കുപ്പി വെള്ളത്തിന്റെ വില നിയന്ത്രിക്കാന്‍ ഓര്‍ഡിനന്‍സ്

സംസ്ഥാനത്ത് കുപ്പിവെള്ളത്തിന്റെ വില നിയന്ത്രിക്കാന്‍ ഓര്‍ഡിനന്‍സ്. കുപ്പിവെള്ളത്തെ ആവശ്യസാധനങ്ങള്‍ പട്ടികയില്‍പെടുത്തും.
ഭക്ഷ്യമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തിലാണു തീരുമാനം. കുപ്പിവെള്ളത്തിന്റെ വില ലീറ്ററിന് 20 രൂപവരെ ഉയര്‍ന്നപ്പോഴാണു വ്യാപകമായ പരാതികള്‍ ഭക്ഷ്യവകുപ്പിനു മുന്നിലെത്തിയത്. 10 രൂപയായിരുന്ന വില നിര്‍മാതാക്കള്‍ കുത്തനെ ഉയര്‍ത്തുകയായിരുന്നു


ഇന്ധന വില ഉള്‍പ്പെടെ അവശ്യസാധനങ്ങളുടെ വില ഉയര്‍ന്നു എന്നകാരണം പറഞ്ഞാണ് വില ഇരട്ടിപ്പിച്ചത്. അതോടെയാണ് കുപ്പിവെള്ളത്തെ അവശ്യസാധന വില നിയന്ത്രണ നിയമത്തിന്റെ കീഴില്‍കൊണ്ടുവരാന്‍ തീരുമാനിച്ചത്. ഇതിനായി വിജ്ഞാപനം ഇറക്കും.

യോഗത്തില്‍ കുപ്പിവെള്ള ഉത്പാദകരുടെ പ്രതിനിധികളും പങ്കെടുത്തിരുന്നു. അവശ്യസാധന വില നിയന്ത്രണ നിയമത്തിന്‍ കീഴിലേക്കു കുപ്പിവെള്ളം കൊണ്ടുവന്നാല്‍, ഉല്‍പാദകര്‍ക്കും വ്യാപാരികള്‍കും തോന്നും പോലെ വിലകൂട്ടാനാവില്ല. അങ്ങനെ ചെയ്താല്‍ അതു കുറ്റകരമായി മാറും. വില നിശ്ചയിക്കുന്നത് സര്‍ക്കാരിന്റെ നിയന്ത്രണത്തിലാകുന്നതോടെ ഈരംഗത്തെ തീവെട്ടിക്കൊള്ള അവസാനിക്കുമെന്നാണു പ്രതീക്ഷ.