സന്ദേശമെത്തിക്കാന്‍ ടൂറിസത്തിന്റെ ഫേസ്ബുക് പേജിലൂടെ സാധിച്ചു. ഫേസ്ബുക് നല്‍കുന്ന ഈ അംഗീകാരം തീര്‍ച്ചയായും ആഹ്‌ളാദകരമാണെന്ന് ടൂറിസം സെക്രട്ടറി റാണി ജോര്‍ജ്ജ് പറഞ്ഞു.

കേരള ടൂറിസത്തിന്റെ സോഷ്യല്‍ മീഡിയ ഇടപെടലുകള്‍ ക്രിയാത്മകവും ലക്ഷ്യോന്മുഖവുമാണെന്ന് ടൂറിസം ഡയറക്ടര്‍ പി.ബാലകിരണ്‍ പറഞ്ഞു. ടൂറിസം വകുപ്പിന്റെ പദ്ധതികളെയും പ്രവര്‍ത്തനങ്ങളെയും കുറിച്ചുള്ള രസകരവും നൂതനകളുമായ പോസ്റ്റുകളിലൂടെ രാജ്യത്തിനകത്തും പുറത്തുമുള്ള വിനോദ സഞ്ചാരികളുമായി ആശയ സംവേദനം നടത്താന്‍ കഴിഞ്ഞിട്ടുണ്ട്.

കേരള ടൂറിസം തങ്ങളുടെ ഡിജിറ്റല്‍ മാര്‍ക്കറ്റിങ് ബജറ്റ് 15 ശതമാനമായി ഉയര്‍ത്തിയ സമയത്താണ് ഫേസ്ബുക്കിന്റെ ഈ മികച്ച റാങ്കിങ് ലഭിച്ചതെന്നുള്ളത് ശ്രദ്ധേയമാണ്.ആഗോള തലത്തില്‍ ആശയ പ്രചരണത്തില്‍ കേരള ടൂറിസം സ്വീകരിച്ചു പോരുന്ന പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി ഈ നേട്ടത്തെ കണക്കാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.