News

വിചിത്രമീ ക്ഷേത്രം: അമ്മനിഷ്ടം വറ്റല്‍ മുളക്

ക്ഷേത്രങ്ങളാല്‍ നിറഞ്ഞതാണ് നമ്മുടെ ഇന്ത്യ. വ്യത്യസ്ത രൂപത്തിലുള്ള പ്രതിഷ്ഠകള്‍, ഉത്സവങ്ങള്‍, വഴിപാടുകള്‍ എന്നിവ കൊണ്ട് വൈവിധ്യ പുലര്‍ത്തുന്നവയാണ് ഓരോന്നും.
അങ്ങനെ വ്യത്യസ്ത കൊണ്ട് അതിശയിപ്പിക്കുന്ന ഒരു ക്ഷേത്രമുണ്ട് തമിഴനാട്ടിലില്‍. മലര്‍ന്ന് കിടക്കുന്ന പ്രതിഷ്ഠ ആണ് പ്രത്യേകത. ഏത് ആഗ്രഹവും അണ്ണാമലൈ അമ്മന്‍ സാധിച്ചു തരും വറ്റല്‍ മുളകരച്ച് അമ്മന്റെ വിഗ്രഹത്തില്‍ തേച്ചാല്‍.

തമിഴ്‌നാട്ടിലാണ് ഈ അമ്മന്‍ കോവില്‍ സ്ഥിതി ചെയ്യുന്നത്. പൊള്ളാച്ചിയില്‍ നിന്നും ഏകദേശം 25 കിലോമീറ്റര്‍ അകലെ, ആളിയാര്‍ പുഴയുടെ തീരത്ത്,ആനമല മലനിരകളിലാണ് ഈ പുണ്യക്ഷേത്രത്തിന്റെ സ്ഥാനം. ഒരുപാട് പ്രത്യേകതകളുണ്ട് ഈ ക്ഷേത്രത്തിന്, പതിനഞ്ചടി നീളത്തില്‍ മണ്ണില്‍ തീര്‍ത്ത വിഗ്രഹം മലര്‍ന്നു കിടക്കുന്ന രൂപത്തിലാണ്.

കാല്‍ച്ചുവട്ടില്‍ ദേവിയുടെ പുത്രനെന്ന സങ്കല്പത്തില്‍ ഒരു ചെറുരൂപവുമുണ്ട്. ഏറെ വിചിത്രമായ ഒരു ആചാരമുണ്ട് ഈ അമ്മന്‍ കോവിലില്‍. മുളകരച്ച് വിഗ്രഹത്തില്‍ തേച്ചാല്‍ ആഗ്രഹിച്ച കാര്യങ്ങള്‍ക്കു അനുകൂലമായ ഫലം ലഭിക്കുമെന്നാണ് വിശ്വാസികള്‍ പറയുന്നത്.

വിഗ്രഹത്തില്‍ മുളകരച്ചു തേക്കുന്നതിനു ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മൂന്ന് തവണ ശിലയില്‍ മുളകരച്ചതു തേക്കണം. ഇങ്ങനെ ചെയ്തതിനു ശേഷം തിരിഞ്ഞു നോക്കാതെ ആഗ്രഹിച്ച കാര്യം പ്രാര്‍ത്ഥിച്ചുകൊണ്ട് വേണം ക്ഷേത്രത്തില്‍ നിന്നും പുറത്തേക്കിറങ്ങാന്‍.

അതിനു ശേഷം മറ്റെവിടെയും പോകാതെ സ്വഗൃഹത്തിലേക്കു മടങ്ങണം. വിശന്നാല്‍ മാത്രം ഭക്ഷണം കഴിക്കാന്‍ എവിടെയെങ്കിലും ഇറങ്ങാം. അല്ലാതെ വേറെയെവിടെയെങ്കിലും തങ്ങുന്നത് പ്രാര്‍ത്ഥന വിഫലമാക്കാനിടയുണ്ട്. ഇപ്രകാരം ചെയ്താല്‍ ആഗ്രഹിച്ച കാര്യം മൂന്നുമാസത്തിനുള്ളില്‍ നടക്കുമെന്നാണ് പറയപ്പെടുന്നത്.

വഴിപാടു നടത്തി മടങ്ങി പിന്നീടുള്ള മൂന്നു മാസത്തിനിടക്ക് ഫലപ്രാപ്തിയുണ്ടാകും. ഫലസിദ്ധി ലഭിച്ചു കഴിഞ്ഞാല്‍ പിന്നീട് ഒരു തവണ കൂടി ക്ഷേത്രത്തില്‍ എത്തണം. മുളകരച്ചു തേച്ച കല്ലില്‍ കരിക്കു കൊണ്ട് അഭിഷേകം നടത്തി നമ്മുടെ സന്തോഷവും ദേവിയോടുള്ള നന്ദിയും പ്രകടിപ്പിക്കണം. അപ്പോള്‍ മാത്രമാണ് പ്രാര്‍ത്ഥന പൂര്‍ത്തിയാകുന്നത്.

സ്ത്രീകളുടെ ആര്‍ത്തവ സമയത്തെ വയറുവേദന പോലുള്ള അസ്വസ്ഥതകള്‍ക്ക് ഇവിടെയെത്തി പ്രാര്‍ത്ഥിക്കുന്നത് നല്ലതാണെന്നാണ് പറയപ്പെടുന്നത്. അതുപോലെ തന്നെ സങ്കടങ്ങള്‍ എഴുതി ദേവിയുടെ കൈയില്‍ കൊടുക്കുന്നത് ദുരിതശമനത്തിനു നല്ലതാണെന്നും പറയപ്പെടുന്നു.

ശ്രീരാമന്‍ നിര്‍മിച്ചതാണ് ഈ ക്ഷേത്രത്തിലെ അമ്മന്‍ വിഗ്രഹമെന്നാണ് പറയപ്പെടുന്നത്. അതുമാത്രമല്ല രാമ-രാവണ യുദ്ധത്തിനു മുന്‍പ് ശ്രീരാമ ദേവന്‍ ഈ ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥിച്ചിട്ടാണ് പോയതെന്നും വിശ്വസിക്കപ്പെടുന്നു.

ക്ഷേത്രത്തിലെ വിശേഷ ദിവസങ്ങള്‍ ചൊവ്വയും വെള്ളിയുമാണ്. ജനുവരി മാസത്തിലാണ് ഉത്സവം നടക്കാറ്. ഉത്സവത്തിന്റെ അവസാന ദിനത്തില്‍ തീയാട്ടവും ഇവിടെ നടക്കാറുണ്ട്. തമിഴ് നാടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും അന്ന് നിരവധി ആളുകള്‍ ഇവിടെയെത്താറുണ്ട്.