സെ അല്‍ സലാം റോഡിന്റെ രണ്ടാംഘട്ട ഉദ്ഘാടനം 14ന്

പ്രകൃതി സ്‌നേഹികളായ പ്രവാസികളുടെ പ്രിയപ്പെട്ട ഇടമായ അല്‍ ഖുദ്രിയിലെ സെ അല്‍ സലാം റോഡിന്റെ രണ്ടാം ഘട്ടം പൂര്‍ത്തിയായി. ഈ മാസം 14ന് യാത്രക്കാര്‍ക്കായി തുറന്ന് കൊടുക്കും.

അല്‍ഖുദ്ര റൗണ്ട് എബൗട്ടില്‍നിന്ന് ദുബായ്-അല്‍ ഐന്‍ റോഡ് ഇന്റര്‍സെക്ഷനിലേക്കുള്ള 20 കിലോമീറ്റര്‍ റോഡാണ് രണ്ടാം ഘട്ടത്തില്‍ യാഥാര്‍ഥ്യമാക്കിയത്

അല്‍ഖുദ്ര റൗണ്ട് എബൗട്ടില്‍നിന്ന് ഇരുദിശകളിലേക്കും രണ്ട് ലെയ്നോട് കൂടിയ റോഡും പരിസരത്ത് സൈക്കിള്‍ ട്രാക്കുമാണ് പണിതീര്‍ത്തിരിക്കുന്നതെന്ന് ആര്‍.ടി.എ. ചെയര്‍മാന്‍ മത്തര്‍ അല്‍ തായര്‍ അറിയിച്ചു.

അല്‍ ലിസൈലിയും അല്‍ മര്‍മൂമിനെയും ബന്ധിപ്പിച്ചുകൊണ്ടുള്ളതാണ് പുതിയ റോഡ്. വിവിധ ഇന്റര്‍സെക്ഷനുകളിലായി ഒമ്പത് റൗണ്ട് എബൗട്ടുകളും പണിതിട്ടുണ്ട്.

ഒട്ടകങ്ങള്‍ക്കായി രണ്ടും കുതിരകള്‍ക്കായി രണ്ടും വീതം റോഡ് ക്രോസിങ്ങുകളും പണിതീര്‍ത്തിട്ടുണ്ട്. സൈക്കിള്‍ യാത്രക്കാര്‍ക്കായി വേറൊരു ക്രോസ് റോഡുമുണ്ട്.

അല്‍ ലിസൈലിയിലെ ജനവാസകേന്ദ്രങ്ങളില്‍ സര്‍വീസ് റോഡുകള്‍, കാര്‍ പാര്‍ക്കുകള്‍, ഷെല്‍ട്ടറോടു കൂടിയ ബസ് സ്റ്റോപ്പുകള്‍ എന്നിവയും പദ്ധതിയുടെ ഭാഗമാണ്.