Middle East

പുരാവസ്തു ടൂറിസം പദ്ധതിയുമായി സൗദി: മദായിന്‍ സാലെ താല്‍ക്കാലികമായി അടച്ചു

ലോകപൈതൃക പട്ടികയില്‍ സ്ഥാനം പിടിച്ച സൗദിയിലെ മദായിന്‍ സാലെ ഉള്‍പ്പെടുന്ന അല്‍ ഉലയിലെ ചരിത്രപ്രാധാന്യമുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ പുരാവസ്തു പര്യവേഷണത്തിനായി സമഗ്ര പദ്ധതിക്ക് തുടക്കം കുറിച്ചു. അല്‍ ഉല റോയല്‍ കമ്മീഷനാണ് പദ്ധതിക്ക് നേതൃത്വം നല്‍കുന്നത്.

2020ല്‍ പദ്ധതി തീരും വരെ ഈ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടും. സൗദി അറേബ്യയുടെ വിഷന്‍ 2030 പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ നവീകരിക്കുന്നത്. പുരാവസ്തു സംരക്ഷണം, പുരാവസ്തു ഗവേഷണം, വിനോദ സഞ്ചാരമേഖല വികസനം എന്നിവയ്ക്കായി അന്തര്‍ദേശീയ തലത്തില്‍ സഹകരണം തേടാന്‍ സൗദി ടൂറിസം വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് അല്‍ഉല റോയല്‍ കമ്മീഷന്‍ പുതിയ പദ്ധതി വിഭാവനം ചെയ്തത്.

ഈ വര്‍ഷം ലോക പൈതൃക പട്ടികയില്‍ ഇടംനേടിയ മദായിന്‍ സാലെ ജോര്‍ദാനിലെ പെട്രയിലുണ്ടായിരുന്ന നെബാത്തിയന്‍ വംശ സാമ്രജ്യത്തിന്‍റെ ഉത്തരദേശ ആസ്ഥാനമായിരുന്നു. മധ്യപൂര്‍വേഷ്യയില്‍ മറ്റെങ്ങും കാണാത്ത മരുഭൂമിയും പാറകളും ഈ പ്രദേശത്തെ വേറിട്ടതാക്കുന്നു. പാറകള്‍ തുരന്നുണ്ടാക്കിയ 2000ത്തിലധികം വര്‍ഷം പഴക്കമുള്ള ലിഹാനിയന്‍- നെബാത്തിയന്‍ സമുച്ചയങ്ങള്‍ വിസ്മയിപ്പിക്കുന്നതാണ്.

മണലില്‍ പുതഞ്ഞുകിടക്കുന്ന ഈ പ്രദേശത്തെക്കുറിച്ച് 1876ല്‍ യൂറോപ്യന്‍ സഞ്ചാരിയായ ചാള്‍സ് ഡോട്ടിയാണ് പുറംലോകത്തെ അറിയിക്കുന്നത്. ശവകുടീരങ്ങളും താമസസ്ഥലങ്ങളും സംഭരണശാലകളും മറ്റുമായി നിരവധി സമുച്ചയങ്ങളാണ് മദാലിന്‍ സാലിഹിലെ മരുഭൂമിയില്‍ ചിതറിക്കിടക്കുന്നത്. അത്യാധുനിക സാങ്കേതികവിദ്യകളും വിദഗ്ധ സംഘവും പുനപര്യവേഷണത്തിനായി തയ്യാറായിട്ടുണ്ടെന്ന് സൗദി ടൂറിസം അറിയിച്ചു.