അല്‍ ദഖീറ ബീച്ച് സന്ദര്‍ശകര്‍ക്കായി കാത്തിരിക്കുന്നു
ശുചീകരിച്ച അല്‍ ദഖീറ ബീച്ച് സന്ദര്‍ശകര്‍ക്കായി തയ്യാറായി. മുനിസിപ്പാലിറ്റി- പരിസ്ഥിതി മന്ത്രാലയത്തിന് കീഴിലെ പൊതുശുചിത്വ വിഭാഗമാണ് അല്‍ ദഖീറ ബീച്ച് ശുചീകരണ പ്രക്രിയ നടത്തിയത്. ബീച്ച് ശുചീകരണത്തോടൊപ്പം മണല്‍ പുഷ്ടിപ്പെടുത്തുന്ന പ്രവര്‍ത്തനവും നടത്തി. ഏകദേശം ഒരുകിലോമീറ്റര്‍ ദൂരത്തില്‍നിന്ന് 18 ടണ്‍ കല്ലുകള്‍ നീക്കുകയും അവിടെ മണല്‍ നിറയ്യക്കുകയും ചെയ്തു.
മണല്‍ നിറയ്ക്കലിന്റെ ആദ്യഘട്ടം ഏപ്രിലിലാണ് നടത്തിയത്. കല്ലുകള്‍ നീക്കംചെയ്തശേഷം മണല്‍ നിറയ്ക്കുകയായിരുന്നു. ഇതിന്റെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ഈ മാസം പൂര്‍ത്തിയാക്കുകയും ചെയ്തുവെന്ന് ശുചിത്വവിഭാഗം ഡയറക്ടര്‍ സഫര്‍ അല്‍ ഷാഫി പറഞ്ഞു.
അല്‍ ദഖീറ പ്രദേശത്തെ ആളുകളുമായി സഹകരിച്ചാണ് മണല്‍ നിറയ്ക്കല്‍ പ്രവര്‍ത്തനം നടത്തിയതെന്നും അദ്ദേഹം അറിയിച്ചു. മണല്‍ കൊണ്ടിട്ടെങ്കിലും ബീച്ചിന്റെ ഭൂപ്രകൃതിക്ക് വ്യത്യാസമൊന്നും വന്നിട്ടില്ലെന്നും അദ്ദേഹം അറിയിച്ചു.
അല്‍ ദഖീറ ബീച്ച് ശുചിയാക്കുകയും മികവുറ്റതാക്കുകയും ചെയ്തതോടെ സന്ദര്‍ശകര്‍ക്ക് മികച്ച അനുഭവമാണ് ലഭ്യമാകുക. സെന്‍ട്രല്‍ മുനിസിപ്പല്‍ കൗണ്‍സില്‍ വൈസ് ചെയര്മാന് കൂടിയായ അല്‍ ദഖീറ പ്രദേശത്തെ പ്രതിനിധീകരിക്കുന്ന അംഗം ഹമദ് ലഹ്ദാന്‍ അല്‍ മുഹന്നദിയുടെ സഹകരണത്തോടെയാണ് ശുചീകരണ പദ്ധതി നടപ്പാക്കിയത്.
കുടുംബങ്ങള്‍ ഉള്‍പ്പെടെ സ്വദേശികളും വിദേശികളും ബീച്ചുകളില്‍ സ്ഥിരമായി എത്തിച്ചേരുന്നതിനാല്‍ അവിടങ്ങളില്‍ നല്ല ശുചിത്വമുണ്ടാവണമെന്ന കാര്യത്തില്‍ മുനിസിപ്പല്‍- പരിസ്ഥിതി മന്ത്രലായം വലിയ പ്രാധാന്യമാണ് കല്‍പ്പിക്കുന്നതെന്ന് അല്‍ ഷാഫി കൂട്ടിച്ചേര്‍ത്തു.
ബീച്ചുകളിലും ദ്വീപുകളിലും നിര്‍ദിഷ്ട സ്ഥലങ്ങളില്‍മാത്രം മാലിന്യം നിക്ഷേപിച്ച് ശുചിത്വത്തിന്റെ കാര്യത്തില്‍ പൊതുജനങ്ങള്‍ സഹകരിക്കണമെന്ന് സന്ദര്‍ശകരോട് ശുചിത്വവിഭാഗം ആവശ്യപ്പെടുന്നു.