ബേക്കല്‍-റാണിപുരം ടൂറിസത്തിനായി സ്കൈ വേ വരുന്നു
ബേക്കല്‍-റാണിപുരം വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധപ്പെടുത്തി സ്കൈവേ ബസ് പദ്ധതി എന്ന ആശയവുമായി കാണിയൂര്‍ റെയില്‍ പാതയുടെ ഉപജ്ഞാതാവ് മാലക്കല്ല് സ്വദേശി എന്‍ജിനീയര്‍ ജോസ് കൊച്ചിക്കുന്നേല്‍.
ജില്ലാ ടൂറിസം വികസനവുമായി ബന്ധപ്പെട്ട് കാസര്‍കോട് വിളിച്ചുചേര്‍ത്ത യോഗത്തിലാണ് കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനത്തിന് പദ്ധതിയുടെ വിശദ പദ്ധതി റിപ്പോര്‍ട്ട് ജോസ് കൊച്ചിക്കുന്നേല്‍ സമര്‍പ്പിച്ചത്.
ബേക്കലില്‍ നിന്ന് ആകാശമാര്‍ഗം പ്രകൃതി സൗന്ദര്യം ആസ്വദിച്ചുകൊണ്ട് റാണിപുരത്തേക്ക് ചുരുങ്ങിയ ചെലവില്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്ന തരത്തിലുള്ള യാത്രാ മാര്‍ഗമാണു നിര്‍ദേശിച്ചിട്ടുള്ളത്. വിദേശ രാജ്യങ്ങളില്‍ ഇത്തരം സംവിധാനങ്ങള്‍ വിജയകരമായി സര്‍വീസ് നടത്തുന്നുണ്ട്.
പാണത്തൂര്‍ പാതയ്ക്ക് സമാന്തരമായി പാതയോരത്ത് കോണ്‍ക്രീറ്റ് തൂണുകള്‍ സ്ഥാപിച്ച് സ്റ്റീല്‍ റോപ്പ് ഘടിപ്പിച്ചാണ് ബസ് സര്‍വീസ് നടത്തുന്നത്. ഇതിനു റോഡ് നിര്‍മിക്കുന്നതിന്റെ പത്തിലൊന്ന് നിര്‍മാണ ചെലവ് മാത്രമാണു വരുന്നത്. സ്ഥലം ഏറ്റെടുക്കേണ്ടെന്ന പ്രത്യേകതയുമുണ്ട്.
സോളര്‍ വൈദ്യുതിയിലാണ് പ്രവര്‍ത്തനം. മണിക്കൂറില്‍ 500 കിലോമീറ്റര്‍ വേഗത്തില്‍ വരെ ഇത്തരം വാഹനത്തിന് സഞ്ചരിക്കാനാകും. റാണിപുരത്തിന്റെ വശ്യസൗന്ദര്യം ആവോളം ആസ്വദിക്കാന്‍ ഇതു മൂലം സഞ്ചാരികള്‍ക്കാകും. റോഡിലെ ഗതാഗതത്തിരക്കും ബാധകമാകില്ല. പദ്ധതി നിലവില്‍ വന്നാല്‍ ജില്ലയിലെ ടൂറിസം വികസനത്തിന് മുതല്‍ക്കൂട്ടാകുമെന്നാണ് പ്രതീക്ഷ.