ഇടിയോടു കൂടിയ കനത്ത മഴ; 20 സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശം
അടുത്ത 48 മണിക്കൂറിനുള്ളിൽ ശക്തമായ കാറ്റും ഇടിയോടും മിന്നലോടും കൂടിയ ശക്തമായ മഴയുമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഒഡീഷ, ജാർഖണ്ഡ്, ബിഹാർ, ഹരിയാന, ചണ്ഡിഗഢ്, ഡൽഹി, അസം, മേഘാലയ, നാഗാലാൻഡ്, മണിപ്പൂർ, മിസോറം, ത്രിപുര, കേരളം, ബംഗാൾ, സിക്കിം, പഞ്ചാബ്, ജമ്മു കശ്മീർ എന്നീ സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദേശമുണ്ട്.
ബുധനാഴ്ചയുണ്ടായ കനത്ത പൊടിക്കാറ്റിൽ 73 പേർ കൊല്ലപ്പെട്ട ഉത്തർപ്രദേശിൽ ശക്തമായ മഴയും കാറ്റുമുണ്ടാകും. സംസ്ഥാനത്തിന്റെ പടിഞ്ഞാറൻ മേഖലകൾ കേന്ദ്രീകരിച്ചായിരിക്കുമിത്. ഉത്തരാഖണ്ഡിലും ഹിമാചൽ പ്രദേശിലും ഇടിയോടും മിന്നലോടും കൂടിയ കൊടുങ്കാറ്റുണ്ടാകാൻ സാധ്യതയുണ്ട്.
മുന്നറിയിപ്പിനെ തുടർന്ന് ഹരിയാനയില്‍ ഇന്നും നാളെയും സർക്കാർ, സ്വകാര്യ സ്കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചു. പൊടിക്കാറ്റിനെയും കൊടുങ്കാറ്റിനെയും നേരിടാനുള്ള സുരക്ഷാ മാർഗങ്ങൾ ഹരിയാന റവന്യൂ ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് ഡിപ്പാർട്ട്മെന്റ് മുന്നറിയിപ്പായി നൽകിയിട്ടുണ്ട്.