Kerala

കായല്‍ ഭംഗി ആസ്വദിച്ച് അഷ്ടമുടിയിലേക്ക് യാത്ര പോകാം

അഷ്ടമുടിയില്‍ നിന്ന് അഷ്ടമുടിയിലേക്കൊരു ബോട്ട് യാത്ര. നിരവധി സഞ്ചാരികളാണ് ജലയാത്രയ്ക്കായി എത്തുന്നത്. സംസ്ഥാന ജലഗതാഗത വകുപ്പിന്റെ ബോട്ടില്‍ അഷ്ടമുടി വീരഭദ്രസ്വാമിക്ഷേത്ര ജട്ടിയില്‍നിന്ന് ബോട്ടില്‍ കയറിയാല്‍ ഒരുമണിക്കൂര്‍ കായല്‍പ്പരപ്പിലൂടെ യാത്രചെയ്ത് ഉല്ലസിച്ച് അഷ്ടമുടി ബസ് സ്റ്റാന്റ്‌റിലെത്താം.


ഒരാള്‍ക്ക് 11 രൂപ നിരക്കില്‍ ദിവസവും ഉച്ചയ്ക്ക് 1.40നും വൈകിട്ട് 6.45നും ബോട്ട് ക്ഷേത്ര ജെട്ടിയില്‍ നിന്ന് പുറപ്പെടും.

കല്ലടയാര്‍ അഷ്ടമുടി കായലില്‍ ഒഴുകിച്ചേരുന്ന ഭാഗവും ഈ യാത്രയില്‍ കാണാമെന്ന പ്രത്യേകതയുമുണ്ട്. യാത്രയ്ക്കിടയില്‍ തെക്കുംഭാഗം, തോലുകടവ്, കോയിവിള, പെരുങ്ങാലം, പട്ടന്‍തുരുത്ത് തുടങ്ങിയ അഞ്ച് ജട്ടികളില്‍ ബോട്ട് അടുക്കും.

കൊല്ലത്തുനിന്ന് ബസില്‍ വരുന്നവര്‍ക്ക് വീരഭദ്രസ്വാമിക്ഷേത്രത്തിനടുത്ത് ഇറങ്ങി ബോട്ടില്‍ കയറി അഷ്ടമുടി ബസ് സ്റ്റാന്‍ഡ് ജെട്ടിയിലിറങ്ങി അവിടെനിന്ന് കൊല്ലത്തേക്ക് തിരികെ പോകാം.

അഷ്ടമുടി ക്ഷേത്ര ജട്ടിയില്‍നിന്ന് ദിവസവും രാവിലെ 10-ന് കൊല്ലത്തേക്കും ബോട്ട് സര്‍വീസുണ്ട്. പ്രാക്കുളം, സാമ്പ്രാണിക്കോടി, കുരീപ്പുഴ, കാവനാട് വഴി ഒന്നേകാല്‍ മണിക്കൂര്‍ക്കൊണ്ട് കൊല്ലത്തെത്താം.