പാളത്തില്‍ അറ്റകുറ്റപണി: ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം
കറുകുറ്റിക്കും കളമശേരിക്കുമിടയില്‍ പാളം മാറ്റാനും അറ്റകുറ്റപ്പണികള്‍ക്കുമായി റെയില്‍വേ ഗതാഗത നിയന്ത്രണം തുടങ്ങി. രണ്ടര മണിക്കൂറോളം തെക്കോട്ടുള്ള പാതയില്‍ ഗതാഗതം നിര്‍ത്തുകയും പലയിടത്തായി നാലു മണിക്കൂര്‍ നിയന്ത്രിക്കുകയും ചെയ്യും. ജൂണ്‍ 15 വരെയാണു അറ്റകുറ്റപ്പണികള്‍ നടത്തുക. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ ഗതാഗതം മുടങ്ങില്ല. രാത്രി 7.45 മുതല്‍ 11.45 വരെയാണു ട്രെയിനുകള്‍ക്കു നിയന്ത്രണം.
ഈ സമയം തെക്കോട്ടു വണ്ടികള്‍ കുറവാണ്. ദീര്‍ഘദൂര വണ്ടികള്‍ പുതുക്കാട്, ചാലക്കുടി എന്നീ സ്റ്റേഷനുകളിലാണു പിടിച്ചിടുന്നത്. പതിനഞ്ചു കിലോമീറ്റര്‍ ദൂരം പാളം, സ്ലീപ്പര്‍, മെറ്റല്‍ എന്നിവ മാറ്റുന്ന ജോലിയാണു നടത്താനുള്ളത്. പല ട്രെയിനുകളുടെയും സമയം പുനഃക്രമീകരിച്ചിട്ടുണ്ട്. രാത്രി 9.25നുള്ള ചെന്നൈ എക്‌സ്പ്രസ് രണ്ടു മണിക്കൂര്‍ വൈകിയാണു പുറപ്പെടുന്നത്. ഗുരുവായൂര്‍ പാസഞ്ചറിന്റെ സമയത്തിലും നിയന്ത്രണമുണ്ട്.
എന്നാല്‍ ട്രാക്കിലെ അറ്റകുറ്റപ്പണികള്‍ മൂലം റെയില്‍വേയുടെ സമയക്രമം താളം തെറ്റിയതു യാത്രക്കാരെ ദുരിതത്തിലാക്കി. വ്യാഴാഴ്ച എന്‍ജിന്‍ തകരാറു കാരണം ട്രെയിന്‍ പിടിച്ചിട്ടതു യാത്രക്കാര്‍ക്ക് ഇരട്ടി ദുരിതമാണു സമ്മാനിച്ചത്. ആലപ്പുഴയില്‍നിന്നു രാവിലെ പുറപ്പെട്ട ധന്‍ബാദ് എക്‌സ്പ്രസാണ് എന്‍ജിന്‍ തകരാര്‍ മൂലം വഴിയില്‍ കിടന്നത്. പിന്നീടു തകരാര്‍ പരിഹരിച്ചു മൂന്നു മണിക്കൂര്‍ വൈകിയാണ് എത്തിയത്.