Kerala

300 കോടി ചെലവില്‍ പത്മനാഭന്‍റെ നിധിശേഖര പ്രദര്‍ശനശാലയ്ക്ക് വഴിയൊരുങ്ങുന്നു

ശ്രീപത്മനാഭസ്വാമി ക്ഷേത്രനിലവറകളിലെ അമൂല്യനിധിയുടെ പ്രദര്‍ശനശാലയ്ക്ക് വഴിയൊരുങ്ങുന്നു. 300 കോടി രൂപ മുടക്കി നിധിയുടെ പ്രദർശനശാലയൊരുക്കാനുള്ള നിർദേശം മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനവും തിരുവനന്തപുരത്തെ വിവിധ സംഘടനകളുമായി ചർച്ച ചെയ്തു.

സുപ്രീം കോടതിയുടെയും തിരുവിതാംകൂർ രാജകുടുംബത്തിന്‍റെയും അനുവാദം ലഭിച്ചാൽ പദ്ധതിയുമായി മുന്നോട്ടുപോകാമെന്ന നിലപാടാണ് ചര്‍ച്ചയ്ക്കു ശേഷം എടുത്തത്.  പത്മനാഭസ്വാമി ക്ഷേത്രത്തിനു സമീപം പ്രദർശനശാലയൊരുക്കാമെന്ന നിർദേശം ചര്‍ച്ചയില്‍ മുന്നോട്ടുവെച്ചു. ലോകത്തു ലഭ്യമായ ഏറ്റവും ശാസ്ത്രീയമായ സുരക്ഷയൊരുക്കുന്നതുൾപ്പെടെ 300 കോടിരൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. സന്ദർശകരിൽ നിന്നു മാത്രം പ്രതിവർഷം 50 കോടിരൂപയുടെ വരുമാനമുണ്ടാകുമെന്നും വിലയിരുത്തുന്നു.

കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രീസ്, ചേംബർ ഓഫ് കൊമേഴ്സ്, ട്രിവാൻഡ്രം സിറ്റി കണക്ട്, ട്രിവാൻഡ്രം അജൻഡ ടാസ്ക് ഫോഴ്സ്, കോൺഫെഡറഷൻ ഓഫ് ടൂറിസം ഇൻഡസ്ട്രീസ് എന്നിവരുടെ നേതൃത്വത്തില്‍ കരടുപദ്ധതിക്കു രൂപംനൽകി. നിധിപ്രദർശനം കേരളത്തിന്‍റെ വിനോദസഞ്ചാരമേഖലയുടെ കുതിപ്പിനു വഴിയൊരുക്കും.

സുപ്രീം കോടതിയുടെയും സംസ്ഥാന സർക്കാരിന്‍റെയും രാജകുടുംബത്തിന്‍റെയും അനുമതിയുണ്ടെങ്കിൽ ഫണ്ട് അനുവദിക്കാൻ തടസ്സമില്ലെന്ന് കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനം ഉറപ്പുനല്‍കി. മറ്റുഅനുമതികൾ ലഭിച്ചാൽ സംസ്ഥാന സർക്കാരിന്‍റെ പൂർണസഹകരണം മുഖ്യമന്ത്രി വാഗ്ദാനം ചെയ്തു. ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനുമായും സംഘടനാനേതാക്കൾ ചർച്ച നടത്തി. രാജകുടുംബത്തിന്‍റെ അനുമതിയോടെ വിശദമായ പദ്ധതി രൂപരേഖ തയാറാക്കി സുപ്രീം കോടതിയെയും കേന്ദ്ര, സംസ്ഥാന സർക്കാരുകളെയും സമീപിക്കാനാണ് സംഘടനകളുടെ തീരുമാനം.

പത്മനാഭസ്വാമിയുടെ നിധിശേഖരം

പത്മനാഭസ്വാമി ക്ഷേത്രത്തിലെ എ, ബി, സി, ഡി, ഇ, എഫ് എന്നിങ്ങനെ ആറു നിലവറകളിലായാണ് നിധിശേഖരം സൂക്ഷിച്ചിരിക്കുന്നത്. ആയിരക്കണക്കിനു സ്വർണമാലകൾ, അമൂല്യ രത്നങ്ങൾ, 1500 സ്വർണ കലശക്കുടങ്ങൾ, രത്നങ്ങൾ പതിച്ച കിരീടം, രത്നങ്ങളാൽ കവചിതമായ ചതുർബാഹു അങ്കി, സ്വർണമണികൾ, സ്വർണദണ്ഡുകൾ, 750 കിലോ സ്വർണനാണയങ്ങൾ എന്നിവ എ, സി, ഡി, ഇ, എഫ് എന്നീ നിലവറകളിലുണ്ട്. ബി നിലവറ ഇനിയും തുറന്നിട്ടില്ല.