വിനോദസഞ്ചാരികളോട് മാന്യതയോടെ പെരുമാറിയില്ലെങ്കില്‍ നടപടി: മന്ത്രി കടകംപള്ളി സുരേന്ദ്രന്
കേരളത്തിലെത്തുന്ന വിദേശ–ആഭ്യന്തര-തദ്ദേശീയ വിനോദസഞ്ചാരികളോട് മാന്യതയോടെ പെരുമാറണമെന്നും ഇതിനു വിപരീതമായി പ്രവർത്തിക്കുന്നവർക്കെതിരേ കർശന നടപടിയുണ്ടാകുമെന്നും ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇടുക്കിയിലെ വിവിധ ടൂറിസം പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വിനോദസഞ്ചാര മേഖലയിൽ തെറ്റായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് നിയന്ത്രണം ഏർപ്പെടുത്തും. വിദേശ വനിതയുടെ കൊലപാതകം കേരളത്തിലെ ടൂറിസം മേഖലയ്ക്കു അപമാനമായി. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ശക്തമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുനിന്നും സ്വീകരിക്കുന്നതിനാണ് ടൂറിസം റെഗുലേറ്ററി കമ്മീഷൻ രൂപീകരിക്കുന്നത്.
വിനോദസഞ്ചാര കേന്ദ്രങ്ങളിൽ വികസനപ്രവർത്തനങ്ങളും സുരക്ഷയും വർധിപ്പിക്കുന്നതിനും ഏകോപിപ്പിക്കുന്നതിനും സമിതികൾ രൂപീകരിക്കും. ഉത്തരവാദിത്ത ടൂറിസം എല്ലാ ജില്ലയിലും കാര്യക്ഷമമാക്കും. പ്രാദേശിക ടൂറിസവും ഉത്തരവാദിത്ത ടൂറിസവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനായുള്ള സർവേകൾ നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു.
ടൂറിസം വികസനത്തിനായി പദ്ധതിയുമായി ആരെങ്കിലും മുന്നോട്ടുവന്നാൽ വിനോദസഞ്ചാര വകുപ്പിൽ നിന്നും പണം അനുവദിക്കും. വണ്ടിപ്പെരിയാർ സത്രം ടൂറിസം പദ്ധതിയുടെ ആദ്യഘട്ട നിർമാണ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം മന്ത്രി നിർവഹിച്ചു. ടൂറിസം ഭൂപടത്തില്‍ ഇടം പിടിക്കുന്ന സത്രം ടൂറിസം പദ്ധതിക്ക് തുടക്കംകുറിക്കാൻ അവസരം ലഭിച്ചത് ഏറെ സന്തോഷകരമാണെന്നും മന്ത്രി പറഞ്ഞു. 3.50 കോടിയുടെ ടൂറിസം വികസന പ്രവർത്തനങ്ങളാണു സത്രത്തിൽ നടത്തുന്നത്.