ഫ്ലിപ്കാർട്ട് ഇനി വാൾമാർട്ടിനു സ്വന്തം
പ്രമുഖ ഓണ്‍ലൈന്‍ വ്യാപാരശൃംഖലയായ ഫ്ലിപ്കാര്‍ട്ടിനെ ആഗോളഭീമന് വാള്‍മാര്‍ട്ട് ഏറ്റെടുത്തു. ഫ്ലിപ്കാര്‍ട്ടിന്റെ 75 ശതമാനം ഓഹരികള്‍ വാള്‍മാര്‍ട്ട് വാങ്ങാനുള്ള കരാറില്‍ ഒപ്പിട്ടതായി ബിസിനസ് സ്റ്റാന്‍ഡാര്‍ഡ് റിപ്പോര്‍ട്ട് ചെയ്തു. 20 ബില്യണ്‍ ഡോളറിനാണ് (ഏകദേശം 101017 കോടി രൂപയ്ക്ക്) ഏറ്റെടുക്കല്‍ എന്നാണ് റിപ്പോര്‍ട്ട്. സോഫ്റ്റ് ബാങ്ക് സിഇഒ മസായോഷി സോണ്‍ വാള്‍മാര്‍ട്ട് കരാര്‍ ഒപ്പിട്ട വിവരം സ്ഥിരീകരിച്ചു.
വാള്‍മാര്‍ട്ടിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഏറ്റെടുക്കലായാണ് ബിസിനസ് ലോകം ഇതിനെ വിശേഷിപ്പിക്കുന്നത്. ഇ-കൊമേഴ്സ് രംഗത്തെ ഏറ്റവും വലിയ ഏറ്റെടുക്കലും ഇത് തന്നെയാണ്. ഇനി ഇന്ത്യന്‍ ഇ- കൊമേഴ്സ് രംഗം കാണാന്‍ പോകുന്നത് വാള്‍മാര്‍ട്ടും ആമസോണും തമ്മിലുള്ള കടുത്ത മത്സരമാണ്.
തുടക്കത്തിൽ ഇരുനൂറ് കോടി ഡോളറിന്റെ നിക്ഷേപമാണ് വാള്‍മാര്‍ട്ട് നടത്തുക. വൈകാതെ തന്നെ ബാക്കി നിക്ഷേപം ഇറക്കും. ഗൂഗിളിന്റെ ആൽഫബറ്റും ഫ്ലിപ്കാർട്ടിന്റെ അഞ്ച് ശതമാനം ഓഹരി വാങ്ങുമെന്ന സൂചനയുണ്ട്. വാൾമാർട്ട് ഫ്ലിപ്കാർട്ടിനെ സ്വന്തമാക്കുന്നതോടെ സ്ഥാപകനും ചെയർമാനുമായ സച്ചിൻ ബൻസാൽ സ്ഥാനമൊഴിയും. സച്ചിൻ ബൻസാലിന്റെ 5.5 ശതമാനം ഓഹരിയും അദ്ദേഹം വിൽക്കും.
2007ൽ ബംഗളൂരുവിലെ രണ്ടുമുറി കെട്ടിടത്തിത്തിൽ സുഹൃത്തായ ബിന്നി ബൻസാലിനൊപ്പം തുടങ്ങിയ സംരംഭമാണ് കോടികളുടെ വ്യാപാരം നടക്കുന്ന ഭീമൻ ഓൺലൈൻ ശൃംഖലയായി വളർന്നത്. ഫ്ലിപ്കാർട്ടിൽ വൻ തുക നിക്ഷേപിച്ചവരെല്ലാം അവരുടെ ഓഹരി വാൾമാർട്ടിന് വിൽക്കും. എന്നാൽ ടൈഗർ ഗ്ലോബൽ മാനേജ്മെന്റ്, ടെൻസന്റ് ഹോൾഡിങ് പോലുള്ള കമ്പനികൾ അവരുടെ ഓഹരികളിൽ ചെറിയൊരു ഭാഗം നിലനിർത്തുമെന്നും റിപ്പോർട്ടുകളുണ്ട്.