Special

ഇവള്‍ മറാല്‍ ഹാര്‍ലിയില്‍ ലോകം ചുറ്റും സുന്ദരി

സ്വാതന്ത്രത്തിന്റെ ചങ്ങലക്കണ്ണികള്‍ പൊട്ടിച്ചെറിയലാണ് ചിലര്‍ക്ക് യാത്ര. എന്നാല്‍ മറാല്‍ യസാര്‍ലൂ എന്ന ഇറാന്‍ യുവതി നടത്തുന്ന യാത്ര അവളുടെ രാജ്യത്തിന്റെ ഭരണകൂടത്തിന്റെ പുനര്‍ചിന്തനത്തിലേക്ക് നയിക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണ്. റൈഡ് റ്റു ബീ വണ്‍ എന്ന വാക്യം ഉയര്‍ത്തിക്കാട്ടി തന്റെ ബിഎംഡബ്ല്യു എഫ്650ജിഎസിലൂടെ ലോകം ചുറ്റുകയാണ് മാറല്‍.

കഴിഞ്ഞ മാര്‍ച്ച് പതിനഞ്ച് പുനെയില്‍ നിന്നാരംഭിച്ചതാണ് മാറല്‍ യാത്ര.ഇറാനില്‍ സ്ത്രീകള്‍ക്ക് ബൈക്ക് ഓടിക്കാനുള്ള അവകാശം നേടിക്കൊടുക്കുക എന്നതാണ് മറാലിനെ ഈ യാത്രയ്ക്കു പ്രേരിപ്പിച്ചത്.

ഏഴ് വന്‍കരകളും താണ്ടി ഇറാനിലേക്കു തിരിച്ചെത്തുകയാണ് മറാലിന്റെ ലക്ഷ്യം. ഇറാനിലേക്കുള്ള കവാടം തുറന്നു കയറുമ്പോള്‍ തന്റെ ഭരണകൂടം സ്ത്രീകള്‍ക്കു വിലക്കു കല്‍പ്പിച്ചിരിക്കുന്ന ബൈക്ക് യാത്രയ്ക്ക് സമ്മതം മൂളുമെന്നാണ് മറാല്‍ കരുതുന്നത്.

ഇതിനോടകം ആറ് ഭൂഖണ്ഢങ്ങളിലായി 33 രാജ്യങ്ങള്‍ ബൈക്കില്‍ താണ്ടിക്കഴിഞ്ഞു മറാല്‍. ഭൂട്ടാന്‍, സൗത്ത് ഈസ്റ്റ് ഏഷ്യ, ഓസ്ട്രേലിയ, അമേരിക്ക, മെക്സിക്കോ, മധ്യ അമേരിക്ക, തെക്കേ അമേരിക്ക, അന്റാര്‍ട്ടിക്ക, ആഫ്രിക്ക എന്നിവിടങ്ങളിലൂടെ, ഏകദേശം അറുപത്തിനാലായിരത്തോളം കിലോമീറ്ററാണ് ഇതുവരെ ഇരുചക്ര വാഹനത്തില്‍ ഈ വനിത താണ്ടിയത്.

സ്ത്രീകള്‍ ഇന്നും ഒറ്റയ്ക്ക് യാത്ര ചെയ്യുന്നു എന്ന് കേള്‍ക്കുമ്പോള്‍ ലോകം ഇപ്പോഴും നെറ്റി ചുളിക്കുകയാണ്. സുരക്ഷ തന്നെയാണ് പ്രധാന പ്രശ്നം. സഹായികളായി ആരും മറാലിനൊപ്പമില്ല.

രാവും പകലും ഭേദമില്ലാതെയാണ് മറാലിന്റെ യാത്ര. എപ്പോള്‍ ഉറക്കം തോന്നുന്നുവോ അവിടെ യാത്ര അവസാനിപ്പിച്ച് ടെന്റ് കെട്ടി ഉറങ്ങും. പക്ഷേ ഈ ലോകത്ത് ഒരുപാട് നല്ല മനുഷ്യരുണ്ട്, അവര്‍ക്കൊപ്പം മനോഹരമായൊരു ജീവിതം നയിക്കാനാകും എന്ന് തിരിച്ചറിവാണ്, ഒറ്റയ്ക്കു ജീവിക്കാനൊരു ധൈര്യമാണ് യാത്ര പകര്‍ന്നതെന്നും ഇടയ്ക്കിടെയുണ്ടാകുന്ന അസുഖങ്ങള്‍ മാത്രമാണ് ശല്യം ചെയ്തിരുന്നതെന്ന് മറാല്‍ പറയുന്നത്. മനുഷ്യരെ കൊണ്ട് മറാലിന് ഇതുവരെ ഒരു പ്രശ്നവുമുണ്ടായിട്ടില്ല.

അന്റാര്‍ട്ടിക്കയില്‍ വച്ച് കടുത്ത പനി പിടികൂടിയതായിരുന്നു മറാലിനെ. പനി കൂടിയപ്പോള്‍ അര്‍ജന്റീനയിലേക്കു തിരികെ വന്ന് കുറച്ചു ദിവസം യാത്രയ്ക്ക് അവധി കൊടുത്തു. പനിക്കിടപ്പ് പക്ഷേ പിന്നീടുള്ള യാത്രയ്ക്കു പകര്‍ന്ന ഊര്‍ജ്ജം ചെറുതല്ല. അര്‍ജന്റീനയിലെ ഉസ്വായയില്‍ നിന്ന് 2400 കിലോമീറ്റര്‍ താണ്ടി ബ്യൂണെസ് ഐറിസിലെത്തി കപ്പലില്‍ ആഫ്രിക്കയിലേക്കു പോന്നു.

പതിനഞ്ച് വര്‍ഷം മുന്‍പ് ഒരു കൂട്ടുകാരനാണ് ബൈക്ക് യാത്രയുടെ ഹരം മറാലിനു പറഞ്ഞു കൊടുത്തത്. ഇന്ന് രണ്ട് ഹാര്‍ലി ഡേവിഡ്സണ്‍ ബൈക്കുകള്‍ അടക്കം സ്വന്തമായി നാലെണ്ണമുണ്ട്.

ഇറാനില്‍ നിന്ന് പുനെയിലെത്തി പുനെ സര്‍വ്വകലാശാലയില്‍ നിന്ന് എംബിഎയും പിഎച്ച്ഡിയും കരസ്ഥമാക്കിയ മറാല്‍ ഫാഷന്‍ രംഗത്താണ് ജോലി ചെയ്യുന്നത്. 15 വര്‍ഷമായി തുടരുന്ന, ഫാഷന്‍ രംഗത്തെ തിളക്കമുള്ള ജോലിക്ക് 18 മാസത്തെ ഇടവേള നല്‍കി യാത്രയ്ക്കു തിരിച്ചത് ബൃഹത്തായ തയ്യാറെടുപ്പോടെയാണ്.

കണ്ട കാഴ്ചകളും അനുഭവങ്ങളുമെല്ലാം ജീവിതത്തില്‍ മുന്നോട്ടുള്ള യാത്രയ്ക്കായി കുറേ നല്ല അധ്യായങ്ങളും സമ്മാനിക്കുന്നു. അതുകൊണ്ട് ബൈക്ക് ഓടിച്ച് ഉദ്ദേശിച്ചിടത്ത് എത്തുമെന്ന് മാത്രമല്ല, മനസ്സിലെ സ്വപ്നത്തിനും നിറംവരുമെന്ന് മറാല്‍ കരുതുന്നു.