Alerts

വീണ്ടും പൊടിക്കാറ്റും മഴയും: 20 സംസ്ഥാനങ്ങള്‍ക്ക് ജാഗ്രതാ നിർദേശം

അടുത്ത 48 മണിക്കൂര്‍ കനത്ത മഴയ്ക്കും പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് ഇരുപതു സംസ്ഥാനങ്ങൾക്ക് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിർദേശം നൽകി. കേരളത്തിലെ വിവിധ ജില്ലകളിൽ കനത്ത കാറ്റും ഇടിമിന്നലുമുണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. ആലപ്പുഴ, എറണാകുളം, കോട്ടയം, കൊല്ലം, ഇടുക്കി, പത്തനംതിട്ട, കണ്ണൂർ, തിരുവനന്തപുരം ജില്ലകൾക്കാണു ജാഗ്രതാനിർദേശം.

പഞ്ചാബ്, ഹരിയാന, ചണ്ഡിഗഡ്, ഡൽഹി, ബിഹാർ, അസം, മേഘാലയ, ബംഗാൾ, നാഗാലാൻഡ്, മണിപ്പൂർ, മിസോറം, ത്രിപുര, ഉത്തർ പ്രദേശ്, ജാർഖണ്ഡ്, സിക്കിം, ഒഡീഷ, തെലങ്കാന, വടക്കൻ കർണാടക, തമിഴ്നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങൾക്കാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിർദേശം നൽകിയത്. ഇവിടങ്ങളിൽ കാറ്റിന്റെ വേഗം മണിക്കൂറിൽ 50 മുതൽ 70 കിലോമീറ്റർ വരെയാകാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.

ന്യൂഡൽഹിയിൽ മഴയും ഇടിമിന്നലോടു കൂടിയ കൊടുങ്കാറ്റും ഉണ്ടാകുമെന്നാണു മുന്നറിയിപ്പ്. എവിടേക്കെങ്കിലും യാത്ര പുറപ്പെടും മുമ്പ് കാലാവസ്ഥാ മുന്നറിയിപ്പ് നോക്കണമെന്ന് ജനങ്ങൾക്കു നിർദേശമുണ്ട്. ഡൽഹി മെട്രോ സർവീസുകളിലും കാലാവസ്ഥയ്ക്കനുസരിച്ച് നിയന്ത്രണമുണ്ടാകും. കാറ്റിന്‍റെ വേഗം കൂടുന്നതിന്‍ അനുസരിച്ചായിരിക്കും ട്രെയിൻ നിയന്ത്രണം. ഇലക്ട്രിക് ലൈനുകൾക്കു താഴെയും തകര മേൽക്കൂരയ്ക്കും മരങ്ങൾക്കും ചുവടെയും കൊടുങ്കാറ്റ് സമയത്തു നിൽക്കരുതെന്നും മുന്നറിയിപ്പുണ്ട്. ഉച്ചയ്ക്കു ശേഷം സ്കൂളുകൾക്ക് അവധി നൽകിയിരുന്നു.

ജമ്മു കശ്മീരിലും ഹിമാചൽ പ്രദേശിലും ആലിപ്പഴ വർഷത്തിനും രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ പൊടിക്കാറ്റിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. അതേസമയം, കഴിഞ്ഞയാഴ്ച വീശിയ കാറ്റിന്‍റെ പ്രഭാവം ഇത്തവണയുണ്ടാകാൻ ഇടയില്ലെന്നും കാലാവസ്ഥാ മുന്നറിയിപ്പിൽ സൂചനയുണ്ട്. പൊടിക്കാറ്റിനു പിന്നാലെ ച‍ണ്ഡിഗഡിൽ കനത്തമഴ രേഖപ്പെടുത്തി.

ഉത്തരാഖണ്ഡിലെ ചമോലിയിൽ കനത്തമഴയെ തുടർന്നുണ്ടായ ശക്തമായ കാറ്റിൽ നിരവധി കെട്ടിടങ്ങളുടെ മേൽക്കൂരകൾ പറന്നുപോയി. ഇവിടെ രണ്ടു തീർഥാടകർക്കു പരുക്കേറ്റതായും റിപ്പോർട്ടുണ്ട്. കനത്തകാറ്റും മഴയും മുൻനിർത്തി ഹരിയാനയില്‍ ഇന്നലെ സ്കൂളുകൾക്ക് അവധി നൽകി. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കഴിഞ്ഞയാഴ്ച ഉണ്ടായ പൊടിക്കാറ്റില്‍ 125 പേര്‍ കൊല്ലപ്പെടുകയും 3000ത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.