News

ടൂറിസ്റ്റുകൾക്ക് മതിയായ സുരക്ഷ ഉറപ്പാക്കും: മന്ത്രി കടകംപള്ളി സുരേന്ദ്രൻ

കേരളത്തിലെത്തുന്ന വിനോദ സഞ്ചാരികൾക്ക്  മതിയായ സുരക്ഷ ഉറപ്പാക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കോവളത്ത് മരണപ്പെട്ട ലാത്വിയൻ വനിതക്ക് ആദരമർപ്പിച്ച് കനകക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന സ്നേഹസംഗമത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

അസാധാരണമായ കൂട്ടായ്മയ്ക്കാണ്  നിശാഗന്ധി ഓഡിറ്റോറിയം സാക്ഷ്യം വഹിച്ചത്. നിശാഗന്ധിയുടെ ചരിത്രത്തിൽ എന്നെങ്കിലും ഇത്തരം ഒരു കൂട്ടായ്മ നടന്നതായി തനിക്ക് അറിയില്ലെന്നും മന്ത്രി പറഞ്ഞു. ഇതൊരു മഹത്തായ ഒത്തുചേരലാണ്. ചിലരുടെ കെണിയിൽ അകപ്പെട്ട് അതിക്രൂരമായാണ് അവർ കൊലചെയ്യപ്പെട്ടത്. ദൈവത്തിന്റെ സ്വന്തം നാടിനു  തല കുനിച്ച് നിൽക്കേണ്ടി വന്നുവെന്നും മന്ത്രി പറഞ്ഞു.

മറ്റു സംസ്ഥാനങ്ങളിൽ ഇത്തരം സംഭവങ്ങൾ  ഉണ്ടായിട്ടുണ്ടെങ്കിലും കേരളം വേറിട്ട് നിന്നിരുന്നു. വ്യക്തമായ തെളിവുകളോടെ  കുറ്റവാളികളെ പിടികൂടാൻ നമുക്ക് സാധിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ടൂറിസം കേന്ദ്രങ്ങളിൽ ശക്തമായ സുരക്ഷ ഒരുക്കാൻ പൊലീസിന് നിർദേശം നൽകിയതായും മന്ത്രി അറിയിച്ചു. വിദേശ യുവതിയുടെ സഹോദരി ഇലീസയുടെ സഹോദരീ സ്നേഹത്തിനു മുന്നിൽ കേരളമാകെ പ്രണാമം അർപ്പിക്കുന്നു.

യുവതിയുടെ മൃതദേഹം ജന്മനാട്ടിലേക്ക്  കൊണ്ടുപോകാനുള്ള എല്ലാ ഏർപ്പാടുകളും സർക്കാർ വാഗ്ദാനം ചെയ്തിരുന്നതാണ്. എന്നാൽ ചിതാഭസ്മവുമായി നാട്ടിലേക്ക് മടങ്ങാനുള്ള  ആഗ്രഹമാണ് ഇലീസ് പ്രകടിപ്പിച്ചത്. അതു പ്രകാരമാണ് ശാന്തി കവാടത്തിൽ ദഹിപ്പിച്ചതെന്നും മന്ത്രി പറഞ്ഞു. ഇതേപോലൊരു ദുരനുഭവം ആവർത്തിക്കില്ലെന്ന് നമുക്ക് ഒന്നിച്ച് പ്രതിജ്ഞയെടുക്കാമെന്ന് പറഞ്ഞാണ്  മന്ത്രി സംസാരം അവസാനിപ്പിച്ചത്.

വിദേശവനിതയെ കാണാതായ നിമിഷം മുതൽ  സഹോദരിക്കു വേണ്ടി സ്വന്തം നിലയ്ക്കുള്ള അന്വേഷണത്തിലായിരുന്നു ഇലീസ. എല്ലാവരും ഇലീസക്കൊപ്പം നിന്നു. സർക്കാരും ടൂറിസം വകുപ്പും പൊതുജനങ്ങളും മാധ്യങ്ങളുമടക്കം കേരള സമൂഹം ഒന്നടങ്കം ആ സഹോദരിമാർക്കൊപ്പം നിന്നുവെന്ന്  സം സ്ഥാന ടൂറിസം സെക്രട്ടറി റാണി ജോർജ് പറഞ്ഞു.

തന്റെ സഹോദരിയോടുള്ള  സ്നേഹവും കരുതലുമാണ് ഇവിടെ  കൂടിയിട്ടുള്ള മനുഷ്യരുടെയാകെ മുഖങ്ങളിൽ താൻ കാണുന്നതെന്ന് ഇലീസ പറഞ്ഞു. ചെറുതോ വലുതോ ആയ സഹായങ്ങൾ എല്ലാവരും ചെയ്തു. അതിന് എല്ലാവരോടും നന്ദിയും സ്നേഹവും കടപ്പാടും അറിയിക്കുന്നതായും ഇലീസ പറഞ്ഞു.  ലാത്വിയൻ റിപ്പബ്ലിക്ക് കോൺസുലർ അന്ന വോൾട്ടറെ, മരണപ്പെട്ട യുവതിയുടെ ഭർത്താവ് ആൻഡ്രൂ, അയാട്ട സീനിയർ വൈസ് പ്രസിന്റ്  ഇഎം നജീബ്  സംസാരിച്ചു.

യുവതിയുടെ സ്മരണക്കായി ടൂറിസം മന്ത്രിയും സഹോദരി ഇലീസയും ഭർത്താവ് ആൻഡ്രൂവും ചേർന്ന് നിശാഗന്ധിക്കു മുന്നിൽ ഇലഞ്ഞിമരം നട്ടു. പ്രശസ്ത സംഗീതജ്ഞരായ നവീൻ ഗന്ധർവ്, റോജോ ആന്റണി എന്നിവർ യുവതിക്ക് ആദരസൂചകമായി സംഗീതാർച്ചന സമർപ്പിച്ചു