News

ചെന്നൈയില്‍ ട്രാഫിക് പിഴ ഇനി സ്മാര്‍ട്ട്

ട്രാഫിക് നിയമ ലംഘനത്തിനു പൊലീസ് പിടിച്ചാല്‍ ഇനി പോക്കറ്റില്‍ നോട്ടു തിരയേണ്ട. ഗതാഗത നിയമം ലംഘിച്ചതിനുള്ള പിഴ ഓണ്‍ലൈനില്‍ അടയ്ക്കുന്ന പദ്ധതിക്കു ചെന്നൈ സിറ്റി പൊലീസ് തുടക്കമിട്ടു.

pic courtesy: Deccan Chronichle

ട്രാഫിക് നിയമം ലംഘിച്ചതിനുള്ള പിഴ ഇനി പൊലീസുകാര്‍ക്കു നേരിട്ടു കൈപ്പറ്റാന്‍ കഴിയില്ലെന്നും നിശ്ചിത സമയത്തിനുള്ളില്‍ തുക ഓന്‍ലൈനായി അടയ്ക്കാമെന്നും സിറ്റി പൊലീസ് കമ്മിഷണര്‍ എ.കെ.വിശ്വനാഥന്‍ പറഞ്ഞു.

അപ്പോള്‍ തന്നെ അടയ്ക്കാന്‍ താല്‍പര്യമുള്ളവര്‍ക്കു പൊലീസിന്റെ കൈവശമുള്ള പിഒഎസ് മെഷീനോ അംഗീകൃത ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവിധാനമോ ഉപയോഗിക്കാം.

പിടിക്കപ്പെടുന്ന സമയത്തു പൊലീസ് നല്‍കുന്ന ചെലാന്‍ ഉപയോഗിച്ചാണു പിഴ ഒടുക്കേണ്ടത്. പോസ്റ്റ് ഓഫിസ്, മൊബൈല്‍ കോടതി എന്നിവിടങ്ങളില്‍ മാത്രമേ പണമായി പിഴ ഒടുക്കാന്‍ സാധിക്കൂ.

ട്രാഫിക് പിഴയുടെ പേരില്‍ പൊലീസുകാര്‍ കൈക്കൂലി വാങ്ങുന്നതും ഉയര്‍ന്ന പിഴ നല്‍കേണ്ട സംഭവങ്ങളില്‍ പൊലീസുകാര്‍ക്കു ചെറിയ തുക കൈക്കൂലി നല്‍കി രക്ഷപ്പെടുന്നതും ഒഴിവാക്കാനാണു പുതിയ പരിഷ്‌കാരമെന്നു വിശ്വനാഥന്‍ വ്യക്തമാക്കി. തമിഴ്‌നാട് സര്‍ക്കാരിന്റെ ഇ-ഗവേര്‍ണന്‍സ് നയത്തിന്റെ ഭാഗമായാണു പദ്ധതി നടപ്പാക്കുന്നത്.

കറന്‍സി രഹിത ട്രാഫിക് പിഴ എന്ന പുതിയ രീതി നടപ്പാക്കുന്നതിനു 300 പിഒഎസ് മെഷീനുകള്‍ ട്രാഫിക് ഉദ്യോഗസ്ഥര്‍ക്കു വിതരണം ചെയ്തു. പര്‍ദ ധരിച്ച മുസ്ലിം സ്ത്രീകളെയും തൊപ്പി ധരിച്ച മുസ്ലിം പുരുഷന്‍മാരെയും ഹെല്‍മെറ്റ് ധരിക്കാത്തതിന്റെ പേരില്‍ പൊലീസ് തടയില്ല.

എന്നാല്‍ വാഹന രേഖകളും ലൈസന്‍സും പരിശോധിക്കാന്‍ ട്രാഫിക് ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ട്. പൊലീസിന്റെ പിഒഎസ് മെഷീനില്‍ പണം അടയ്ക്കുന്നവര്‍ ചെലാനും റസീപ്റ്റും വാങ്ങി സൂക്ഷിക്കണം.

പരിശോധനാ ഉദ്യോഗസ്ഥരുടെ കൈവശമുള്ള പിഒഎസ് മെഷീന്‍ കൂടാതെ ഇ-സേവാ കേന്ദ്രങ്ങള്‍, പോസ്റ്റ് ഓഫിസ്, മൊബൈല്‍ കോടതി, പേടിഎം ആപ്, എസ്ബിഐ ഓണ്‍ലൈന്‍ പെയ്‌മെന്റ് സംവിധാനം, ചെല്ലാനിലെ ക്യുആര്‍ കോഡ് തുടങ്ങിയവ ഉപയോഗിച്ച് ഒരു മാസത്തിനുള്ളില്‍ തുക അടയ്ക്കാം.

എന്നാല്‍ മദ്യപിച്ചു വാഹനമോടിക്കുന്നത് അടക്കമുള്ള ഗുരുതരമായ ലംഘനങ്ങളുടെ പിഴ കോടതിയില്‍ മാത്രമേ ഒടുക്കാന്‍ സാധിക്കൂ. ഭാവിയില്‍ വാഹന പരിശോധന വെട്ടിച്ചുരുക്കി സിസിടിവിയുടെ സഹായത്തോടെ നിയമ ലംഘകരെ തിരിച്ചറിഞ്ഞു വിലാസത്തില്‍ നോട്ടിസ് അയയ്ക്കുന്ന രീതി നടപ്പാക്കുന്ന കാര്യവും പരിഗണനയിലുണ്ടെന്നു ഗതാഗത വകുപ്പ് അറിയിച്ചു.