Kerala

കൊച്ചിയുടെ ഓളങ്ങളിലേയ്ക്ക് ഗോവയില്‍നിന്നൊരു അതിഥി; ക്ലിയോപാട്ര

കൊച്ചിയുടെ ഓളങ്ങളില്‍ ഇനി ക്ലിയോപാട്ര ഓടും. കൊച്ചിയുടെ വിനോദസഞ്ചാര മേഖല ലക്ഷ്യമിട്ടാണ് ക്ലിയോപാട്ര ഓളപ്പരപ്പിലേക്കിറങ്ങുന്നത്. 12 നോട്ടിക്കല്‍ മൈല്‍ വേഗത്തില്‍ പോകുന്ന ഫാസ്റ്റ് ബോട്ടാണ് ക്ലിയോപാട്ര. കെഎസ്ഐഎന്‍സിയുടെ കീഴില്‍ എറണാകുളം-ഫോര്‍ട്ടുകൊച്ചി റൂട്ടിലായിരിക്കും ക്ലിയോപാട്രയുടെ സര്‍വീസ്.

ഒരാഴ്ച മുമ്പ് ഗോവയില്‍ നിന്നാണ് ക്ലിയോപാട്ര കൊച്ചിയിലെത്തിയത്. 20 സീറ്റുകളുള്ള ബോട്ടില്‍ എസി സൗകര്യവും രണ്ട് ശൗചാലയങ്ങളും പ്രത്യേക വിഐപി  ക്യാബിനുമുണ്ട്. രജിസ്ട്രേഷന്‍ നടപടികളും അവസാനവട്ട പരിശോധനയും കഴിയുന്നതോടെ ക്ലിയോപാട്ര കൊച്ചിയുടെ കായല്‍പ്പരപ്പിലിറങ്ങും.

ബയോ ശൗചാലയങ്ങള്‍ ഉള്ളതിനാല്‍ത്തന്നെ മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ സര്‍ട്ടിഫിക്കറ്റ് കൂടി ലഭിക്കാനുണ്ട്. ഇതിന് ശേഷമായിരിക്കും ലൈസന്‍സ് ലഭിക്കുക. അവസാനഘട്ട പരിശോധന കഴിഞ്ഞ് ഈ മാസം അവസാനത്തോടെ ക്ലിയോപാട്ര കൊച്ചിക്കാര്‍ക്ക്‌ സ്വന്തമാകും.