ബോധവല്‍ക്കരണ പരിപാടിയുമായി ദോഹ ട്രാഫിക് വകുപ്പ്
സുരക്ഷ ഉറപ്പാക്കാന്‍ റോഡ് നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്ന സന്ദേശവുമായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്ക്. അറബ് ട്രാഫിക്ക് വാരാചരണത്തോടനുബന്ധിച്ച് ട്രാഫിക്ക് നിയമങ്ങള്‍ സംബന്ധിച്ച അവബോധം വര്‍ധിപ്പിക്കാന്‍ വകുപ്പ് വിവിധപരിപാടികള്‍ സംഘടിപ്പിച്ചു.
രണ്ടുദിവസം നീണ്ട ട്രാഫിക്ക് ബോധവത്കരണ പ്രദര്‍ശനമായിരുന്നു ഇതില്‍ പ്രധാനം. ട്രാഫിക് ചട്ടങ്ങള്‍ പാലിക്കുകയെന്നത് ഒരു സംസ്കാരമായി സമൂഹത്തിലെ വിവിധ തലങ്ങളിലുള്ളവരില്‍ വളര്‍ത്തിയെടുക്കുകയായിരുന്നു പരിപാടിയുടെ ഉദ്ദേശ്യം.
യുവാക്കള്‍ക്കിടയിലെ ബോധവത്കരണവും വകുപ്പ് ഏറെ പ്രാധാന്യത്തോടെയാണ് കാണുന്നതെന്ന് ട്രാഫിക് ബോധവത്കരണ വകുപ്പ് വിഭാഗം മേധാവി കേണല്‍ മുഹമ്മദ് റാദി അല്‍ ഹാജ്രി പറഞ്ഞു.
അടുത്തിടെയുണ്ടായ അപകടങ്ങളില്‍ കൂടുതലും യുവാക്കള്‍ ഉള്‍പ്പെട്ടവയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആംബുലന്‍സ്- അടിയന്തര രക്ഷാവിഭാഗങ്ങളുടെ വികസനവും മെച്ചപ്പെട്ട സേവനവുമാണ് റോഡിലെ അപകടമരണങ്ങള്‍ കുറയാന്‍ കാരണമായതെന്നും മുഹമ്മദ് റാദി അല്‍ ഹാജ്രി ചൂണ്ടിക്കാട്ടി.